ഇന്ത്യയില്‍ 41 ലക്ഷം മറവിരോഗികള്‍


ലണ്ടന്‍: രാജ്യത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു. ഇക്കാര്യത്തില്‍ ചൈനക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.
ചൈനയില്‍ 95 ലക്ഷം പേര്‍ക്കും അമേരിക്കയില്‍ 42 ലക്ഷം പേരുമാണ് മറവിരോഗികളുള്ളത്. ഓരോ 3.2 സെക്കന്‍ഡിനുള്ളിലും ലോകത്ത് ഒരാള്‍ മറവിയുടെ പിടിയിലാകുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക അല്‍ഷിമേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ കിങ്‌സ് കോളേജിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ പ്രിന്‍സിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകജനസംഖ്യയില്‍ 4.68 കോടി ആളുകള്‍ക്ക് മറവിരോഗമുണ്ട്. 2030-ല്‍ ഇത് 7.47 കോടിയും 2050-ഓടെ 13.15 കോടിയുമാകും. വര്‍ഷത്തില്‍ ശരാശരി 99 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് മറവിരോഗം പുതിയതായി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2015-ല്‍ ഇവിടെ 98 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. പടിഞ്ഞാറന്‍ യൂറോപ്പില്‍ 74 ലക്ഷം പേര്‍ക്കും തെക്കന്‍ ഏഷ്യയില്‍ 51 ലക്ഷം പേര്‍ക്കും വടക്കന്‍ അമേരിക്കയില്‍ 48 ലക്ഷത്തിനും പുതിയതായി രോഗം വന്നു. വയോജനങ്ങളുടെ എണ്ണം കൂടിയതാണ് മറവിരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മറവിരോഗം എന്നാല്‍
മസ്തിഷ്‌കത്തെ ബാധിക്കുന്ന തകരാറുകള്‍മൂലമുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് മറവിരോഗം അഥവാ ഡിമന്‍ഷ്യ. ഇതില്‍ 70 ശതമാനവും അല്‍ഷിമേഴ്‌സാണെന്നാണ് കണക്ക്. ഓര്‍മ, ചിന്താശേഷി, സ്ഥലകാലബോധം, പ്രശ്‌നപരിഹാരശേഷി തുടങ്ങിയവ നഷ്ടപ്പെടുകയും വ്യക്തിത്വത്തില്‍ മാറ്റം സംഭവിക്കുകയുമാണ് ലക്ഷണങ്ങള്‍. രോഗം പൂര്‍ണമായും ഭേദമാക്കാവുന്ന ചികിത്സകള്‍ കണ്ടെത്താനായിട്ടില്ല. കേരളത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് മറവിരോഗമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram