കൊല്‍ക്കത്ത: ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതയ്ക്കാന്‍ വേണ്ടിയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ഇതിനുമുന്‍പ് ഇത്തരത്തില്‍ ജയ്ശ്രീറാം മുഴക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതക്കാനായാണ് ഈ മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ജാദവ്പുര്‍ സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ്ശ്രീറാം മുദ്രാവാക്യത്തിന് ബംഗാളി സംസ്‌കാരവുമായി ഒരു ബന്ധവുമില്ല. ഇതിനുമുന്‍പ് ബംഗാളില്‍ രാമനവമി ആഘോഷിച്ചിരുന്നതായി എനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ രാമനവമി ആഘോഷങ്ങള്‍ക്ക് ഏറെ പ്രശസ്തി ലഭിച്ചിരിക്കുന്നു. എന്റെ നാലുവയസ്സുള്ള പേരക്കുട്ടിയോട് അവളുടെ ഇഷ്ടദേവന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. ദുര്‍ഗ എന്നായിരുന്നു അവളുടെ മറുപടി. ദുര്‍ഗാദേവിയുടെ പ്രധാന്യം രാമനവമിയുമായി ഒരിക്കലും താരതമ്യം ചെയ്യാനാകില്ല-അമര്‍ത്യ സെന്‍ പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അമര്‍ത്യ സെന്നിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി. ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശനവുമായി രംഗത്തെത്തി. അമര്‍ത്യ സെന്നിന് ബംഗാളിനെക്കുറിച്ചറിയില്ലെന്നും ബംഗാളിലെ ഓരോ ഗ്രാമങ്ങളിലുള്ളവരും ജയ്ശ്രീറാം മുഴക്കിയിരുന്നതായും ഇപ്പോള്‍ ബംഗാള്‍ മുഴുവനും അത് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമര്‍ത്യ സെന്നിന് ബംഗാളിന്റെയും ഇന്ത്യയുടെയും സംസ്‌കാരത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നും ബി.ജെ.പി. നേതാവ് ചോദിച്ചു.
Content Highlights: amartya sen says jai shriram slogan used to beat up people