കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തിരിമറി നടന്നിട്ടുള്ളതായി സംശയമുന്നയിച്ച് ബിജെപി നേതാവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ എന്തു തിരിമറിയും നടത്താന്‍ സാധിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറിയും ബംഗാളിലെ പ്രമുഖ നേതാവുമായ രാഹുല്‍ സിന്‍ഹ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലും ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതായി രാഹുല്‍ സിന്‍ഹ ആരോപിച്ചു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെങ്കിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാന ഭരണകൂടമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് എന്തും ചെയ്യാന്‍ സാധിക്കും", അദ്ദേഹം ആരോപിച്ചു.
വോട്ടെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീന്റ കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് എന്തും ചെയ്യാന്‍ സാധിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെണ്ണലില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കളികള്‍ നടത്തിയിട്ടുണ്ടോ എന്നു സംശയമുണ്ടെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കലിയാഗഞ്ച്, ഖരഗ്പുര്‍ സര്‍ദാര്‍ മണ്ഡലങ്ങളില്‍ ബിജെപി വലിയ ഭൂരിപക്ഷം നേടിയിരുന്നതാണ്. മാത്രമല്ല, 2016ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടിരിക്കുന്നു. ഖരഗ്പുരില്‍ ചരിത്രത്തില്‍ ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. മൂന്നു മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നായിരുന്നു പൊതുജനങ്ങളും മാധ്യമങ്ങളുമെല്ലാം കരുതിയിരുന്നത്. അതാണ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടാകാമെന്ന് സംശയിക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.
ബംഗാളില്‍ കലിയഗഞ്ച്, ഖരഗ്പുര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് സീറ്റായ കരിംപുരില്‍ വിജയിച്ചതിനൊപ്പം ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുക്കുയും ചെയ്തിരുന്നു. ബിജെപിയുടെ ഖരഗ്പുരും കോണ്‍ഗ്രസിന്റെ കലിയഗഞ്ചുമാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
Content Highlights: Anything can be done with EVMs: BJP suspects foul play in Bengal bypolls