ആഗ്ര: സമാജ്‌വാദി പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. ആഗ്രയില്‍ നടന്ന പാര്‍ട്ടിയുടെ ദേശിയ സമ്മേളനത്തിലാണ് അദ്ദേഹത്തെ ഐകകണ്‌ഠ്യേന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
സാധാരണ മൂന്ന് വര്‍ഷത്തേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇത്തവണ അഞ്ച് വര്‍ഷം അഖിലേഷ് അധ്യക്ഷ സ്ഥാനത്ത് തുടരും.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2022 നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നതിനാണ് അഞ്ച് വര്‍ഷത്തേക്ക് അഖിലേഷിന് അധ്യക്ഷ സ്ഥാനം നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ കാലാവധിയും അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, അഖിലേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും പിതാവായ മുലായം സിങ് യാദവും ബന്ധുവമായ ശിവ്പാല്‍ യാദവും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. സെപ്റ്റംബര്‍ 23ന് നടന്ന സംസ്ഥാന നേതൃയോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍, അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ ശിവ്പാല്‍ യാദവ് തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി അഖിലേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചതിനെ തുടര്‍ന്ന് അഖിലേഷ്- ശിവ്പാല്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.
Share this Article
Related Topics