അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സെപ്റ്റംബര്‍ 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത്ഷായെ വിസ്തരിക്കുന്നതിന് കോദ്‌നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ് കോദ്‌നാനി കോടതിയെ അറിയിച്ചത്.
ഇന്ന് കേസ് പരിഗണിച്ച കോടതി അമിത് ഷായോട് നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്നാനിയുടെ അഭിഭാഷകന് കൈമാറി. അമിത് ഷായുടെ അഹമ്മദാബാദിലെ വിലാസത്തില്‍ അയക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
97 പേരെ കൊലപ്പെടുത്തിയ നരോദപാട്യ കൂട്ടക്കൊലയില്‍ മായയെ നേരത്തെ 28 വര്‍ഷം തടവിന് ശിക്ഷിച്ചതാണ്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇവര്‍ക്ക് സ്ഥിരജാമ്യം നല്‍കി. ഈ കേസിന്റെ അപ്പീലില്‍ ഹൈക്കോടതി വാദം കേട്ട് വിധി പറയാന്‍ വെച്ചിരിക്കുകയാണ്.
നരോദഗാം കേസില്‍ നാലു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം കൊടുത്തിരുന്നു. കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കൊദ്നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ.
നരോദഗാമില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ നിയമസഭയിലായിരുന്നു എന്നതിന് സാക്ഷി പറയാനാണ് മായ, അന്ന് എം.എല്‍.എ. ആയിരുന്ന അമിത്ഷായെ ഹാജരാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഷായെ തനിക്ക് സാക്ഷി പറയാനായി കോടതിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഈ മുന്‍മന്ത്രി.