ഇരുട്ടിനെ കീറിമുറിച്ചെത്തിയ പരിശീലനം ലഭിച്ച നായ്ക്കളും അതിനുപിന്നില്‍ യു.എസിന്റെ പ്രത്യേക കമാന്‍ഡോകളും ഒറ്റവാതിലുള്ള ആ തുരങ്കം വളഞ്ഞപ്പോള്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും അവശേഷിച്ചിരുന്നില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍, ബാരിഷ ഗ്രാമത്തെ നടുക്കി ആ കൊടുംഭീകരന്‍ സ്വയം ചിതറിത്തെറിച്ചു. ഒപ്പം അയാള്‍ മനുഷ്യകവചങ്ങളായി കൂടെക്കൂട്ടിയിരുന്ന മൂന്നുകുഞ്ഞുങ്ങളും. യു.എസിന്റെ 'കായ്‌ല മുള്ളര്‍' ഓപ്പറേഷനില്‍, വര്‍ഷങ്ങളോളം ലോകത്തെ വിറപ്പിച്ച ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അന്ത്യം ഇങ്ങനെയായിരുന്നു. ഹെലികോപ്റ്ററിലിറങ്ങിയ സൈന്യത്തിന് അയാളെ ജീവനോടെ പിടികൂടാനായില്ല.
ബാഗ്ദാദിയെ കണ്ടെത്തുന്നു
സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ ബാരിഷയിലായിരുന്നു ബാഗ്ദാദിയുടെ ഒളിത്താവളം. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍മാത്രം അകലെയാണിത്.
ബാഗ്ദാദിയുടെ അടുത്ത സഹായിയായ ഇസ്മയില്‍ അല്‍ ഏതാവിയില്‍നിന്ന് ഇറാഖ് ഇന്റലിജന്‍സിനാണ് ബാഗ്ദാദിയെക്കുറിച്ചുള്ള ആദ്യസൂചന ലഭിക്കുന്നത്. പച്ചക്കറി നിറച്ച ബസുകളില്‍ സഞ്ചരിച്ചായിരുന്നു ബാഗ്ദാദി അനുയായികളുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ഇസ്മയില്‍ തുര്‍ക്കിയുടെ പിടിയിലാകുകയും പിന്നീട് ഇറാഖിനു കൈമാറുകയും ചെയ്തതോടെ ബാഗ്ദാദിയുടെ നീക്കങ്ങള്‍ ഇയാളില്‍നിന്ന് മനസ്സിലാക്കി.
ഒരുമാസം മുമ്പാണ് ബാഗ്ദാദി ഇഡ്‌ലിബിലുണ്ടെന്ന് യു.എസ്. ഇന്റലിജന്‍സിന് വിവരം ലഭിക്കുന്നത്. കുര്‍ദ് സൈന്യവും ചില നിര്‍ണായകവിവരങ്ങള്‍ നല്‍കിയതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഒളിത്താവളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൃത്യമായി കണ്ടെത്തി.
അതേസമയം, തങ്ങളാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കുര്‍ദിഷ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ കമാന്‍ഡര്‍ മസ്‌ലോം അബ്ദി അവകാശപ്പെട്ടു.
ഓപ്പറേഷന്‍ ഇങ്ങനെ
തുര്‍ക്കി, റഷ്യ, ഇറാഖ്, സിറിയയിലെ കുര്‍ദിഷ് സൈന്യം എന്നിവര്‍ക്ക് ഏതാണ്ടൊരു സൂചന നല്‍കിയിരുന്നു. പദ്ധതിപ്രകാരം റഷ്യയുടെയും തുര്‍ക്കിയുടെയും ഇറാഖിന്റെയും വ്യോമപരിധിയില്‍ക്കൂടിവേണം സിറിയയില്‍ കടക്കാന്‍. ഇഡ്‌ലിബിന്റെ വ്യോമപരിധി നിയന്ത്രിക്കുന്നത് റഷ്യയാണ്. ഇതിന് അവരുടെ അനുമതിതേടി. എന്നാല്‍, ഓപ്പറേഷനെക്കുറിച്ച് വെളിപ്പെടുത്തിയില്ല. 'നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും' എന്നുമാത്രമാണ് റഷ്യയെ ധരിപ്പിച്ചത്.
മൂന്നുദിവസത്തിനുമുമ്പുമാത്രമാണ് ട്രംപിനോടുപോലും ഉദ്യോഗസ്ഥര്‍ നടപടിയെക്കുറിച്ച് പൂര്‍ണവിവരം നല്‍കുന്നത്. പഴുതടച്ച ആസൂത്രണങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ പശ്ചിമ ഇറാഖിലെ അജ്ഞാത വ്യോമതാവളത്തില്‍നിന്ന് സൈനികരും സൈനികപരിശീലനം ലഭിച്ച നായകളുമുള്‍പ്പെടുന്ന സംഘം എട്ടു ഹെലികോപ്റ്ററുകളിലായി പറന്നുയര്‍ന്നു. ഒരുമണിക്കൂര്‍ പത്തുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത്.
പങ്കെടുത്തവര്‍
ഭീകരവേട്ടയില്‍ പ്രത്യേകപരിശീലനം ലഭിച്ച ഡെല്‍റ്റ ഫോഴ്‌സാണ് ഓപ്പറേഷന്‍ കായ്‌ല മുള്ളറില്‍ പങ്കെടുത്തത്. നൂറില്‍ത്താഴെ മാത്രം സൈനികര്‍
ഹെലികോപ്റ്ററുകള്‍ അടുത്തപ്പോഴേക്കും അപകടം മണത്ത ഭീകരര്‍ വെടിവെച്ചെങ്കിലും ആക്രമണം ചെറുത്ത് സുരക്ഷിതമായി സൈനികര്‍ നിലത്തിറങ്ങി. ഒളിത്താവളത്തിന്റെ പ്രധാനവാതിലില്‍ അത് തുറക്കാന്‍ ശ്രമിക്കുന്നയാളുടെ തലയില്‍വീഴുന്ന തരത്തില്‍ കെണിയൊരുക്കിയിരുന്നെങ്കിലും വാതില്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത് സൈനികര്‍ ഉള്ളില്‍ക്കടന്നു. ഭീകരരില്‍ ചിലരെ വധിച്ചപ്പോള്‍ മറ്റുചിലര്‍ കീഴടങ്ങി.
കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയിലെ തുരങ്കത്തിലേക്ക് ബാഗ്ദാദി രക്ഷപ്പെടാന്‍ശ്രമിച്ചു. മൂന്നുകുട്ടികളെയും വലിച്ചിഴച്ചു കൂടെക്കൊണ്ടുപോയി. കീഴടങ്ങാന്‍ സൈനികര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ബാഗ്ദാദി അതിനുകൂട്ടാക്കിയില്ല. നായ്ക്കള്‍ അടുത്തേക്കെത്തിയതോടെ കരയാനും അലറിവിളിക്കാനും തുടങ്ങി. പിന്നീട് ഒറ്റനിമിഷംകൊണ്ട് വസ്ത്രത്തില്‍ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചു. ചിന്നിച്ചിതറിയ ശരീരം ബാഗ്ദാദിയുടേതുതന്നെയെന്നുറപ്പിക്കാന്‍ യു.എസിന്റെ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് അവിടെവെച്ചുതന്നെ ഡി.എന്‍.എ. പരിശോധന നടത്തേണ്ടിവന്നു.
അബ്ദുള്ള ഖര്‍ദാഷ് തലവനാകുമെന്ന് റിപ്പോര്‍ട്ട്
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലാതാക്കാനായത് ഭീകരവാദത്തിനുനേരെയുള്ള പോരാട്ടത്തിലെ വലിയ വിജയം തന്നെയാണെങ്കിലും എന്നാല്‍, ബാഗ്ദാദി ഇല്ലാതായതോടെ ഇസ്‌ലാമിക് സ്റ്റേറ്റും അതുയര്‍ത്തുന്ന ഭീഷണിയും പൂര്‍ണമായി അവസാനിച്ചുവെന്ന് അടിവരയിടാനാവില്ലെന്ന് സൂചന.ബാഗ്ദാദിക്ക് പിന്നാലെ അബ്ദുള്ള ഖര്‍ദാഷ് എന്നയാള്‍ ഐഎസ് തലവനാകുമെന്നാണ് റിപ്പോര്‍ട്ട്. അമീര്‍ മുഹമ്മദ് സൈദ് അബ്ദാല്‍ റഹ്മാന്‍ അല്‍-മാവ്‌ല എന്നാണ് ഇയാളുടെ ഔദ്യോഗിക പേര്. ഇയാളും ബാഗ്ദാദിയും തമ്മില്‍ 15 വര്‍ത്തെ പരിചയമുണ്ടെന്നാണ് യു.എസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് അമേരിക്കയുടെ ക്യാമ്പ് ബുക്കാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
സദ്ദാം ഹുസൈന്റെ അടുത്തയാളായിരുന്നു ഖര്‍ദാഷ്. അമേരിക്കന്‍ ആക്രമണത്തെത്തുടര്‍ന്ന് ജയിലിലായി. പിന്നീട് ജയില്‍ മോചിതനായ ശേഷം അല്‍ ഖ്വൊയ്ദയില്‍ ചേര്‍ന്നു. ഇസ്ലാമിക് സ്റ്റേറ്റ് രൂപവത്ക്കരിക്കുന്നതില്‍ പങ്കാളിയായ ആളാണ് ഖര്‍ദാഷ്.
ബാഗ്ദാദിവധത്തിലൂടെ ഐ.എസിന് നഷ്ടമായത് തങ്ങളുടെ നേതാവിനെ മാത്രമാണ്. സിറിയയിലും ഇറാഖിലും വ്യാപിച്ചിരുന്ന ഐ.എസ്. സാമ്രാജ്യത്തിന്റെ അവസാനകേന്ദ്രവും പിടിച്ചെടുത്ത് യു.എസ്. സൈന്യവും കുര്‍ദിഷ് സേനയും മേഖല ഐ.എസ്.മുക്തമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇറാഖിലെ അല്‍ ഖായിദയില്‍നിന്ന് ഉദ്ഭവംകൊണ്ട ഐ.എസ്. ഇപ്പോഴും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലുമെല്ലാം ഭീഷണിയുയര്‍ത്തുകതന്നെയാണ്. ചുരുക്കത്തില്‍ ഐ.എസ്. മരിച്ചിട്ടില്ല. അതിന്റെ ആശയങ്ങളിപ്പോഴും ജീവനോടെയുണ്ടെന്ന് യു.എസ്. ദേശീയ സുരക്ഷാകൗണ്‍സിലിലെ മുന്‍ ഭീകരവിരുദ്ധ ഡയറക്ടര്‍ ക്രിസ് കോസ്റ്റ പറയുന്നു.
'എവിടെയാണെങ്കിലും കൊല്ലുക' എന്നതാണ് ഐ.എസിന്റെ ആപ്തവാക്യം. കഴിയുന്ന എല്ലായിടത്തും ആക്രമണവും കലാപവുമുണ്ടാക്കാനാണ് അത് തങ്ങളുടെ അനുയായികളെ നിര്‍ദേശിക്കുന്നത്. ബാഗ്ദാദിക്കുശേഷവും ആ സന്ദേശം സജീവമാണുതാനും.ലോകത്തെ ഏറ്റവും വലിയ ആക്രമണങ്ങള്‍ നടത്തിയ ഭീകരസംഘടനയാണ് ഐ.എസ്. അതിന്റെ സ്ഥാപകനും നേതാവുമാണ് ബാഗ്ദാദി. വര്‍ഷങ്ങളായി യു.എസ്. ഇയാളെ തിരഞ്ഞുവരികയായിരുന്നു
.
സിറിയയിലെ അവസാന ഐ.എസ്. ശക്തികേന്ദ്രമായ ഇദ്ലിബില്‍ യു.എസ്. അന്തിമയുദ്ധം ആരംഭിക്കുന്നത് അല്‍ബാഗ്ദാദിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യംമാത്രം വെച്ചായിരുന്നു. ബാഗ്ദാദി ഒളിച്ചുതാമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനുപിന്നാലെയായിരുന്നു യു.എസ്. സേനയിലെ പ്രത്യേക കമാന്‍ഡോ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സൈനികനീക്കം.
യു.എസ്. സൈനികനീക്കത്തിന് 48 മണിക്കൂര്‍ മുമ്പുമാത്രമാണ് ബാഗ്ദാദി സ്ഥലത്തെത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാത്രിതന്നെ യു.എസ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യമുള്ള ബാരിഷയില്‍ ഹെലികോപ്റ്ററുകളില്‍ പ്രത്യേക കമാന്‍ഡോകളെ ഇറക്കിയെന്ന് സിറിയന്‍ നിരീക്ഷകര്‍ പറഞ്ഞു. ഒരു വീടും കാറുമാണ് കമാന്‍ഡോകള്‍ ലക്ഷ്യമിട്ടത്. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ.യും റെയ്ഡില്‍ പങ്കെടുത്തു. ഇറാഖ് രഹസ്യാന്വേഷകരില്‍നിന്നാണ് യു.എസ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. സൈനികനീക്കത്തിന് എല്ലാ സഹായവും ചെയ്ത ഇറാഖിനും തുര്‍ക്കിക്കും ട്രംപ് നന്ദിപറഞ്ഞു.
ബാരിഷയിലെ വീട്ടില്‍ ബാഗ്ദാദിക്കൊപ്പം കുടുംബവും അടുത്ത അനുയായികളും അംഗരക്ഷകരും ഉണ്ടായിരുന്നു. കൃത്യമായ പദ്ധതി തയ്യാറാക്കി യു.എസ്. സൈന്യം അത്യാധുനിക ആയുധങ്ങളുമായി ഇരച്ചെത്തിയപ്പോള്‍ ആര്‍ക്കും രക്ഷപ്പെടാനായില്ല. അവസാന ശ്രമമെന്ന നിലയില്‍ രക്ഷപ്പെടാന്‍ തുരങ്കത്തില്‍ ഒളിച്ച ബാഗ്ദാദിയെ അവിടെയും പിന്‍തുടര്‍ന്ന് സൈനികരെത്തി. ഇതോടെയാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിച്ചത്. ഒപ്പം യു.എസ്. സൈന്യത്തിലെ ഒരു നായയും കൊല്ലപ്പെട്ടു.
ആരായിരുന്നു ബാഗ്ദാദി
1971-ല്‍ ഇറാഖിലെ സമാറയിലുള്ള ഇടത്തരം സുന്നി കുടുംബത്തിലാണ് ജനനം. ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ ബദ്രിയെന്നാണ് ആദ്യത്തെ പേര്. പ്രവാചകന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്ന വംശത്തിലെ കണ്ണി. വിശ്വാസികള്‍ (ദ് ബിലീവര്‍) എന്നാണ് ബാഗ്ദാദിയുടെ കുടുംബം നാട്ടില്‍ അറിയപ്പെട്ടിരുന്നതുതന്നെ. ചെറുപ്പം മുതല്‍ ഖുര്‍ആനിലും മതപഠനത്തിലും ബാഗ്ദാദി അതി താത്പര്യം കാണിച്ചിരുന്നു. ബാഗ്ദാദ് സര്‍വകലാശാലയില്‍നിന്ന് 1996-ല്‍ ഇസ്‌ലാമിക പഠനത്തില്‍ ബിരുദവും ഖുറാന്‍ പഠനത്തില്‍ ഇറാഖിലെ സദ്ദാം സര്‍വകലാശാലയില്‍നിന്ന് 2007-ല്‍ ഗവേഷണബിരുദവും നേടി.ഭീകരവാദ പാതയില്‍
2004 വരെ ബാഗ്ദാദിലെ പള്ളികളിലും അയല്‍വാസികളായ കുട്ടികള്‍ക്കും ഖുര്‍ആന്‍ പഠിപ്പിച്ചു നടന്നയാളായ ബാഗ്ദാദി മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2003-ല്‍ ഇറാഖില്‍ നടത്തിയ അധിനിവേശത്തോടു പോരാടാന്‍ പ്രാദേശിക സംഘടനയായ ജയ്ഷ് അല്‍ സുന്ന വ അല്‍ ജമാ രൂപവത്കരിക്കാന്‍ ബാഗ്ദാദി സഹായിച്ചിരുന്നു. 2004-ല്‍ ഇതിന് യു.എസ്. സൈന്യത്തിന്റെ പിടിയിലുമായി. പത്തുമാസത്തോളം ബുക്കയിലെ ജയിലില്‍ തടവില്‍. ഇക്കാലയളവിലാണ് ലോകത്തെ വിറപ്പിക്കുന്ന ഭീകരനേതാവാകാനുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ ബാഗ്ദാദി നടത്തുന്നത്. ആഴത്തില്‍ മതം പഠിക്കുകയും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ബാഗ്ദാദി രണ്ടുചേരികളില്‍ നിന്നു പോരാടിയ സദ്ദാം പക്ഷക്കാരും ജിഹാദികളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനാകുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ജയിലധികൃതരുടെയും സഹതടവുകാരുടെയും പ്രിയപ്പെട്ടവനായി മാറി. 2004 ഡിസംബറില്‍ ജയില്‍മോചിതനാകുമ്പോഴേക്കും ജയിലില്‍ ഒപ്പമുണ്ടായിരുന്നവരോടെല്ലാം അടുത്ത ബന്ധം സ്ഥാപിക്കാനും ഇവര്‍ക്കൊപ്പംചേര്‍ന്ന് പിന്നീട് ഭീകരശൃംഖല രൂപവത്കരിക്കാനും ബാഗ്ദാദിക്ക് സാധിച്ചു.
ഇറാഖില്‍ അല്‍ ഖായിദയെ പിന്തുണയ്ക്കുന്ന തൗഹീദ് വ അല്‍-ജിഹാദ് സംഘടനയെ സമീപിക്കുകയാണ് ജയില്‍മോചിതനായ ശേഷം ബാഗ്ദാദി ആദ്യം ചെയ്തത്. ജോര്‍ദാന്‍കാരനായ അബു മുസാബ് അല്‍ സര്‍ഖാവിയായിരുന്നു ഇതിന്റെ നേതാവ്. ബാഗ്ദാദിയുടെ 'ഉന്നതപഠന'ത്തില്‍ ആകൃഷ്ടനായ സര്‍ഖാവി അയാളെ സിറിയയിലേക്കയച്ചു. 2006-ല്‍ സര്‍ഖാവി യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഈജിപ്തുകാരനായ അബു അയ്യൂബ് അല്‍ മസ്രിക്കായി തൗഹീദിന്റെ ചുമതല. എന്നാല്‍ ഇതേവര്‍ഷം ഒക്ടോബറില്‍ മസ്രി സംഘടന പിരിച്ചുവിടുകയും ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ സിറിയ (ഐ.എസ്.ഐ.) എന്ന പുതിയ സംഘടന സ്ഥാപിക്കുകയും ചെയ്തു. അല്‍ ഖായിദയുമായി ഐ.എസ്.ഐ. രഹസ്യധാരണയില്‍ തുടര്‍ന്നു.
നേതാവായി ഉദയം
മതവിഷയത്തിലെ അഗാധപാണ്ഡിത്യത്താല്‍ ഇതിനകം ബാഗ്ദാദി സംഘടനയില്‍ ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. താഴേത്തട്ടില്‍നിന്ന് ഐ.എസ്.ഐ.യുടെ നേതാവായ അബു ഉമര്‍ അല്‍ ബാഗ്ദാദിയുടെ ഉപദേശക സംഘടനയായ ശൂറ കൗണ്‍സിലിലേക്ക് പടിപടിയായി അയാള്‍ ഉയര്‍ന്നു. 2010-ല്‍ ഉമര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഇനി നേതാവാരെന്ന ചോദ്യത്തിന് സംഘടനയ്ക്കകത്ത് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെന്നല്ലാതെ മറ്റൊരു പേരുണ്ടായിരുന്നില്ല.
2011-ല്‍ സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഐ.എസ്.ഐ.യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബാഗ്ദാദി ആ രാജ്യത്തെ നോട്ടമിട്ടു. 2013-ല്‍ അല്‍ നുസ്ര ഫ്രണ്ടെന്ന പേരില്‍ ഐ.എസ്.ഐ. സിറിയയിലെത്തി. ഇതേവര്‍ഷം ഏപ്രിലില്‍ ഐ.എസ്.ഐ.യെയും അല്‍ നുസ്രയെയും ചേര്‍ത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ലെവാന്റ്/അല്‍-ഷാം എന്ന വിശാല സംഘടന രൂപവത്കരിച്ചു. അല്‍ നുസ്രയുടെയും അല്‍ ഖായിദയുടെയും നേതാക്കള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷം ബാഗ്ദാദിക്കൊപ്പം നിന്നു. അല്‍ നുസ്രയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് അല്‍ ഖായിദയുടെ അന്നത്തെ നേതാവ് അയ്മന്‍ അല്‍ സവാഹിരി ആവശ്യപ്പെട്ടെങ്കിലും ബാഗ്ദാദി അതുനിഷേധിച്ചതോടെ 2014-ല്‍ സവാഹിരി അല്‍ഖായിദയില്‍നിന്ന് ഐ.എസ്.ഐ.എല്ലിനെ പുറത്താക്കി. അല്‍ നുസ്രയോടു പൊരുതി കിഴക്കന്‍ സിറിയയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചായിരുന്നു ഐ.എസ്.ഐ.എല്‍. ഇതിനു മറുപടി നല്‍കിയത്. 2014-ല്‍ ഇറാഖിലെ പ്രധാന നഗരമായ ഫലൂജയും ജൂണില്‍ രണ്ടാം വലിയ നഗരമായ മോസുളും സിറിയയിലെ റഖാ, ദൈര്‍ അല്‍ അസര്‍ നഗരങ്ങളും ഐ.എസ്.ഐ.എല്‍. പിടിച്ചെടുത്തു. ജൂണ്‍ അവസാനത്തോടെ ഇറാഖിന്റെ പ്രധാന നഗരങ്ങളെല്ലാം ഐസിസിനുകീഴിലായിരുന്നു. ഇതോടെ തങ്ങള്‍ പുതിയ ഖിലാഫത്ത് സ്ഥാപിച്ചെന്ന് ഐസിസ് പ്രഖ്യാപിച്ചു. സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റെന്ന് പുനര്‍നാമകരണം ചെയ്തു. സാമ്രാജ്യത്തിന്റെ ഖലീഫയായി ബാഗ്ദാദി സ്വയം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് അഞ്ചുദിവസത്തിനുശേഷം മോസുളിലെ അല്‍-നുരി പള്ളിയില്‍നിന്ന് ഐ.എസ്. സാമ്രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ബാഗ്ദാദിയുടെ പ്രസംഗം ലോകം കണ്ടു, കേട്ടു.
മാസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ കുര്‍ദ് ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന മേഖലകളുടെ നിയന്ത്രണം ഐ.എസ്. പിടിച്ചെടുത്തു. പതിനായിരക്കണക്കിന് യസീദികളെ കൊന്നുതള്ളി. സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ ഏകദേശം 88,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ഐ.എസിനുകീഴിലായിരുന്നു. ഇവിടങ്ങളിലെ എണ്‍പതുലക്ഷത്തോളം വരുന്ന ജനത ശരിയത്ത് ഭരണത്തിനുകീഴിലും. ഇതോടെ യു.എസിന്റെ നേതൃത്വത്തിലുള്ള സൈനികസഖ്യം ഇറാഖില്‍ ഐ.എസിനെതിരേ ആക്രമണത്തിനിറങ്ങി. സിറിയയില്‍ സെപ്റ്റംബറിലും.
അടിതെറ്റുന്നു
ഇറാഖില്‍ സര്‍ക്കാര്‍ സൈന്യത്തിനൊപ്പം കുര്‍ദിഷ് സേനയും യു.എസ്. സഖ്യത്തിന്റെ പിന്തുണയോടെ ഐ.എസിനെതിരേ ശക്തമായ ആക്രമണത്തിനിറങ്ങി. സിറിയയില്‍ യു.എസ്. സഖ്യത്തിനൊപ്പം സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്.ഡി.എഫ്.) അറബ് സൈന്യവും ചേര്‍ന്നു. സിറിയന്‍ സര്‍ക്കാര്‍ സൈന്യവും റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ ആക്രമണം ശക്തമാക്കിയതോടെ ഇരുരാജ്യങ്ങളിലും ഐ.എസിന് അടിതെറ്റാന്‍ തുടങ്ങി. 2015 ജനുവരിയില്‍ മോസുളിന്റെ പ്രധാനഭാഗങ്ങളും ഏപ്രിലില്‍ തിക്രിതും 2016 ഫെബ്രുവരിയില്‍ റമാദിയും ജൂണില്‍ ഫലൂജയും ഐ.എസില്‍നിന്നു തിരിച്ചുപിടിച്ചു.
2017 ജനുവരിയില്‍ കിഴക്കന്‍ മോസുള്‍ പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. ജൂലായില്‍ മോസുള്‍ പൂര്‍ണമായി തിരികെപ്പിടിക്കുകയും ഐ.എസ്. ഖിലാഫത്തിനെ അവസാനിപ്പിച്ചതായും അബാദി പ്രഖ്യാപിച്ചു. 2019 സെപ്റ്റംബറില്‍ സിറിയയിലെ ദൈര്‍ അല്‍ സോര്‍ എസ്.ഡി.എഫ്. തിരിച്ചുപിടിച്ചു. 2019 മാര്‍ച്ചില്‍ ബാഗൂസ് പൂര്‍ണമായി പിടിച്ചെടുത്തതോടെ ഐ.എസിന്റെ പതനം സിറിയയില്‍ പൂര്‍ണമായതായി എസ്.ഡി. എഫ്. പ്രഖ്യാപിച്ചു.
ഐ.എസ്. മേധാവിയുടെ മരണം: ആശങ്കയൊടുങ്ങാതെ കേരളത്തിലെ കുടുംബങ്ങള്‍
പടന്ന(കാസര്‍കോട്): ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്തകേട്ട് ആശ്വാസംകൊള്ളുമ്പോഴും ഐ.എസ്. എന്ന ആശയത്തിലഭിരമിച്ച് വീടും വീട്ടുകാരെയുമുപേക്ഷിച്ച് പോയവരെ ഓര്‍ത്തുകഴിയുകയാണ് കുടുംബങ്ങള്‍. തീവ്രമതബോധത്തിനടിമപ്പെട്ട് കുടുംബസമേതം വീടുവിട്ടവരെക്കുറിച്ച് പിന്നീട് കേട്ടത് സ്ഥിരീകരിക്കാത്ത മരണവാര്‍ത്തകളായിരുന്നു. ഇനിയും എത്രപേര്‍ ബാക്കിയുണ്ടെന്നുപോലുമറിയാന്‍കഴിയാതെ നിസ്സഹായരായിക്കഴിയുകയാണ് കുടുംബാംഗങ്ങള്‍.2016 ജൂലായ് എട്ടിനാണ് പടന്നയില്‍നിന്നും തൃക്കരിപ്പൂരില്‍നിന്നുമായി 17 യുവാക്കള്‍ കൂട്ടത്തോടെ വീടുവിട്ടിട്ടുണ്ടെന്ന വാര്‍ത്തപരക്കുന്നതും പോലീസില്‍ പരാതിപ്പെടുന്നതും. 30-ല്‍ത്താഴെ പ്രായമുള്ളവരായിരുന്നു എല്ലാവരും. മതപഠനത്തിനും ജോലി ആവശ്യാര്‍ഥവും ശ്രീലങ്കയിലേക്ക് പോകുന്നുവെന്നായിരുന്നു പലരും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിനുസമീപത്തെ ഡോ. ഇജാസ്, ഭാര്യ റഫീന, മകള്‍ രണ്ടുവയസ്സുകാരി ഹയാന്‍, ഇജാസിന്റെ സഹോദരന്‍ കെ.പി.ഷിയാസ്, ഭാര്യ അജ്മല, ഇവരുടെ ബന്ധു കെ.പി.അഷ്ഫാഖ് മജീദ്, ഭാര്യ ഷംസിയ, മകള്‍ ഒന്നരവയസ്സുകാരി ആയിഷ, ടി.കെ.ഹഫീസുദ്ദീന്‍, ദുബായില്‍നിന്ന് നാട്ടിലേക്കെന്നുപറഞ്ഞ് പോന്ന് വീട്ടിലെത്താതിരുന്ന വണ്ണത്താന്‍മുക്കിലെ ടി.കെ.മുര്‍ഷിദ് അഹമ്മദ്, കാന്തിലോട്ടെ കെ.മുഹമ്മദ് സാജിദ് എന്നിവരായിരുന്നു പടന്നയില്‍നിന്ന് കാണാതായവര്‍. തൃക്കരിപ്പൂരില്‍നിന്ന് ഉടുമ്പുന്തലയിലെ അബ്ദുള്‍ റഷീദ്, ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, മകള്‍ സാറ, എളമ്പച്ചിയിലെ മര്‍ഷാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍ ബക്കര്‍ ഇസ്മയില്‍, എളമ്പച്ചിയിലെ ഫിറോസ് ഖാന്‍ എന്നിവരുമുള്‍പ്പെടെ 17പേര്‍ വീടുവിട്ടുവെന്നാണ് ചന്തേര പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
വീടുവിട്ടവരെക്കുറിച്ച് പിന്നീടറിഞ്ഞത് സംഘാംഗമായ അഷ്ഫാഖ് അബ്ദുള്‍ മജീദ് പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബി.സി.എ.റഹീമിന് ടെലിഗ്രാം ആപ്പ് മുഖേന നല്‍കിയ സന്ദേശങ്ങള്‍വഴിയായിരുന്നു. വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം പലതവണ തിരിച്ചുവരാനാവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ സുരക്ഷിതരാണന്നും ഇനി തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും പ്രതികരിച്ചു.
കായ്‌ല മുള്ളര്‍, ഈ ദൗത്യം നിനക്കുവേണ്ടി
ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കാനുള്ള ദൗത്യത്തിന് യു.എസ്. തിരഞ്ഞെടുത്ത പേര് 'ഓപ്പറേഷന്‍ കായ്‌ല മുള്ളര്‍' എന്നായിരുന്നു. ഐ.എസ്. ബന്ദിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുംചെയ്ത മനുഷ്യാവകാശപ്രവര്‍ത്തക കായ്‌ല മുള്ളറുടെ സ്മരണാര്‍ഥമാണ് ഈ പേര്.''എത്രനാളെടുത്താലും കായ്‌ലയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും അവള്‍ക്ക് നീതിലഭിക്കുകയും ചെയ്യും'' -2015-ല്‍ കായ്‌ലയുടെ മരണം സ്ഥിരീകരിച്ച് അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയിലെ വരികളാണിത്. ശനിയാഴ്ച യാഥാര്‍ഥ്യമായതും ഇതാണ്.
അരിസോണയില്‍നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകയായിരുന്നു കായ്‌ല. ഡാനിഷ് അഭയാര്‍ഥി കൗണ്‍സില്‍, സപ്പോര്‍ട്ട് ടു ലൈഫ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് 2012 ഡിസംബര്‍മുതല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മുമ്പ് വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി. ഉത്തരേന്ത്യയിലെ അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിച്ചിരുന്നെങ്കിലും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാത്തതോടെ മടങ്ങി. പിന്നീട് ടിബറ്റന്‍ അഭയാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിനിടെയാണ് സിറിയയില്‍ ആഭ്യന്തരയുദ്ധമാരംഭിക്കുന്നതും അവിടേക്ക് ശ്രദ്ധമാറുന്നതും.
എന്നാല്‍, 2013 ഓഗസ്റ്റില്‍ അവള്‍ ഐ.എസിന്റെ പിടിയിലായി. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് സിറിയയിലെ അലെപ്പോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അത്. തടവില്‍വെച്ച് ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ അവളെ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി.
2015 ഫെബ്രുവരിയില്‍ കായ്‌ല കൊല്ലപ്പെട്ടതായി ഐ.എസ്. പ്രഖ്യാപിച്ചു. അന്നവള്‍ക്ക് പ്രായം വെറും 26. ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവള്‍ കൊല്ലപ്പെട്ടുവെന്നാണ് ഐ.എസ്. അറിയിച്ചത്. ജോര്‍ദാന്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കായ്‌ലയുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍, അവളുടെ മൃതദേഹം ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല.
കായ്‌ലയ്ക്കുപുറമേ 2014-ല്‍ ഐ.എസ്. വധിച്ച മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്‌ലോഫ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗ് എന്നിവര്‍ക്കും നീതികിട്ടിയതായി യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു.