ന്യൂഡല്‍ഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറുകളും പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെ ന്യായീകരിച്ച് ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട പത്ത് ഐ.എസ് ഭീകരരെ അറസ്റ്റു ചെയ്യാന്‍ എന്‍.ഐ.എയെ സഹായിച്ചത് ഈ നിര്‍ദ്ദേശമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അപകടകാരികളായ ഭീകരവാദികളെ കീഴടക്കിയ എന്‍.ഐ.എയ്ക്ക് അഭിനന്ദനങ്ങള്‍. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയങ്ങളില്‍ കടന്നുചെല്ലാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ എന്‍.ഐ.എയ്ക്ക് ഇത് സാധ്യമാവുമായിരുന്നുവോ?- ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള്‍ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും അവസരം നല്‍കുന്ന പുതിയ ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുല്‍ഗാന്ധിയും ചിദംബരവും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
രാജ്യത്തെ പ്രമുഖ വ്യക്തികളെ വധിക്കാനും വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ട 10 ഐ.എസ്. ഭീകരരെ ബുധനാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും 17 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
പ്രാദേശികമായി നിര്‍മിച്ച റോക്കറ്റ് ലോഞ്ചര്‍, 25 കിലോ സ്ഫോടകവസ്തു ശേഖരം, ഏഴു പിസ്റ്റളുകള്‍, 112 അലാറം ക്ലോക്കുകള്‍, പൈപ്പ് ബോംബുണ്ടാക്കുന്നതിനുള്ള പൈപ്പുകള്‍, ഏഴരലക്ഷം രൂപ, 100 മൊബൈല്‍ ഫോണുകള്‍, 135 സിം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, മെമ്മറി കാര്‍ഡുകള്‍, ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വിദേശ ഭീകരവാദ സംഘങ്ങളുമായി ഇവര്‍ നിരന്തരം ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍.ഐ.എ വെളിപ്പെടുത്തിയിരുന്നു.
'ദേശീയ സുരക്ഷയും പരമാധികാരവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജനങ്ങളുടെ ജീവിതവും വ്യക്തിസ്വാതന്ത്ര്യവും ഒരു ശക്തമായ ജാധിപത്യ രാജ്യത്ത് മാത്രമേ പുലരുകയുള്ളു. ഭീകരവാദത്തിന് മേല്‍ക്കൊയ്മയുള്ള ഒരു രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഉണ്ടാവില്ല.' - ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പുതിയ ഉത്തരവിനെ വിമര്‍ശിച്ച് ഇന്ത്യ ഓര്‍വെല്ലിയന്‍ രാജ്യമാവുകയാണെന്ന പി ചിദംബരത്തിന്റെ പ്രസ്താവനെയെയും അദ്ദേഹം പരിഹസിച്ചു. 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍ ജോര്‍ജ് ഓര്‍വെല്‍ ജനിച്ചിരുന്നില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചേദ്യം.
content highlights: Arun Jaitley lauds NIA, defends snooping order