രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ ഹൈക്കോടതിയില്‍


2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ലാണ് സിഎജി വിനോദ് റായി കണ്ടെത്തിയത്.

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

മൂന്ന് മാസം മുമ്പായിരുന്നു രാജയും കനിമൊഴിയും ഉള്‍പ്പെടെ 17 പേരെ കുറ്റവിമക്തരാക്കി ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 2007-2008 ല്‍ 2ജി സ്പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സി ബി ഐ അന്വേഷിച്ച രണ്ടുകേസുകളുടെയും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നത്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്.

2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ലാണ് സിഎജി വിനോദ് റായി കണ്ടെത്തിയത്. 2011 ല്‍ രാജ അറസ്റ്റിലായി. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കി.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്പെക്ട്രം വിതരണം ചെയ്തതെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ടായിരുന്നു. ഇതിലൂടെ 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അറിവോടു കൂടിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വാദം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram