ടെലികോം മേഖലയില്‍ നേരിട്ടുളള വിദേശനിക്ഷേപം;ടെലികോം,വാഹന,ഡ്രോണ്‍ മേഖലകളില്‍ വന്‍ പരിഷ്‌കാരം|In-Depth


എം.കെ. അജിത് കുമാർ

3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 64,000 കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ആരോഗ്യഭാരത പദ്ധതി'ക്കും മന്ത്രിസഭ അനുമതി നല്‍കി. ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമടക്കം അനുവദിച്ച് സമഗ്രമാറ്റമാണ് പ്രഖ്യാപിച്ചത്. വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം, പുതിയ സാങ്കേതികവിദ്യ, തൊഴിലവസരങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് 26,058 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കും.

Representational Image
ആത്മനിര്‍ഭര്‍ ആരോഗ്യഭാരത് പദ്ധതി-64,000 കോടി

വാഹന മേഖലയ്ക്ക് പ്രോത്സാഹന പദ്ധതി- 26,058 കോടി

ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം- 100ശതമാനം

ടെലികോം മേഖല

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി. ഇതുവരെ 49 ശതമാനമായിരുന്നു.

ടെലികോം കമ്പനികള്‍ നിയമപ്രകാരം നല്‍കേണ്ട ലെവി നല്‍കാന്‍ അടിസ്ഥാനമാക്കുന്ന എ.ജി.ആറില്‍നിന്ന് (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) ടെലികോം ഇതര റവന്യൂ ഒഴിവാക്കി. എ.ജി.ആറിന്റെ നിര്‍വചനം മാറ്റി.

ലൈസന്‍സ് ഫീസിനും ലെവികള്‍ക്കും വലിയ ബാങ്ക് ഗാരന്റി ആവശ്യമായി വരുന്നത് 80 ശതമാനത്തോളം കുറയും. രാജ്യത്തെ വിവിധ ലൈസന്‍സ് മേഖലകളില്‍ വെവ്വേറെ ബാങ്ക് ഗാരന്റി ആവശ്യമില്ല.

പലിശനിരക്ക് കുറച്ചു. പിഴ ഒഴിവാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ ലൈസന്‍സ് ഫീ, സ്പെക്്ട്രം ഉപയോഗ നിരക്ക് എന്നിവ വൈകിയാലുള്ള പലിശ നാലില്‍നിന്ന് രണ്ടുശതമാനമാക്കി. പലിശയ്ക്കുമേലുള്ള പിഴ ഒഴിവാക്കി.

ലേലത്തിന് ഇനി ബാങ്ക് ഗാരന്റിയുടെ ആവശ്യമില്ല.

ഇനിമുതല്‍ ലേലം, സ്‌പെക്രടത്തിന്റെ കാലാവധി എന്നിവ 20-നു പകരം 30 വര്‍ഷമായിരിക്കും.

നടപടിക്രമങ്ങളിലെ മാറ്റം

കെ.വൈ.സി. എല്ലാം ഡിജിറ്റല്‍ ആകും. കണക്ഷന്‍ എടുക്കുമ്പോള്‍ ഉപഭോക്താവ് കടലാസില്‍ പൂരിപ്പിച്ചു നല്‍കേണ്ട. ആപ്പ് അധിഷ്ഠിത കെ.വൈ.സി. അനുവദിക്കും. പ്രീ പെയിഡില്‍നിന്ന് പോസ്റ്റ് പെയിഡിലേക്കും തിരിച്ചും മാറ്റുമ്പോള്‍ പുതിയ കെ.വൈ.സി. ആവശ്യമില്ല.

കമ്പനികള്‍ ഡേറ്റ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി. നിലവില്‍ എല്ലാം കടലാസുകെട്ടായി സൂക്ഷിക്കുന്ന 'പേപ്പര്‍ കസ്റ്റമര്‍ അക്വിസിഷന്‍ ഫോം' നിര്‍ത്തി.

ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. ഇതിനായി മറ്റു ഏജന്‍സികളുടെ പോര്‍ട്ടല്‍ ടെലികോം പോര്‍ട്ടലുമായി ബന്ധിപ്പിക്കും.

സ്‌പെക്ട്രം ലേലം വര്‍ഷത്തിന്റെ അവസാനപാദത്തിലേക്ക് മാറ്റി.

1953-ലെ കസ്റ്റംസ് ചട്ടത്തില്‍ മാറ്റം. ടെലികോം സാധന സാമഗ്രികളുടെ ഇറക്കുമതി എളുപ്പമാകും.

എല്ലാ കുടിശ്ശികയ്ക്കും നാലുവര്‍ഷം മൊറട്ടോറിയം

എ.ജി.ആറുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയം.

മുന്‍വര്‍ഷങ്ങളില്‍ സ്‌പെക്ട്രം വാങ്ങിയ വകയിലുള്ള കുടിശ്ശികയ്ക്കും മൊറട്ടോറിയം.

അടയ്ക്കാനുള്ള തുകയ്ക്കുമേലുള്ള പലിശ ഇക്വിറ്റിയായി നല്‍കാം. ഇതിനുള്ള മാര്‍ഗരേഖ പിന്നീട് പുറപ്പെടുവിക്കും.

വാഹനമേഖലയില്‍ 42,500 കോടിയുടെ നിക്ഷേപം

2.3 ലക്ഷം കോടിയുടെ ഉല്പാദനം

7.6 ലക്ഷം ആളുകള്‍ക്ക് തൊഴില്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 26,058 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിയിലൂടെ അടുത്ത അഞ്ചുകൊല്ലത്തിനിടെ 42,500 കോടി രൂപയുടെ നിക്ഷേപവും 2.3 ലക്ഷം കോടിയുടെ ഉത്പാദനവും വാഹനമേഖലയില്‍ മാത്രമുണ്ടാകുമെന്ന് വാര്‍ത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡ്രോണ്‍ മേഖലയില്‍ മൂന്നുകൊല്ലംകൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപവും 1500 കോടി രൂപയുടെ ഉത്പാദനവും നടക്കും. 7.6 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.

ഈ പദ്ധതിയും അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്ലിനായി പ്രഖ്യാപിച്ച 18,100 കോടിയുടെ പദ്ധതി, ഇലക്ട്രിക്വാഹന നിര്‍മാണത്തിനുള്ള 10,000 കോടിയുടെ പദ്ധതി എന്നിവയും വാഹനമേഖലയില്‍ വലിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ.

ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇതുവരെ ഈ രംഗത്ത് കടന്നുവരാത്ത നിക്ഷേപകര്‍ക്കും പുതിയ പദ്ധതി ലഭ്യമാകും. ചാമ്പ്യന്‍ ഒ.ഇ.എം.(യഥാര്‍ഥ ഉപകരണ നിര്‍മാതാക്കള്‍)പ്രോത്സാഹന പദ്ധതി, കംപോണന്റ്് ചാമ്പ്യന്‍ ആനുകൂല്യപദ്ധതി എന്നീ രണ്ടുഘടകങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ക്കും ഹൈഡ്രജന്‍ ഇന്ധനസെല്‍ വാഹനങ്ങള്‍ക്കും ബാധകമായ വില്‍പ്പന മൂല്യബന്ധിതപദ്ധതിയാണ് ചാമ്പ്യന്‍ ഒ.ഇ.എം. വാഹനങ്ങളുടെ നൂതന ഓട്ടോമോട്ടീവ് ടെക്നോളജി ഘടകങ്ങള്‍, കിറ്റുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്കുള്ള വില്‍പ്പന മൂല്യബന്ധിതപദ്ധതിയാണ് കംപോണന്റ് ചാമ്പ്യന്‍ പ്രോത്സാഹനപദ്ധതി.

5 ജി സ്‌പെക്ട്രം ലേലം ഫെബ്രുവരിയോടെ

ടെലികോം മേഖലയില്‍ 5 ജി സ്‌പെക്ട്രത്തിന്റെ ലേലം അടുത്തവര്‍ഷം ഫെബ്രുവരിയോടെ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചിലപ്പോള്‍ ജനുവരി അവസാനത്തോടെതന്നെ നടപടി തുടങ്ങാന്‍ കഴിയും.

കേന്ദ്രമന്ത്രിസഭായോഗം ടെലികോം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജ്, നിലവിലുള്ള കമ്പനികളുടെ അതിജീവനത്തിന് പര്യാപ്തമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ പരിഷ്‌കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും ആലോചനയിലുണ്ട്. ഇതുകൂടി കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram