ന്യൂഡല്‍ഹി: 2020 ഓടെ തീവണ്ടി അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ തീവണ്ടി അപകടങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെങ്കിലും തീവണ്ടി യാത്രയുടെ സുരക്ഷ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഓരോവര്‍ഷവും രാജ്യത്ത് 15,000 ത്തോളം പേര്‍ തീവണ്ടി അപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് 2012 ല്‍ റെയില്‍വെ നിയോഗിച്ച ഉന്നതതല സമിതി കണ്ടെത്തിയത്. തീവണ്ടികള്‍ പാളം തെറ്റിയും പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്.
ആളില്ലാത്ത ലെവല്‍ ക്രോസുകളും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ തീവണ്ടിതട്ടി 194 പേരാണ് മരിച്ചത്. 80 ശതമാനം ട്രെയിന്‍ അപകടങ്ങളും റെയില്‍വെ ജീവനക്കാര്‍ അടക്കമുള്ളവരുടെ അശ്രദ്ധമൂലമാണ് ഉണ്ടാവുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 - 10 ല്‍ 165 തീവണ്ടി അപകടങ്ങളാണ് നടന്നത്. 2013 - 14 ഓടെ അപകടങ്ങളുടെയെണ്ണം 117 ആയി കുറഞ്ഞു. 2013 - 14 ല്‍ നടന്ന തീവണ്ടി അപകടങ്ങളില്‍ 52 എണ്ണം തീവണ്ടി പാളംതെറ്റിയാണ് ഉണ്ടായത്. ലെവല്‍ ക്രോസുകളില്‍ 51 അപകടങ്ങളുണ്ടായി. തീവണ്ടികള്‍ കൂട്ടിയിടിച്ച നാല് സംഭവങ്ങളും.
2014 മെയ് 26: ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗര്‍ ജില്ലയില്‍ ഗോരഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലിടിച്ച് 22 പേര്‍ മരിച്ചു.
2014 മെയ് 4: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പാസഞ്ചര്‍ തീവണ്ടിയുടെ ആറ് ബോഗികള്‍ പാളംതെറ്റി 18 പേര്‍ മരിച്ചു.
2014 ഫിബ്രവരി 17: നിസാമുദീന്‍ - എറണാകുളം മംഗള ലക്ഷ്വദ്വീപ് എക്‌സ്പ്രസ് നാസിക്കില്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു.
2014 ജനവരി 8: ബാന്ദ്ര - ഡറാഡൂണ്‍ എക്‌സ്പ്രസ്സിന്റെ മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ക്ക് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു.
2013 ഡിസംബര്‍ 28: ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിക്ക് സമീപം ബെംഗളൂരു - നന്ദാദ് എക്‌സ്പ്രസ്സിന് തീപ്പിടിച്ച് 26 പേര്‍ മരിച്ചു.
2013 നവംബര്‍ 2: ആന്ധ്രാപ്രദേശിലെ ഗോട്‌ലാം റെയില്‍വെ സ്‌റ്റേഷനില്‍ റായ്ഗഡ് - വിജയവാഡ റെയിനിടിച്ച് എട്ടുപേര്‍ മരിച്ചു.
2013 ആഗസ്ത് 19: ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പാസഞ്ചര്‍ തീവണ്ടിതട്ടി റെയില്‍വെ ട്രാക്കില്‍നിന്ന സ്ത്രീകളും കുട്ടികളുമടക്കം 37 തീര്‍ഥാടകര്‍ മരിച്ചു.
2012 ജൂണ്‍ 30: ആന്ധ്രാപ്രദേശിലെ നെല്ലൂരിന് അടുത്തുവച്ച് ന്യൂഡല്‍ഹി - ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസ്സിന് തീപ്പിടിച്ച് 35 പേര്‍ മരിച്ചു.
2012 മെയ് 31: ഹൗറ - ഡറാഡൂണ്‍ എക്‌സപ്രസ് ജവാന്‍പൂരിന് സമീപം പാളംതെറ്റി ഏഴുപേര്‍ മരിച്ചു.
2012 മെയ് 22: ബെഗളൂരുവിലേക്ക് പോയ ഹംപി എക്‌സപ്രസ് ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയില്‍വച്ച് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 25 പേര്‍ മരിച്ചു.
2012 ജനവരി 11: ഡല്‍ഹിയിലേക്ക് പോയ ബ്രഹ്മപുത്ര എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചു.
2011 നവംബര്‍ 22: ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ ഹൗറ - ഡറാഡൂണ്‍ എക്‌സ്പ്രസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു.
2011 ജൂലായ് 10: കല്‍ക്ക മെയില്‍ തീവണ്ടി മാല്‍വ സ്റ്റേഷന് സമീപം പാളംതെറ്റി 71 പേര്‍ മരിച്ചു.
2010 ഒക്ടോബര്‍ 20: ഇന്‍ഡോര്‍ - ഗ്വാളിയോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ബദാര്‍ബാസ് സ്റ്റേഷനില്‍വച്ച് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 24 പേര്‍ മരിച്ചു.
2010 ജൂലായ് 19: ഉത്തര്‍ഭംഗ എക്‌സ്പ്രസ് ബിര്‍ഭും ജില്ലയില്‍വച്ച് വനാചല്‍ എക്‌സ്പ്രസ്സില്‍ ഇടിച്ച് 66 പേര്‍ മരിച്ചു.
2010 മെയ് 28: പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപുര്‍ ജില്ലയില്‍ ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളംതെറ്റി 150 പേര്‍ മരിച്ചു. മാവോവാദികളുടെ അട്ടിമറി ആയിരുന്നു സംഭവത്തിന് പിന്നില്‍.