2017 ഒക്ടോബര്‍ 15, അന്നായിരുന്നു നടിയായ അലീസാ മിലാനോ 'മീ ടൂ' ഹാഷ് ടാഗ് ഉപയോഗിച്ച് ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗികചൂഷണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവരാന്‍ ആഹ്വാനം ചെയ്തത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് 'മീ ടൂ' കാമ്പയിന്‍ തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് അത് ലോകമെമ്പാടും തരംഗമായി. ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സാമൂഹികമാധ്യമങ്ങളില്‍ ഈ ഹാഷ് ടാഗ് ഉപയോഗിച്ചത് 4.7 ദശലക്ഷം ആളുകളാണ്.
'മീ ടൂ' തരംഗം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇന്ത്യയിലേക്ക് അതിന്റെ കാറ്റ് ആഞ്ഞുവീശുന്നത്. ബോളിവുഡില്‍ നിന്നാരംഭിച്ച 'മീ ടൂ' തുറന്നു പറച്ചിലുകള്‍ മാധ്യമരംഗത്തേക്കും കടന്നതോടെ കടപുഴകി വീണേക്കുമെന്ന ഭീഷണിയിലാവുന്നത് മേഖലയിലെ വന്‍മരങ്ങളാണ്. ഇവയില്‍ ഏറ്റവും പ്രധാനി വിദേകാര്യസഹമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ജെ.അക്ബര്‍ ആണ്. പത്തിലധികം വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയക്കാരനായും അവിടെനിന്ന് സഹമന്ത്രിയിലേക്കും വളര്‍ന്ന ചരിത്രമാണ് മൊബാഷര്‍ ജാവേദ് അക്ബര്‍ എന്ന എം.ജെ.അക്ബറിന്റേത്. കല്‍ക്കട്ട ബോയ്‌സ് ഹൈസ്‌കൂള്‍, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അക്ബര്‍ 1971ലാണ് ട്രെയിനി ജേര്‍ണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ചത്. ദി ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു ആദ്യ തട്ടകം. അധികം വൈകാതെ ഇല്യസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലേക്ക് മാറി. അവിടെ സബ് എഡിറ്ററായിരുന്ന കാലത്താണ് സ്വന്തമായൊരു പേര് മാധ്യമപ്രവര്‍ത്തനലോകത്ത് അദ്ദേഹം ഉണ്ടാക്കിയെടുത്തത്.
തുടര്‍ന്ന് മൂന്നോളം മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തതിന് ശേഷമാണ് 1982ല്‍ ദി ടെലഗ്രാഫ് ആരംഭിച്ചത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ടെലഗ്രാഫിന്റെ കടന്നുവരവ്. അടിയന്തരാവസ്ഥാനന്തര ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനരംഗത്ത് പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിക്കാന്‍ അക്ബറിന് കഴിഞ്ഞിരുന്നു.
രാഷ്ട്രീയത്തിലേക്ക്...
1989ലാണ് എം.ജെ.അക്ബറിന്റെ രാഷ്ട്രീയപ്രവേശം. ബീഹാറിലെ കിഷന്‍ഗഞ്ജില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു ലോക്‌സഭയിലേക്കെത്തിയത്. 1991ല്‍ പക്ഷേ വിജയം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഔദ്യോഗികവക്താവ് ആയി. മാനവവിഭവശേഷി മന്ത്രാലയം ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
1992ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് വീണ്ടും എഴുത്തിലേക്കും മാധ്യമപ്രവര്‍ത്തനത്തിലേക്കും തിരിച്ചെത്തി.തുടര്‍ന്ന്,1994ലാണ് ഇന്റര്‍നാഷണല്‍ എഡിഷനുള്ള ആദ്യ ഇന്ത്യന്‍ പത്രമായി ഏഷ്യന്‍ ഏജ് ആരംഭിക്കുന്നത്. 2008 മാര്‍ച്ചില്‍ നയപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് മാനേജ്‌മെന്റുമായി തെറ്റിപ്പിരിഞ്ഞ് ഏഷ്യന്‍ ഏജില്‍ നിന്ന് പുറത്തായി. ഇതിനോടകം നിരവധി പുസ്തകങ്ങളും അക്ബര്‍ എഴുതിയിരുന്നു.
2014ല്‍ അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു. 2015 ജൂലൈയില്‍ ജാര്‍ഖണ്ഡില്‍ നിന്ന് രാജ്യസഭയിലെത്തിയ അക്ബര്‍ വിദേശകാര്യസഹമന്ത്രിയായി 2016 ജൂലൈ 5ന് ചുമതലയേറ്റു.
1994-97 കാലത്ത് താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗസാല വഹാബും ജോലിയില്‍ പ്രവേശിക്കും മുമ്പ് അക്ബറിനോട് തനിക്കുണ്ടായിരുന്ന ആരാധന മറച്ചുവച്ചിട്ടില്ല. 1989ല്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്‍ എനിക്ക് അക്ബര്‍ എഴുതിയ പുസ്തകം 'Riot After Riot' സമ്മാനിച്ചത്. രണ്ട് ദിവസം കൊണ്ട് ഞാനത് വായിച്ചുതീര്‍ത്തു.പിന്നീട് 'India: The Siege Within','Nehru: The Making of India' എന്നിവ വാങ്ങി വായിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളും ഞാന്‍ വായിച്ചുതീര്‍ത്തു. ഞാനെന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ കണ്ടെത്തുകയായിരുന്നു. ജേര്‍ണലിസം എന്ന വാക്ക് തെറ്റ്കൂടാതെ ഉച്ചരിക്കാന്‍ കഴിയുന്നതിന് മുമ്പേ അങ്ങനെ ഞാന്‍ ജേര്‍ണലിസ്റ്റാവാന്‍ തീരുമാനിച്ചു. 1994ല്‍ ഡല്‍ഹി ഏഷ്യന്‍ ഏജില്‍ ഇന്‌റേണായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഭാഗ്യം തുണച്ചതുകൊണ്ടാണ് ഞാന്‍ അവിടെ എത്തിയതെന്നായിരുന്നു വിശ്വാസം.
ഓഫീസിലെ അക്ബറിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യക്തമായിത്തന്നെ ഗസാല ദി വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ഏകാധിപതിയെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നാണ് ഗസാല പറയാതെ പറഞ്ഞിരിക്കുന്നത്. പലതും ഓഫീസ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് തന്നെ ആരൊക്കെയോ പറഞ്ഞുപഠിപ്പിച്ചു. ഏഷ്യന്‍ ഏജിന്റെ ഓരോ ഓഫീസിലും അക്ബറിന് കാമുകിമാരുണ്ടെന്നായിരുന്നു കഥകള്‍. അയാളുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള കഥകളോട് താനെന്നും അകലം പാലിച്ചു. തന്നെ ബാധിക്കാത്തതിനെക്കുറിച്ച് താനെന്തിന് അലോസരപ്പെടണം എന്നായിരുന്നു ചിന്ത. എന്നാല്‍, ജോലിയുടെ മൂന്നാം വര്‍ഷം എല്ലാം തകിടംമറിഞ്ഞു. താനും അക്ബറിന്റെ നോട്ടപ്പുള്ളിയായി. അയാളുടെ കണ്‍വെട്ടത്തേക്ക് തന്റെ ഇരിപ്പിടം മാറ്റിക്കൊണ്ട് അക്ബര്‍ തന്നെ ശല്യപ്പെടുത്തിത്തുടങ്ങിയെന്ന് ഗസാല പറയുന്നു.
മുറിയിലേക്ക് വിളിച്ചുവരുത്തി അക്ബര്‍ കയ്യേറ്റത്തിന് മുതിര്‍ന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞത് ഗസാല മാത്രമല്ല. ഒരു കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുമൊക്കെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വൈകാരികമായ കീഴടങ്ങലുകള്‍ക്ക് വശംവദരാകാന്‍ ജൂനിയര്‍ മാധ്യമപ്രവര്‍ത്തകരായ തങ്ങളോട് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന വനിതാമാധ്യമപ്രവര്‍ത്തകര്‍ തന്നെ ഇടനിലക്കാരായി ഉണ്ടായിരുന്നെന്ന വസ്തുതയും ഗസാല പറഞ്ഞിട്ടുണ്ട്. അക്ബറിനെതിരെ അന്നത്തെ ബ്യൂറോ ചീറ് സീമാ മുസ്തഫയ്ക്ക് പരാതി നല്കിയെങ്കിലും അനുകൂലമായ പ്രതികരണമല്ല ഉണ്ടായതെന്നാണ് ഗസാല പറഞ്ഞിരിക്കുന്നത്. തീരുമാനമെടുക്കേണ്ടത് ഗസാല തന്നെയാണെന്നും ഇഷ്ടമുള്ളത് ചെയ്യാനുമായിരുന്നേ്രത സീമ മുസ്തഫയുടെ ഉപദേശം.
21 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഗസാലയുടെ വെളിപ്പെടുത്തലുകളോട് സീമ മുസ്തഫ പ്രതികരിച്ചത് അക്ബറിനെ ഒരു പരിധി വരെ ന്യായീകരിച്ചുകൊണ്ട് തന്നെയാണ്. അപ്പോഴും അക്ബര്‍ പലരെയും ചൂഷണം ചെയ്തിട്ടുണ്ടെന്ന് സൂചന നല്‍കാന്‍ സീമാ മുസ്തഫ തയ്യാറായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കാന്‍ തന്നെയാണ് എല്ലാക്കാലവും സുഹൃത്തുക്കളും മേലധികാരികളും ശ്രമിച്ചിട്ടുള്ളതെന്ന് ആരോപണം ഉന്നയിച്ചവര്‍ ഓരോരുത്തരും ആണയിട്ട് പറഞ്ഞിട്ടുമുണ്ട്.
കോണ്‍ഗ്രസിന്റെ മൗനം സൂചിപ്പിക്കുന്നതെന്ത്
കേന്ദ്രസര്‍ക്കാരിനെതിരേ ഒന്നൊഴിയാതെ ആരോപണശരങ്ങള്‍ തൊടുത്തുവിടുന്ന പ്രതിപക്ഷം അക്ബറിന്റെ കാര്യത്തില്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നില്ലെന്നത് ശ്രദ്ധേയമാണ്. റഫാല്‍അഴിമതിയെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അക്ബറിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ചത് അതൊരു വലിയ വിഷയമാണെന്നും പിന്നീട് പ്രതികരിക്കാം എന്നുമുള്ള മറുപടിയാണ്.
റഫാലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണോ പാര്‍ട്ടി തീരുമാനമെന്ന സംശയവും പല ഭാഗത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. ഇത് ശരിവയ്ക്കുന്ന സൂചനകളാണ് പല കോണ്‍ഗ്രസ് വൃത്തങ്ങളും നല്കിയത്. മീ ടൂ മൂവ്‌മെന്റിനെ പിന്തുണയ്ക്കുന്നതായി പറയുമ്പോഴും അക്ബറിന്റെ വിഷയത്തില്‍ മൗനം പാലിക്കുകയാണ് രാഹുല്‍ ചെയ്തത്.
അക്ബര്‍ ഉള്‍പ്പെട്ടിരിക്കുന്നത് പോലെയുള്ള വിവാദങ്ങളില്‍ തങ്ങളുടെ പല നേതാക്കളും കുടുങ്ങിയേക്കാമെന്ന ഭീതിയാണ് കോണ്‍ഗ്രസിനെ പ്രതിഷേധത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ ഇത്തരം പല സംഭവങ്ങളെക്കുറിച്ചും നേതൃത്വത്തിന് അറിവുണ്ടെന്നും അക്ബറിനെതിരേ ശക്തമായി രംഗത്ത് വരുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗുണകരമാവില്ല എന്നാണ് വിലയിരുത്തലെന്നും അഭ്യൂഹങ്ങളുണ്ട്.
അതുമാത്രമല്ല അക്ബറിന്റെ രാഷ്ട്രീയപ്രവേശം തന്നെ കോണ്‍ഗ്രസിലൂടെയായിരുന്നു. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമാണ് അദ്ദേഹം. ഗാലറിയിലിരുന്ന് കളി കാണാനുള്ള തീരുമാനം പക്ഷേ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സ്ത്രീശാക്തീകരണം നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന മോദി സര്‍ക്കാരിനും സ്ത്രീശാക്തീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാദിക്കുന്ന കോണ്‍ഗ്രസിനും അക്ബര്‍ വിഷയം ഇരുതലമൂര്‍ച്ചയുള്ള വാള് തന്നെയാണ്!!
Content Highlights: MeToo, M.J.Akbar, Ghazala Wahab, Priya Ramani