ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വിവാദ പ്രസ്താവനയുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഡല്‍ഹിയിലെ 'നുഴഞ്ഞുകയറ്റക്കാരും കുടിയേറ്റക്കാരു'മാണ് മോദിയും അമിത് ഷായുമെന്ന് ചൗധരി ആരോപിച്ചു.
ഗുജറാത്തില്‍ വീടുകളുള്ള ഇരുവരും ഇപ്പോള്‍ ജീവിക്കുന്നത് ഡല്‍ഹിയിലാണെന്നും അതിനാല്‍ ഇവര്‍ കുടിയേറ്റക്കാരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യ ആരുടെയും സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ ബില്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നതിനിടയിലായിരുന്നു ചൗധരിയുടെ പരാമര്‍ശം.
'ഇന്ത്യ എല്ലാവരുടേതുമാണ്. ഈ രാജ്യം ആരുടെയെങ്കിലും സ്വത്താണോ? ഈ രാജ്യത്ത് എല്ലാവര്‍ക്കും അവകാശമുണ്ട്. അമിത് ഷാ ജിയും പ്രധാനമന്ത്രി മോദിജിയും പോലും കുടിയേറ്റക്കാരാണ്. നിങ്ങളുടെ വീടുകള്‍ ഗുജറാത്തിലാണെങ്കിലും നിങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലല്ലേ താമസിക്കുന്നത്. അതിനാല്‍ നിങ്ങളും കുടിയേറ്റക്കാരാണ്'- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കുമെന്നുള്ള അമിത് ഷായുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചൗധരിയുടെ പരാമര്‍ശം. ആദ്യഘട്ടമെന്ന നിലയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ അസമില്‍ അന്തിമ പട്ടിക വന്നപ്പോള്‍ 19 ലക്ഷം ആളുകള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു.
Content Highlights: Amit Shah and PM Modi are intruders in Delhi says Congress leader Adhir Ranjan Chowdhury
Share this Article
Related Topics