ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി


പി. ബസന്ത്‌

2 min read
Read later
Print
Share

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍വഴി വന്‍പ്രചാരണം നല്‍കാനും കേന്ദ്രസര്‍ക്കാറിനോട് മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു.
ആധാര്‍കാര്‍ഡുള്ളവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കുറ്റാന്വേഷണത്തിനല്ലാതെ മറ്റാരുമായും പങ്കുവെക്കരുതെന്നും സര്‍ക്കാറിന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
അതേസമയം, ആധാര്‍പദ്ധതി നടപ്പാക്കുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കോടതി വിട്ടു. ആധാര്‍കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ചെലമേശ്വറിന് പുറമെ, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, സി. നാഗപ്പന്‍ എന്നിവരുമടങ്ങുന്നതാണ് കോടതി.
പൊതുവിതരണം, പാചകവാതക-മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഈ സേവനങ്ങള്‍ നല്‍കുന്നതിനുപോലും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ അനുവാദത്തോടെ ക്രിമിനല്‍ കേസന്വേഷണത്തിനല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണോയെന്ന വിഷയവും ഭരണഘടനാബെഞ്ച് പരിശോധിക്കും. മൗലികാവകാശമാണെങ്കില്‍ അതിന്റെ നാലതിരുകള്‍ എന്തൊക്കെയാണെന്നതും വിപുലമായ ബെഞ്ച് പരിഗണിക്കും.
ആധാര്‍ നിര്‍ബന്ധമാക്കിയതിന് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും മറ്റുമെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതടക്കം ആധാര്‍പദ്ധതി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ വിപുലമായ ബെഞ്ചിന് കേസ് വിട്ടശേഷമാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വ്യക്തമാക്കി നിരവധി നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്.
മുന്‍ കര്‍ണാടകഹൈക്കോടതി ജഡ്ജി കെ.എസ്. പുട്ടസ്വാമിയുംമറ്റും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പൊതുതാത്പര്യഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍തന്നെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിവിധ ആനുകൂല്യങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കിയപ്പോള്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

നീതിന്യായ വ്യവസ്ഥയെ കര്‍ണാടക അപമാനിച്ചു: സുപ്രീം കോടതി

Sep 30, 2016


mathrubhumi

1 min

തമിഴ്‌നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം: സുപ്രീം കോടതി

Sep 27, 2016


mathrubhumi

1 min

കര്‍ണാടക 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം: സുപ്രീംകോടതി

Sep 20, 2016