ന്യൂഡല്‍ഹി: തനിക്കും അറസ്റ്റിലായ മറ്റ് നാല് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് ഉയര്‍ത്തിക്കാട്ടുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷക സുധാഭരദ്വാജ്. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളും രേഖകളും ലഭിച്ചെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കിയിരുന്നു.
തെളിവായി പോലീസ് ഉയര്‍ത്തിക്കാട്ടുന്ന കത്ത് വ്യാജമാണെന്നാണ് സുധാ ഭരദ്വാജിന്റെ വാദം. ഫരീദാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സുധാ ഭരദ്വാജ് തന്റെ അഭിഭാഷക വൃന്ദാ ഗ്രോവര്‍ക്ക് നല്‍കിയ സ്വന്തം കൈപ്പടയിലുള്ള എഴുത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 'അത് പൂര്‍ണമായും കെട്ടിച്ചമച്ച വ്യാജ കത്താണ്. എന്നെയും മറ്റ് മനുഷ്യാവകാശപ്രവര്‍ത്തകരെയും സംഘടനകളെയുമെല്ലാം ക്രിമിനലുകളാക്കാനുള്ള മനപ്പൂര്‍വ്വമായ നീക്കമാണത്' -സുധാ ഭരദ്വാജിന്റെ കത്തില്‍ പറയുന്നു.
നിരോധിച്ച മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നുള്ള കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അഞ്ചു മനുഷ്യവകശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്ട്ര പോലീസ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അടുത്തിടപഴകി പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്ക് വേണ്ട ആയുധങ്ങളും ഗ്രനേഡുകളും മറ്റും അറസ്റ്റിലായവര്‍ എത്തിച്ചുനല്‍കിയിരുന്നു. ഇതു സംബന്ധിച്ച വ്യക്തമായ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മഹാരാഷ്ട്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പരംബിര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ ചൊവ്വാഴ്ച പുണെ പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്. കോടതി നിര്‍ദേശപ്രകാരം അഞ്ചു പേരും വീട്ടുതടങ്കലില്‍ തുടരുകയാണ്.
content highlights: Activist Sudha Bharadwaj, Letters Against Them Are Fabricated, Five Activists Arrested