ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ കാറില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. സാഹിയാബാദ് - ലോനി റോഡിലെ ഭോപ്രയില്‍ നിന്നും കത്തിയമര്‍ന്ന കാര്‍ പോലീസ് വെള്ളിയാഴ്ച്ച കണ്ടെടുത്തു.
സംഭവസ്ഥലത്തു രാവിലെ എത്തിയ വഴിയാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. കത്തിക്കരിഞ്ഞ കാറില്‍ ഡ്രൈവിങ്ങ് സീറ്റിലാണ് എ എ എപി നേതാവ് നവീന്‍ ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ 2.30യോടെ തീ പടര്‍ന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ കാറില്‍ നിന്നും പോലീസ് കണ്ടെടുത്ത മൊബൈല്‍ പരിശോധിച്ചപ്പോള്‍ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ പുലര്‍ച്ചെ നാലര വരെ കൈമാറിയിട്ടുള്ളതായി കണ്ടെത്തി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച നേതാവിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കാറിന്റെ താക്കോല്‍ കാണാതായിട്ടുണ്ട്. തികച്ചും നാടകീയമായി നടത്തിയ കൊലപാതകമാണിതെന്നും അവര്‍ പറയുന്നു. പ്രതികള്‍ ദാസിനെ സംഭവ സ്ഥലത്തെത്തിച്ച് കാറിനുള്ളില്‍ കുടുക്കി, പൂട്ടിയതിനു ശേഷം കാറിനു തീയിട്ടതാകുമെന്നും സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ദാസിന്റെ സഹോദരി 12.30യോടെ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നുവെന്നു പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സാഹിദാബാദ് പേലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
Share this Article
Related Topics