ന്യൂഡല്‍ഹി: ജെ.എന്‍.യു. സര്‍വ്വകലാശാലയിലെ വിവാദസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനും മറ്റു നാല് പേര്‍ക്കുമെതിരെ കടുത്ത നടപടി ഉണ്ടായേക്കും. 10,000 രൂപ പിഴയും രണ്ടു സെമെസ്റ്റര്‍ സസ്പെന്‍ഷനും ഇവര്‍ക്ക് ഉണ്ടാകും എന്നാണ് സൂചന.
ഫിബ്രവരി ഒന്‍പതിന് ജെ.എന്‍.യു. കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കനയ്യ കുമാര്‍, അനിര്‍ബാന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും നടപടി ഉണ്ടാവുക. സര്‍വ്വകലാശാല കാമ്പസിനകത്ത് നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണിത്.
അതേസമയം, കനയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ മാത്രമേ കടുത്ത നടപടി ഉണ്ടാകാനിടയുള്ളൂ എന്നാണ് സര്‍വ്വകലാശാല അധികൃതരില്‍നിന്നു ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ നിലപാടാകും ഏറെ നിര്ന്നായകമാകുക. ഇതിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഒഴിവാക്കാനായി പരീക്ഷകള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കാനാണ് അധികൃതരുടെ നീക്കം.
Share this Article
Related Topics