അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ അഹമ്മദാബാദിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്ക് സീപ്ലെയ്ന്‍ സേവനം ആരംഭിക്കാനായി അധികൃതര്‍ നര്‍മദ നദിയിലെ മുന്നൂറോളം മുതലകളെ മാറ്റിപ്പാര്‍പ്പിച്ചു. ലോഹക്കൂടുകളില്‍ അടച്ച് ട്രക്കുകളില്‍ കയറ്റിയാണ് ഇവയെ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിയത്. മൂന്ന് മീറ്റര്‍ വരെ നീളമുള്ള മുതലകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പ്രതിമ കാണാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് ഇവയെ ഇവിടെ നിന്ന് മാറ്റുന്നതെന്ന് പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ഈ മുതലകളുടെ ജീവന് ഭീഷണിയാകുന്ന നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈല്‍ഡ്‌ലൈഫ് മാഗസിന്‍ സാങ്ച്വറി ഏഷ്യയുടെ എഡിറ്റര്‍ ബിട്ടു സഗല്‍ രംഗത്തെത്തി. എല്ലാവര്‍ക്കും ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 2989 കോടി രൂപയാണ് പ്രതിമയുടെ നിര്‍മ്മാണ ചിലവ്.
content highlights: 300 Crocodiles Being Relocated From Statue Of Unity
Share this Article
Related Topics