ന്യൂഡല്‍ഹി: ആധാര്‍ സോഫ്റ്റ്‌വെയറില്‍ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സംവിധാനത്തില്‍ നുഴഞ്ഞുകയറാനും അനധികൃതമായി പുതിയ ആധാര്‍ നമ്പര്‍ അടക്കം നിര്‍മിക്കാനും സാധിക്കുമെന്ന് 'ഹഫിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ടു ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പത്രം അവകാശപ്പെടുന്നു.
ആധാര്‍ സോഫ്റ്റ്‌വെയറില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ (Patch) ഉപയോഗിച്ചാണ് ഡാറ്റാബേസില്‍ നുഴഞ്ഞുകയറുന്നത്. ഇതിലൂടെ ആധാര്‍ സോഫ്റ്റ്‌വെയറില്‍ പുറമെനിന്ന് തിരുത്തലുകള്‍ വരുത്താനാവും. എന്നാല്‍ ഇത് രൂപപ്പെടുത്തിയത് ആരെന്ന കാര്യം വ്യക്തമല്ല. ഇതിനായി 2,500 രൂപ മാത്രമാണ് ചിലവുവരിക. 2017 മുതല്‍ ഇത് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇത് വ്യാപകമായി ഉപയോഗത്തിലുണ്ടെന്നും ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി, അനധികൃതമായി ആധാര്‍ നമ്പര്‍ ഉണ്ടാക്കാനും സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കും. ഓപ്പറേറ്റര്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചുള്ള സുരക്ഷാ ക്രമീകരണള്‍ മറികടക്കാനും ഉപയോഗിക്കുന്ന ആളിന്റെ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കുന്ന ജിപിഎസ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കാനുമാകും. ജിപിഎസ് സംവിധാനം തടസ്സപ്പെടുന്നതോടെ ലോകത്തിലെ ഏതു സ്ഥലത്തിരുന്നുകൊണ്ടും പുതിയ ആധാര്‍ നമ്പറുകള്‍ ഉണ്ടാക്കാം.
ആധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 2010 മുതല്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരെ രജിട്രേഷന്‍ പ്രക്രിയയില്‍ പങ്കെടുപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് സോഫ്റ്റ്‌വെയറില്‍ ഈ പ്രശ്‌നം തുടങ്ങിയതെന്നാണ് കരുതുന്നത്. ഇക്കാലത്താണ് എന്റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി-പ്ലാറ്റ്‌ഫോം (ഇസിഎംപി) എന്ന പുതിയ സോഫ്റ്റ്‌വെയര്‍ ആധാര്‍ രജിസ്‌ട്രേഷനായി ഉപോയഗിച്ചു തുടങ്ങിയത്. സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കമ്പ്യൂട്ടറുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രക്രിയയില്‍ ഉണ്ടായ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.