ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ അവകാശവാദത്തോട് സുപ്രീംകോടതി വിയോജിച്ചു. നീരവ് മോദി, വിജയ് മല്യ എന്നിവര്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപക ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ആധാറിന്റെ കാര്യക്ഷമത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ പല വാദങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചു. ബാങ്ക് തട്ടിപ്പ് അടക്കമുള്ളവ ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടയപ്പെടാനുള്ള സാധ്യത കുറവാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും, പ്രത്യേകിച്ച് ബാങ്ക് തട്ടിപ്പുകള്‍ക്ക് അറുതിവരുത്താന്‍ ആധാറിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസുമാരായ എ.കെ. സിക്രി, വെ.ഡി. ചന്ദ്രചൂഢ് എന്നിവര്‍ നിരീക്ഷിച്ചു. തട്ടിപ്പുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകള്‍ക്ക് അറിയാം. ഒന്നും അറിയാതെയല്ല ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഈ സാഹചര്യത്തില്‍ ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയുമെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ന്യായാധിപര്‍ നിരീക്ഷിച്ചു.
വാണിജ്യ ഇടപാടുകളും സാമ്പത്തിക ക്രയവിക്രയങ്ങളും നടത്തുന്നത് നിയന്ത്രിക്കാന്‍ ആധാറിന് കഴിയുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് നിരീക്ഷിച്ചു. ക്ഷേമ പദ്ധതികളുകളുടെ ആനുകൂല്യങ്ങള്‍ തട്ടിപ്പിലൂടെ നേടുന്നത് തടയാന്‍ ആധാറിന് കഴിയുമെന്ന് അവകാശപ്പെടുന്നത് മനസിലാക്കാം. എന്നാല്‍, ബാങ്ക് തട്ടിപ്പുകള്‍ എങ്ങനെ തടയുമെന്ന് മനസിലാകുന്നില്ല. സമൂഹത്തിലെ അസമത്വങ്ങള്‍ ആധാര്‍ ഇല്ലാതാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ അസമത്വം വര്‍ധിക്കുന്നു എന്നതാണ് വാസ്തവമെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. വാദം കേള്‍ക്കല്‍ തുടരും.