ന്യൂഡല്‍ഹി: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും കുടുംബവും താമസിച്ച വീട്ടിലേക്ക് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി വീണ്ടുമെത്തി. പക്ഷെ തന്റെ ബാല്യം ചിലവഴിച്ച വീട് ഇന്നൊരു കടയായി മാറ്റിയത് കണ്ടതോടെ സ്മൃതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ടി.വി പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന് വേണ്ടിയായിരുന്നു സ്മൃതിയുടെ സന്ദര്‍ശനം.
ഏക്താ കപൂറിന്റെ എ.എല്‍.ടി ബാലാജി എന്ന വീഡിയോ ചാനലില്‍ വരാന്‍ പോകുന്ന 'ഹോം' എന്ന സീരിസിന്റെ പ്രചരണാര്‍ത്ഥമായിരുന്നു സന്ദര്‍ശനം. ചാനല്‍ ചര്‍ച്ചകളിലും പാര്‍ലമെന്റിലും പൊട്ടിത്തെറിക്കുന്ന സ്മൃതി ഇറാനി കണ്ണുകള്‍ നിറച്ച് തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഏക്താ കപൂറാണ് വീഡിയോ പുറത്തുവിട്ടത്.
ഗുരുഗ്രാമിലെ പഴയ താമസ്ഥലത്ത് എത്തിയ സ്മൃതി അവിടുത്തെ താമസക്കാരുമായി സംസാരിക്കുന്നതും ചിലരെ തിരിച്ചറിയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തന്റെ വീടിന്റെ സ്ഥാനത്ത് പുതിയ കട കാണുന്നതോടെ സ്മൃതി കരയുകയായിരുന്നു. 'ഒരിക്കല്‍ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷെ കയ്‌പേറിയതും മധുരമുള്ളതുമായ ഓര്‍മകളിലൂടെയുള്ള യാത്ര തന്നെയാണ് ജീവിതം' - ഏക്ത വീഡിയോക്ക് താഴെ കുറിച്ചു.
തന്റെ പ്രിയപ്പെട്ട വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി മടങ്ങിയത്. പഴയകാലത്തിലേക്കും ഓര്‍മകളിലേക്കുമുള്ള തിരിച്ചുനടത്തമായിരുന്നു ഈ യാത്രയെന്ന് സ്മൃതിയും ട്വീറ്റ് ചെയ്തു. വീട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓര്‍മകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേര്‍ത്തു. മുന്‍ സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീര്‍ഘകാല സുഹൃത്താണ് ഏക്താ കപൂര്‍.
ഹബീബ് ഫൈസല്‍ സംവിധാനം ചെയ്യുന്ന ഹോം കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പരമ്പരയാണ്. അന്നു കപൂര്‍, സുപ്രിയ പില്‍ഗവോങ്കര്‍, അമോല്‍ പരഷാര്‍, പരീക്ഷിത് സാഹ്നി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
content highlights: An Emotional Smriti Irani Visits Her Home After Years