ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. ഏറെ നാളായി തുടര്‍ന്നു പോന്ന രാഷ്ട്രീയ നാടകത്തിന് വിരമാമിട്ട് ശിവ്പാല്‍ യാദവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യ മൂന്നു ഘട്ടത്തില്‍ മത്സരിക്കുന്ന 191 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുന്‍ സംസ്ഥാന അധ്യക്ഷനും മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ് ജസ്വന്ത് നഗറില്‍ നിന്നാണ് മത്സരിക്കുക. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുഖ്യമന്ത്രി അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള പോര് മുലായവും മകന്‍ അഖിലേഷും തമ്മിലുള്ള തര്‍ക്കമായി ഉരുത്തിരിഞ്ഞിരുന്നു. ഇരു വിഭാഗവും പരസ്പരം പുറത്താക്കിയും അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള ഏറെ നാളായി നീണ്ടു നിന്നിരുന്ന രാഷ്ട്രീയ അന്തര്‍ നാടകത്തിനാണ് ഇപ്പോള്‍ ശിവ്പാലിനെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലൂടെ വ്യക്തത വന്നിരിക്കുന്നത്.
404 സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11,15,19 തീയതികളില്‍ നടക്കുന്ന ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പിനുള്ള പട്ടികയാണ് സമാജ്‌വാദി പാര്‍ട്ടി ഇന്ന പുറത്തിയിരിക്കുന്നത്. 404 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി 300 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. അതേ സമയം കോണ്‍ഗ്രസിന് 85 സീറ്റ് മാത്രമെ നല്‍കാനാവൂ എന്നും, അവരുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ടില്ലെന്നുമാണ് എസ്പിയുടെ ഇപ്പോഴത്തെ നിലപാട്.