ന്യൂഡല്‍ഹി: യു.എ.പി.എ. ഭേദഗതി ബില്ലിന് എതിരായി വോട്ട് ചെയ്തത് മുസ്ലീം എം.പിമാര്‍ മാത്രമാണെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇതില്‍ നിരാശയുണ്ടെന്നും ഈ പ്രവണത ഗൗരവതരമായ വിഷയമാണെന്നും എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
യു.എ.പി.എ. ഭേദഗതി ബില്ലിനെ ഞാന്‍ ശക്തമായി എതിര്‍ത്തു. മൗലികാവകാശങ്ങളുടെ ലംഘനമായ അതിനെതിരെ ഞാന്‍ വോട്ട് ചെയ്തു. ഈ നിയമത്തിന്റെ പേരില്‍ നിരപരാധികള്‍ കഷ്ടപ്പെടുമ്പോള്‍ ഫിദല്‍ കാസ്‌ട്രോ പറഞ്ഞതുപോലെ ചരിത്രം എനിക്ക് മാപ്പുനല്‍കുമെന്നും ഒവൈസി പറഞ്ഞു.
യു.എ.പി.എ. നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും, അവര്‍ മാത്രമാണ് ഈ നിയമത്തിന് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരാണ് കുറ്റവാളികള്‍, അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പി.യെപ്പോലെ പെരുമാറും. എന്നാല്‍ അധികാരം നഷ്ടപ്പെടുമ്പോള്‍ അവര്‍ മുസ്ലീംങ്ങളുടെ വല്ല്യേട്ടനാകും- ഒവൈസി പറഞ്ഞു.
കഴിഞ്ഞദിവസം ലോക്‌സഭയില്‍ വോട്ടിനിട്ട യു.എ.പി.എ. ഭേദഗതി ബില്‍ എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് പാസായത്. അസദുദ്ദീന്‍ ഒവൈസി, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റൊരു എം.പി. ഇംതിയാസ് ജലീല്‍. ബി.എസ്.പി. എം.പി. ഹാജി ഫസ്ലുറഹ്മാന്‍, മുസ്ലീം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, നവാസ് ഖനി, നാഷണല്‍ കോണ്‍ഫറന്‍സ് എം.പി. ഹസ്‌നയിന്‍ മസൂദി, എ.യു.ഡി.എഫ്. എം.പി. ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷകക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
Content Highlights: aimim leader asaduddin owaisi says only muslim mps voted against uapa bill