ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ അമരീന്ദര്‍ സിങ് 2015-ല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയതായി വെളിപ്പെടുത്തല്‍. തന്നെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നതായും സോണിയ ഗാന്ധി ഇടപെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയതെന്നും അമരീന്ദര്‍ സിങ്ങിന്റെ ജീവചരിത്രമായ 'ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്: ദ പീപ്പിള്‍സ് മഹാരാജ' എന്ന കൃതിയില്‍ പറയുന്നു.
തന്നെ സംസ്ഥാന കോണ്‍ഗ്രസിന്റെ തലവനാക്കിയില്ലെങ്കില്‍ തനിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരും. തന്റെ ആവശ്യങ്ങള്‍ അംഗീരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുക മാത്രമാണ് പോംവഴിയെന്ന് 2015ല്‍ രാഹുല്‍ ഗാന്ധിയോട് അമരീന്ദര്‍ നേരിട്ട് പറഞ്ഞു. താങ്കള്‍ പാര്‍ട്ടി വിട്ടാല്‍ താങ്കള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അത് വലിയ നഷ്ടമുണ്ടാക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
2014 ലില്‍ അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആദ്യം അമരീന്ദര്‍ താത്പര്യപ്പെട്ടിരുന്നില്ല. അമൃത്സറില്‍ തോല്‍ക്കുന്നതോടെ അമരീന്ദറിന്റെ രാഷ് ട്രീയ ചരമവും പാര്‍ട്ടിയിലെ എതിര്‍വിഭാഗം കണക്കുകൂട്ടി. എന്നാല്‍ രാജീവ് ഗാന്ധിയുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തി സോണിയ നേരിട്ട് തനിക്ക് വേണ്ടി മത്സരിക്കില്ലേ അമരീന്ദര്‍ എന്ന് ചോദിച്ചതായി പുസ്തകത്തില്‍ പറയുന്നു. അങ്ങനെയാണ് അമൃത്സറില്‍ അമരീന്ദര്‍ മത്സരിക്കാന്‍ തയാറാകുന്നതും ഇന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയെ അവിടെ പരാജയപ്പെടുത്തുന്നതും.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടു. പിന്നീട് പാര്‍ട്ടിയില്‍ തനിക്ക് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യത്തിനു നേരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖം തിരിച്ചു.
2013 മുതല്‍ പ്രതാപ് സിങ് ബജ്‌വ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരമായിരുന്നു ബജ്‌വയ്ക്ക് സ്ഥാനം ലഭിച്ചത്. തന്നോടുള്ള നേതൃത്വത്തിന്റെ അവഗണന അമരീന്ദര്‍ സിങ്ങിനെ പ്രകോപിതനാക്കുകയും പാര്‍ട്ടിയില്‍ ബജ്‌വയുമായുള്ള കലഹത്തിന് കാരണമാക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ അമരീന്ദര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
ഇക്കാലത്ത് ബിജെപിയുമായി അടുക്കാനും അമരീന്ദര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടന്നില്ല. രാഹുല്‍ ഗാന്ധി തന്റെ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നതില്‍ പ്രകോപിതനായ അമരീന്ദര്‍ സിങ് പ്രവര്‍ത്തകരോട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ ശക്തമായ ഇടപെടലിലൂടെ 2015 നവംബറില്‍ അമരീന്ദറിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.
ജീവചരിത്രത്തിലെ വെളിപ്പടുത്തലുകള്‍ അമരീന്ദര്‍ ശരിവെച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് ആണ് ജീവചരിത്രത്തിന്റെ രചയിതാവ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ജീവചരിത്രം പ്രകാശനം ചെയ്തത്.