ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സോണിയാ ഗാന്ധിയുടെ ഉറ്റ വിശ്വസ്തനും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള കൈക്കൂലി ആരോപണത്തിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.
പണംതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത രഞ്ജിത് മാലിക് എന്നയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ടി വാദിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. രഞ്ജിത് മാലിക്കിന് വേണ്ടി രാകേഷ് ചന്ദ്ര എന്നയാള്‍ പണവുമായി അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയതായുള്ള മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സാക്ഷിമൊഴികള്‍ മാത്രമല്ല ഫോണ്‍ ചാറ്റുകളുടേയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകളും ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. 23, മദര്‍ തെരേസ ക്രസന്റ് റോഡ് എന്ന വിലാസത്തിലാണ് രാകേഷ് ചന്ദ്ര പണമെത്തിച്ചത്. ഈ വിലാസം അഹമ്മദ് പട്ടേലിന്റെ ഔദ്യോഗിക വസതിയുടേതാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിങ് ബയോട്ടെക്ക് എന്ന ഗുജറാത്ത് കമ്പനി 5000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് രഞ്ജിത് മാലിക് അറസ്റ്റിലായത്. ഇതാദ്യമായിട്ടല്ല ഈ കേസില്‍ അഹമ്മദ് പട്ടേലിന്റെ പേര് ഉയരുന്നത്. നേരത്തെ അദ്ദേഹത്തിന്റെ മകന് ഫൈസല്‍ പട്ടേലിനും മരുമകനുമെതിരെ ആരോപണമുയര്‍ന്നിരുന്നു.