രത്ലം( മധ്യപ്രദേശ്): മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയായിരിക്കെ വിദേശയാത്രയ്ക്ക് മന്മോഹന് പോയത് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് അമിത് ഷാ പറഞ്ഞു.
മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മന്മോഹന് സിങ്ങിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തുവന്നത്.
മൗനി ബാബയായ മന്മോഹന് സിങ്ങും ധാരാളം വിദേശയാത്രനടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നല്‍കിയിട്ടുള്ള കുറേ പേപ്പറുകളുമായി വിദേശത്തേക്ക് പോകും. എന്നിട്ട് അവിടെ അത് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തില്‍ മലേഷ്യയില്‍ വായിക്കേണ്ട പ്രസംഗം തായ്ലാന്ഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.
എന്നാല്‍ മോദി വിദേശത്തേക്ക് പോവുകയാണെങ്കില്‍ അവിടങ്ങളില്‍ നിരവധി ആളുകളാണ് മുദ്രാവാക്യങ്ങള്‍ വിളിച്ച് തടിച്ചുകൂടുന്നത്. മോദിക്കുവേണ്ടിയോ ബിജെപിക്ക് വേണ്ടിയോ അല്ല അവര്‍ മുദ്രാവാക്യങ്ങളുയര്‍ത്തുന്നത്. 125 കോടിവരുന്ന ഇന്ത്യക്കാര്‍ക്കുള്ള ബഹുമാനമാണ് അവര്‍ നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: Politics, Madhya pradesh, Amit Sha, Manmohan Singh, BJP, Congress