ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയുമായി അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി രചന ഖൈറ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തകാര്യം ക്രൈംബ്രാഞ്ച് ജോയിന്‍ കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ ഇടപാടുവഴി അജ്ഞാത കച്ചവടക്കാരില്‍നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചുവെന്നായിരുന്നു ട്രൈബ്യൂണിന്റെ റിപ്പോര്‍ട്ട്. വെറും 500 രൂപമാത്രം നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് മാധ്യമ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കെതിരായ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നിഷേധിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിരുന്നു.
കടപ്പാട്- INDIAN EXPRESS