ഭുവനേശ്വര്‍: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റെഡ്‌ലി വിഭാഗത്തിലുള്ള കടലാമകള്‍ ഇത്തവണ ഒഡീഷ തീരത്തിട്ട മുട്ടകളുടെ എണ്ണം റെക്കോഡായി.
ഭുവനേശ്വറിലെ ഗഞ്ജം കടല്‍തീരത്തിനോട് ചേര്‍ന്ന റുഷികുലിയ നദീ മുഖത്ത് കടലാമകള്‍ ഇട്ട മുട്ടകളുടെ കണക്കെടുത്തപ്പോള്‍ 3.55 ലക്ഷം കടന്നു.
ഒരാഴ്ച്ചത്തെ കാലയളവിലാണ് കടലാമകള്‍ ഇത്രയും മുട്ടകള്‍ ഇട്ടത്. കൃത്യമായ കണക്കെടുപ്പ് നടന്നാല്‍ 4 ലക്ഷം കവിയുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 13ന് തുടങ്ങിയ മുട്ടയിടല്‍ തിങ്കളാഴ്ച്ചയോടെ അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,09,000 മുട്ടകളിട്ട സ്ഥാനത്താണ് ഇത്തവണ എണ്ണം 4 ലക്ഷത്തോടടുക്കുന്നത്.
നിരീക്ഷണ ക്യാമ്പുകള്‍ നടത്തിയും വേലി കെട്ടിയും മുട്ടകളെ സംരക്ഷിക്കുകയാണ് വനപാലകരും നാട്ടുകാരും.
മുട്ടയിട്ട ഉടനെ വിരിയുന്നത് കാക്കാതെ കടലിലേക്ക് മടങ്ങുന്നതാണ് കടലാമയുടെ രീതി. മുട്ട വിരിയാന്‍ 45 ദിവസത്തോളമെടുക്കും.