ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായിരുന്ന മുലായം സിങ് യാദവിനെ മകൻ അഖിലേഷ് യാദവ് അടുത്തയാഴ്ച നടക്കുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അഖിലേഷ് സംഖ്യം രൂവത്കരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് മുലായം സിങ് വിട്ടുനിന്നിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് നേരിട്ടെത്തിയാണ് ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ മുലായത്തിനെ ക്ഷണിച്ചതെന്ന് എംഎല്‍സി സുനില്‍ സിങ് യാദവ് അറിയിച്ചു. മാസങ്ങള്‍ക്കു ശേഷം നടക്കുന്ന കൂടിക്കാഴ്ച അനുരഞ്ജനത്തിന്റെ ആദ്യ ചുവട് വയ്പ്പാണെന്നാണ് വിലയിരുത്തലുകള്‍.
എന്നാല്‍, ഈ മാസം 23ന് നടന്ന പാര്‍ട്ടിയുടെ ദേശിയ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ മുലായത്തിനെയും സഹോദരന്‍ ശിവ്പാല്‍ യാദവിനെയും ക്ഷണിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശിലെ പ്രദേശിക പാര്‍ട്ടിയായ ലോക് ദളിനെ ഒപ്പം കൂട്ടി മുലായം സിങ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാനൊരുങ്ങുകയായിരുന്നെന്നും അത് ഒഴിവാക്കാനാണ് അഖിലേഷ് മുലായത്തെ ദേശീയ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
എന്നാല്‍, താന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുലായം സിങ് മുമ്പ് അറിയിച്ചിരുന്നു. എന്റെ മകന്‍ എന്ന നിലയില്‍ എല്ലാ അനുഗ്രഹങ്ങലും അഖിലേഷിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രാത്തോടാണ് എനിക്ക് വിയോജിപ്പെന്നും മുലായം അഭിപ്രായപ്പെട്ടിരുന്നു.