മുംബൈ: സ്ത്രീധനം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനില്ലെന്ന വിഷമം മൂലം പതിനേഴുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് ദിനപത്രമായ ഹിതവാദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂജാ വികാസ് ഷിര്‍ഗെറെ എന്ന പന്ത്രണ്ടാം ക്ലാസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്.
വാടകയ്ക്കു താമസിക്കുന്ന മുറിയിലാണ് പൂജ വിഷം കഴിച്ച് ജീവനൊടുക്കിയത്. സഹോദരനോടൊപ്പം ഇവിടെയാണ് പൂജ താമസിച്ചിരുന്നത്. മഹാത്മാ ജ്യോതിബാ ഫൂലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നു പൂജ.
വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാനുള്ള സാമ്പത്തികസ്ഥിതി കര്‍ഷകനായ അച്ഛനില്ലെന്നും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും പൂജ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്നോട് ക്ഷമിക്കണമെന്നും പൂജ അച്ഛനോട് ആവശ്യപ്പെടുന്നുണ്ട്.
സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സഹോദരന്‍ കോളേജില്‍ പോയ സമയത്താണ് പൂജ വിഷം കഴിച്ചത്. വീട്ടുടമസ്ഥനും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛനോടും മറ്റു കുടുംബാംഗങ്ങളോടും ആത്മഹത്യയുടെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍വാത് തെഹ്‌സില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജഗ്താപ് അറിയിച്ചു.
Share this Article
Related Topics