ആഗ്ര: അധികാരമുണ്ടെങ്കില്‍ എന്തും കാട്ടാമെന്ന് കരുതുന്ന രാഷ്ട്രീയക്കാര്‍ ഇനിയൊന്ന് ഭയക്കും. വഴിയരികില്‍ തന്നെ കണ്ണിറുക്കിക്കാട്ടിയ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഗണ്‍മാനെ കണ്ട് ഭയക്കുകയല്ല ആഗ്രയിലെ ഇരുപത്തിമൂന്നുകാരി ചെയ്തത്. രോഷാകുലയായ യുവതി നേരെ ചെന്ന് നേതാവും വ്യവസായിയുമായ അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ മുകളില്‍ കയറി. ബോണിറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാത്ത യുവതി ബോണറ്റിന്റെ മുകളില്‍ തന്നെ നിലയുറപ്പിച്ച് തന്നെ എതിര്‍ക്കാന്‍ ഗണ്‍മാനെ വെല്ലുവിളിക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകളുടെ മുന്നില്‍ നടന്ന സംഭവം കണ്ടുനിന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലിടുകയും ചെയ്തു.
ഞായറാഴ്ച വൈകീട്ട് സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു അടുത്ത് വാഹനം നിര്‍ത്തിയ നേതാവിന്റെ ഗണ്‍മാന്റെ കാമകസര്‍ത്ത്.
യുവതി കാറിന്റെ മുകളില്‍ കയറി തന്റെ രോഷം പ്രകടിപ്പിക്കുമ്പോള്‍ നേതാവ് പുറത്തിറങ്ങിയതേയില്ല. എന്നാല്‍, ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ യുവതിയുമായി തര്‍ക്കം കൂടുകയും ഗണ്‍മാന്റെ ചിത്രം പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുത്ത് നിലത്തെറിയുകയും ചെയ്തു. ഗണ്‍മാന്‍ തന്നോട് ക്ഷമാപണം നടത്തുകയും തകര്‍ത്ത മൊബൈല്‍ ഫോണിന്റെ പണം നല്‍കുകയും ചെയ്യാതെ കാറിന്റെ ബോണിറ്റിന് മുകളില്‍ നിന്ന് താഴെയിറങ്ങില്ലെന്ന് വാശിയിലായിരുന്നു യുവതി. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്നു ബഹളത്തിനുശേഷം മൊബൈല്‍ ഫോണിന്റെ വിലയായ 6,500 രൂപ നല്‍കിയാണ് നേതാവും സംഘവും തടിയൂരിയത്.