ന്യൂഡല്‍ഹി: ഡല്‍ഹി പട്യാലഹൗസ് കോടതി വളപ്പിലെ സംഭവങ്ങളില്‍ സുപ്രീംകോടതി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചംഗ അഭിഭാഷക സമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പട്യാല ഹൗസ് കോടതിവളപ്പിലേക്ക് അയച്ചു. കപില്‍ സിബല്‍, രാജീവ് ധവാന്‍, എ.ഡി.എന്‍ റാവു, ദുഷ്യന്ത് ദാവെ, ഹിരേണ്‍ റാവത്ത്, ഇന്ദിര ജയിസിങ് എന്നിവരാണ് അഭിഭാഷക സംഘത്തിലുള്ളത്.
കോടതിവളപ്പില്‍ കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടുവെന്ന വിവരം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയിസിങ് സുപ്രീംകോടതിയെ ധരിപ്പിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും അവരുടെ ഉദ്യോഗമോ പദവിയോ ഒന്നും നോക്കാതെ കര്‍ശന നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ക്രമസമാധാനനിലയെക്കുറിച്ച് ആശങ്കയുണ്ടെന്ന പരാമര്‍ശവും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായി
കനയ്യകുമാറിനെ ഹാജരാക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിക്കൊണ്ടാണ് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. കോടതിയിലേക്ക് കൊണ്ടുവന്ന കനയ്യകുമാറിനെ ഒരുവിഭാഗം അഭിഭാഷകര്‍ നിലത്തിട്ട് ചവിട്ടി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.
അഭിഭാഷക സമിതി പട്യാല ഹൗസ് കോടതിയിലെത്തിയപ്പോള്‍ സമിതിയിലുള്ള കപില്‍ സിബലിനെതിരെ കോടതിക്കുള്ളില്‍ വച്ച് രൂക്ഷമായ മുദ്രാവാക്യം വിളികളുണ്ടായി.