പൂണെ: ദളിതരെയും മുസ്ലീങ്ങളെയും ഏകോപിപ്പിച്ച് ബ്രാഹ്മണ്യ മോധാവിത്വത്തിനെതിരേയും സവര്‍ണ ഹിന്ദു ശക്തികള്‍ക്കെതിരേയും നീക്കം നടത്താനായിരുന്നു അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നീക്കമെന്ന് പോലീസ് . അറസ്റ്റിനെ ന്യായീകരിച്ച് പൂണെ പോലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജൂണില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ഇതു സംബന്ധിച്ച രഹസ്യരേഖ ലഭിച്ചതെന്നാണ് പോലീസ് ഭാഷ്യം.
എ പ്രപ്പോസല്‍ ഫോര്‍ ഇനിഷ്യേറ്റിങ് ഓള്‍ ഇന്ത്യാ ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന പേരിലുള്ള രേഖയിലാണ് സവര്‍ണ ഹിന്ദുക്കള്‍ക്കെതിരെ സായുധ പോരാട്ടത്തിന് ദളിതരെയും മുസ്ലീങ്ങളെയും സജ്ജരാക്കനുള്ള മാവോയിസ്റ്റുകളുടെ പദ്ധതിയെക്കുറിച്ച് പരാമര്‍ശമുള്ളതെന്നാണ് പോലീസ് പറയുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമെല്ലാം ഇതനുസരിച്ചുള്ള രഹസ്യപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരും ഈ നീക്കങ്ങളുടെ ഭാഗമാണെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.
ദക്ഷിണ തമിഴ്‌നാട്ടിലും ഗുജറാത്തിലും ദളിതരെയും കേരളത്തില്‍ മുസ്ലീങ്ങളെയും ഏകോപിപ്പിക്കുന്നതില്‍ വിജയിച്ചതായും അവര്‍ക്ക് പരിശീലനം നല്കുന്നതായും രേഖയിലുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ഇരുവിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് ശക്തിപകരുമെന്നും രേഖ പറയുന്നതായി പോലീസ് അറിയിച്ചു.
സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ഈസ്‌റ്റേണ്‍ റീജിയണല്‍ ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിസംബര്‍ 21നും 24നും ഇടയിലായിരുന്നു യോഗം കൂടിയത്. 2014ല്‍ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപി അധികാരത്തിലേറിയതോടെ സവര്‍ണഫാസിസ്റ്റ് ശക്തികള്‍ പ്രബലരായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാവോയിസ്റ്റുകളെ എത്തിച്ചതെന്നും രേഖയില്‍ പറയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല പവാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Content Highlights: Anti-fascist front,militant Dalit & Muslim forces,CPI Mavoist, Five activists arrested