ലഖ്‌നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. അഖിലേഷും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.
അഖിലേഷിനെ തിരിച്ചെടുത്തതായി ട്വിറ്ററിലൂടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവാണ് അറിയിച്ചത്. അഖിലേഷിനൊപ്പം പുറത്താക്കിയ രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്.
പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആകെയുള്ള 229 സമാജ് വാദി എംഎല്‍എമാരില്‍ 194 എംഎല്‍എമാര്‍ പങ്കെടുത്തു. ഇവര്‍ അഖിലേഷ് യാദവിന് പിന്തുണ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അഖിലേഷ് മുലായവുമായി കൂടിക്കാഴ്ച നടത്തിയത്.
സമാജ് വാദി പാര്‍ട്ടി നേതാവായ അസംഖാന്റെയും മഹാരാഷ്ട്ര സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും എംപിയുമായ അമര്‍സിഗിനെ പുറത്താക്കണമെന്നതായിരുന്നു അഖിലേഷ് യാദവ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് അഖിലേഷ് യാദവിനെ വെള്ളിയാഴ്ച ആറു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. സഹോദരനും മുതിര്‍ന്ന പാര്‍ട്ടിനേതാവും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും മുലായം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിറകെയായിരുന്നു പുറത്താക്കല്‍.
Share this Article
Related Topics