ന്യൂഡല്‍ഹി: ഐ.എസ് ബന്ധമുള്ള ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന ഭീകരവാദ സംഘടനയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായി. രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
താഹിര്‍ അലി ഖാന്‍, ഹാരിസ് മുഷ്താക് ഖാന്‍, ആസിഫ് സുഹൈല്‍ നദാഫ് എന്നിവരാണ് വെളിപ്പെടുത്തിയത്. മൂന്ന് ഹാന്‍ഡ് ഗ്രനേഡുകളും രണ്ട് തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് ഭീകരവാദികള്‍ തലസ്ഥാന നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ഫോട്ടോ സഹിതം പോലീസ് പുറത്തുവിട്ടിരുന്നു. ഈ സമയങ്ങളില്‍ തന്നെ പഞ്ചാബിലെ അമൃത്സറിലെ പ്രാര്‍ത്ഥനാ ഹാളിലേക്ക് ഭീകരവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആറില്‍ കൂടുതല്‍ ജെയ്ഷേ ഭീകരര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും നേരത്തെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. നേരത്തെ ഐ.എസ്.ജെ.കെയുടെ നേതാവായിരുന്ന ദാവൂദ് സോഫി കശ്മീരിലെ അനന്തനാഗില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അറസ്റ്റിലായ ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
content highlights: 3 Terrorists Of Jammu And Kashmir ISIS Arrested In Delhi
Share this Article
Related Topics