ഗുർദാസ്‌പുരിലെ കാലാ അഫാഗാനിലെ തന്റെ മൺവീടിനെ ഒന്നു മാറ്റിപ്പണിയാനാണ് ഹർജിത് മസിഹ് ഗൾഫിലേക്കു പോകാനാഗ്രഹിച്ചത്. മസ്കറ്റിലുള്ള അയൽക്കാരന്റെ കോൺക്രീറ്റ് ചെയ്ത വീട് അയാളുടെ സ്വപ്നങ്ങളെ വാനിലുയർത്തി.
ആകെയുള്ള രണ്ടു കുഞ്ഞു മുറികളിൽ അഞ്ചു പേരും രണ്ടു പശുക്കളും തിങ്ങിനിറഞ്ഞ ആ മൺവീട്ടിലെ അന്തേവാസിക്ക് ജീവിതത്തിനു നിറമേകാൻ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. മയക്കുമരുന്നു ഇടപാടല്ലാതെ നാട്ടിൽ വരുമാനമുള്ള മറ്റൊരു പണിയുമുണ്ടായിരുന്നില്ല. ദുബായ് ആയിരുന്നു മിക്കവരുടെയും സ്വപ്നം. പഠിപ്പു തികയാത്ത പത്തൊമ്പതുകാരനായ യുവാവിനുപക്ഷേ, ഇറാഖാണ് ആകർഷകമായി തോന്നിയത്. ദുബായിൽ മാസം പതിനയ്യായിരം രൂപ കിട്ടുമ്പോൾ ഇറാഖിൽ ഇരുപത്തിയയ്യായിരം കിട്ടും.
അരക്ഷിതാവസ്ഥയുടെ കൂലി.. മറുഗതിയില്ലാത്ത മസിഹിന് മറ്റോന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വീടും സ്ഥലവും പണയപ്പെടുത്തി ഒന്നരലക്ഷം ഏജന്റിനു നൽകി ഇറാഖിലെ ജോലി മസിഹ് ഒപ്പിച്ചു.
ഇറാഖിലെ ബസ്ര വിമാനത്താവളത്തിൽ മസിഹിനെയും നാട്ടുകാരായ മറ്റു ഭാഗ്യാന്വേഷികളെയും സ്വീകരിക്കാൻ പക്ഷേ, ആരുമുണ്ടായിരുന്നില്ല. പരിഭ്രാന്തമായ ചില ഫോൺ വിളികൾക്കൊടുവിൽ ബാദ്ഗാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറിയിൽ അവർ എത്തിച്ചേർന്നു. രണ്ടാഴ്ച തള്ളി നീക്കിയിട്ടും ജോലിയൊന്നും ലഭിച്ചില്ല. ഗുർദാസ്‌പുരിലെ ഏജന്റിനെ നിരന്തരം വിളിച്ചപ്പോൾ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മോസുളിൽ ടവർ ഉണ്ടാക്കുന്ന പണിക്ക് അവരെ കൊണ്ടുപോകാനുള്ള ധാരണയായി.
ജൂലായ് 2012 ആയിരുന്നു അത്. മോസുളിലെ കാർഷികകോളേജിനും മോസുൾ സർവകലാശാലയിലും ഇടയ്ക്കായിരുന്നു പണിസ്ഥലം. ഷിയാ-സുന്നി സംഘർഷം നടക്കുന്ന അരക്ഷിതമായ മോസുൾ നഗരത്തിൽ പ്രായേണ സുരക്ഷിതമായ ഒരു ഇടമായിരുന്നു അത്. ഇറാഖി പട്ടാളത്തിന്റെ എലൈറ്റ് വിഭാഗത്തിന്റെ രണ്ടാം ഡിവിഷന്റെ ആസ്ഥാനം അടുത്തുള്ളതായിരുന്നു കാരണം. സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളും നഗരത്തെ പിടിച്ചുകുലുക്കിയെങ്കിലും ജോലി പരിസരത്തുനിന്നു പുറത്തേക്ക് പോകാഞ്ഞതിനാൽ അതൊന്നും ഇന്ത്യൻ പണിക്കാരെ ബാധിച്ചില്ല. ഒരു വർഷമങ്ങനെ കടന്നുപോയി.
മോസുളിലെ ജോലിക്ക് അവർക്ക് കൃത്യമായി കൂലി ലഭിച്ചിരുന്നു. ഭക്ഷണവും. ആദ്യത്തെ നാലു മാസത്തിനുള്ളിൽ അറുപത്തിയ്യായിരം രൂപ നാട്ടിലേക്കയയ്ക്കാൻ മസിഹിനു പറ്റി. ഇലക്‌ട്രീഷ്യനായിരുന്നെങ്കിലും നിർമാണജോലിയുടെ എല്ലാ ഭാഗവും അയാൾ പഠിച്ചെടുക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിൽ അവർ കൂട്ടുകാരുമൊന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റു ചെയതു.
കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അവർക്കുബോധ്യമായി തുടങ്ങി. എത്തുന്ന വാർത്തകൾ അത്ര നല്ലതായിരുന്നില്ല. സിറിയയിൽ കൊടുമ്പിരിക്കൊണ്ട യുദ്ധം ഇറാഖിലേക്ക് പടർന്നതായി വാർത്തകൾ വന്നുതുടങ്ങി. അൽ ഖായിദ ആക്രമണങ്ങൾ ഇറാഖിനെ ഗ്രസിച്ചു.
ഫലൂജ വീണതോടെ ഇറാഖ് അനിശ്ചിതത്ത്വത്തിന്റെ ഇരുട്ടിലേക്കുവീണു. അവരുടെ പ്രോജക്ടിന്റെ ചീഫ് എൻജിനീയർ സ്ഥലം വിടാനൊരുങ്ങി. ഒന്നും സംഭവിക്കില്ല, നിങ്ങൾ ജോലി തുടർന്നോളൂ. അയാൾ ഉറപ്പു നൽകി. വൈകാതെ പരിസരവാസികൾ പെട്ടിയും കിടക്കയുമായി സ്ഥലമൊഴിഞ്ഞു തുടങ്ങി. പേടിക്കാനൊന്നുമില്ല. അൽ ഖായിദക്കാർ രണ്ടു ദിവസം ബഹളമുണ്ടാക്കി സ്ഥലം വിടും മാത്രമല്ല പരദേശികളായ നിങ്ങളെ അവർ ഉപദ്രവിക്കുകയുമില്ല. സർവേയറായ മൊഹമ്മദ് അവരെ ആശ്വസിപ്പിച്ചു.
പരിസരം പെട്ടന്ന് വിജനമായി. ക്രെയിനുകളും ട്രക്കുകളും അനാഥമായിക്കിടന്നു; ഇന്ത്യൻ പണിക്കാരും. പണമോ പാസ്പോർട്ടോ ഇല്ലാതെ അവർ അന്തിച്ചുനിന്നു. ഐ.എസ്. എതിരാളികളെ കീഴടക്കി കുതിച്ചു കയറുകയായിരുന്നു അപ്പോൾ.
ജൂൺ 9-ന് ഐ.എസ്. മോസുൾ ആക്രമിച്ചു. ഷെല്ലുകളുടെയും വെടിയൊച്ചകളുടെയും ശബ്ദത്താൽ നഗരം കിടുങ്ങി നിന്നു. ഇറാഖി എലൈറ്റ് സൈന്യം പലായനം ചെയ്തു. നഗരവാസികളെയും പട്ടാളക്കാരെയും കൂട്ടക്കൊല ചെയ്ത് ഐ.എസ്. മുന്നേറി.
മസിഹും സംഘവും സഹായത്തിനായി അഭ്യർഥിച്ചു പരക്കെ ഫോൺ ചെയ്തു കൊണ്ടിരുന്നു. പണിക്കയച്ച ഏജന്റും ബാഗ്‌ദാദിലെ ഇന്ത്യൻ എംബസിയും സഹായിക്കുമെന്നു വാക്കുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.
എഴുനൂറു കിലോമീറ്റർ ദൂരെനിന്ന് ഞങ്ങൾ എന്തുചെയ്യാൻ. ഒരുദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. കമ്പനിയായ താരിഖ് നീർ അൽ ഹുദായുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കാർ സുരക്ഷിതരാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് എംബസി വക്താവ് വികാസ് സ്വരൂപ് പിന്നീട് പറഞ്ഞു.
രണ്ടു പിക്ക് അപ്പ് ട്രക്കുകളിൽ തോക്കുധാരികളായ ഭീകരവാദികൾ പണി സ്ഥലത്തെത്തി. എന്താണ് അവർക്ക് കൊടുക്കാനുള്ളതെന്നു വെച്ചാൽ കൊടുക്കൂ... മുതിർന്ന ഒരു നേതാവ് അബു കരീമിനോടാജ്ഞാപിച്ചു. എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ഭീകരവാദികൾ ഇന്ത്യൻ ജോലിക്കാരെ ഇറാഖി കുർദിസ്താനിലെ എർബലേക്ക് കൊണ്ടുപോകാമെന്നേറ്റു. അവിെട നിർമാണജോലികൾ ഉണ്ടത്രെ.
രാത്രിയായപ്പോൾ രണ്ടു സെഡാൻ കാറുകളിൽ കറുത്ത ടീ ഷർട്ട് ധരിച്ച്, മുഖം മറച്ച പത്തു പേർ സ്ഥലത്തെത്തി. സംഭാഷണങ്ങൾക്കൊടുവിൽ അവർ പാസ്പോർട്ട് ആവശ്യപ്പെട്ടു. ഇഖാമ (വിസ) തരാമെന്നേറ്റു. രാത്രിയായപ്പോൾ ഒരു വലിയ ട്രക്ക് വന്നു നിന്നു. മസിഹും സംഘവും വാഹനത്തിൽ കയറി. ടൈഗ്രിസ് നദി കടന്ന് വാഹനം അഞ്ചു നാഴികയോളംം ദൂരത്തുള്ള അൽ കുദൂസ് കെട്ടിടത്തിലേക്ക് നീങ്ങി. സംഗതി പക്ഷേ, പാളി. ഒരു റോക്കറ്റ് കെട്ടിടത്തിൽ പതിച്ചു പൊട്ടിത്തെറിച്ചു. ആളുകൾ ചിതറിയോടി.
‘‘ഹിന്ദ്യ, സാഫ്, സാഫ്, സാഫ്...’’ (ഇന്ത്യക്കാരെ വരിവരിയായി നിൽക്കൂ) ഒരു ഭീകരൻ ഉച്ചത്തിൽ ആജ്ഞാപിച്ചു.
ഇരുണ്ട തെരുവുകളിലൂടെ മസിഹിനെയും സംഘത്തെയും കറുത്ത യൂണിഫോമിട്ട ഭീകരർ നടത്താൻ തുടങ്ങി.. പതിനഞ്ചു മിനിറ്റു നടന്നപ്പോൾ അവർ മറ്റൊരു തെരുവിലെത്തി.. ഭീകരവാദികൾ ഒരു ബേസ്‌മെന്റിൽ എല്ലാവരെയും ഇരുത്തി. കുടിക്കാൻ ഫാന്റയും കൊക്കകോളയും സ്‌പ്രൈറ്റും വിതരണം ചെയ്തു. ഭക്ഷണമായി ബിസ്‌ക്കറ്റും കിട്ടി.
നമ്മളെ തട്ടിക്കൊണ്ടു പോന്നതാണെന്നു തോന്നുന്നു. രാത്രി പുലർന്നപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു. യാഥാർഥ്യം പതുക്കെ കണ്ണുതുറക്കുകയായിരുന്നു. വൈകുന്നേരം ഒരാൾ പ്ലാസ്റ്റിക് ബാഗുമായി അവരുടെ സമീപമെത്തി. നിങ്ങളുടെ പാസ്പോർട്ടുകൾ എന്റെ കൈയിലുണ്ട് നമുക്ക് പോകാം. അയാൾ പറഞ്ഞു.
അവർ ട്രക്കിൽ കയറി അഞ്ചു നാഴികയപ്പുറത്തുള്ള അൽ മസൂർ വ്യവസായകേന്ദ്രത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലെത്തി. ബ്രഡ്, കുബ്ബൂസ്, തേൻ, ജ്യൂസ്. സോപ്പ് എന്നിവ അതിഥികൾക്കെന്ന പോലെ വിതരണം ചെയ്യപ്പെട്ടു. മസിഹിനും സംഘത്തിനും ആശ്വാസമായി. കെട്ടിടം പൂട്ടി ഭീകരവാദികൾ പോയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സിമ്രാൻജീത്ത് നാട്ടിലുള്ള പെങ്ങൾക്ക് ഫോൺ ചെയ്തു. ഞങ്ങളെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി. പക്ഷേ, പേടിക്കേണ്ട അവർ ഉപദ്രവിച്ചൊന്നുമില്ല, മാത്രമല്ല നന്നായി നോക്കുന്നുമുണ്ട്. എല്ലാവരും നാട്ടിലേക്ക് ഫോൺ വിളികൾ നടത്തി.
തടവ് സുഖമായി തോന്നി. കുളിയും കഴുകലുമെല്ലാം തകൃതിയായി നടന്നു. ദിവസം രണ്ടുനേരം ചൂടോടെ ഭക്ഷണമെത്തി. അർബാബിനെക്കാൾ നന്നായി നോക്കുന്നുണ്ടല്ലോ എന്നവർ പരസ്പരം തമാശപൊട്ടിക്കുകയും ചെയ്‌തു.
രണ്ടാംദിവസമായി.
എത്ര നാളത്തേക്കിങ്ങനെ കഴിയണമെന്നുള്ള ചോദ്യത്തിന് ആവശ്യമുള്ളത്രയും എന്ന മറുപടി കിട്ടി. ജൂൺ 13-നും 14-നും സംഘത്തിലെ കമാലും ഹരീഷും ബാഗ്ദാദിലെ ഇന്ത്യൻ എംബസിയിലേക്കു ഒട്ടേറെ തവണ വിളിച്ചു. എംബസിയിലെ ഡി.വി. സിങ്ങുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മോസുളിൽ 40 ഇന്ത്യൻ ജോലിക്കാർ തടവിലാക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത സർക്കാർ ജൂൺ 18-ന് പുറത്തുവിട്ടു.
ജൂൺ 15-ന് സ്ഥിതിഗതികൾ മാറി. കൂടുതൽ ഭീകരവാദികൾ സ്ഥലത്തെത്തി തമ്പടിച്ചു. വൈകുന്നേരം നാലു മണിയോടെ. തടവിലുള്ള ഇന്ത്യക്കാരോടും ബംഗ്ലാദേശികളോടും പ്രത്യേകം ഗ്രൂപ്പായി മാറിനിൽക്കാൻ നിർദേശമുണ്ടായി. ഇന്ത്യക്കാർ ഞങ്ങളോടൊപ്പം വരൂ. അവർ ആജ്ഞാപിച്ചു.
പുറത്ത് വലിയൊരു കണ്ടെയ്‌നർ നിന്നു. മസിഹ് ഉള്ളിൽ കയറിയപ്പോൾ കണ്ണും കൈയും കെട്ടപ്പെട്ട ഒരാളെ ഉള്ളിൽ കണ്ടു. എല്ലാവരും കയറിയപ്പോൾ വാതിലടഞ്ഞു. ഇരുട്ടു നിറഞ്ഞു. ശ്വാസം മുട്ടിത്തുടങ്ങി. ചൂടകറ്റാൻ ബനിയനുകൾ അഴിച്ച് എല്ലാവരും വീശി. തട്ടിയും തടഞ്ഞു യാത്ര നീണ്ടു.
നമ്മൾ എർബലേക്കു പോകുകയാണ്. ആരോ സ്വയം ആശ്വസിച്ചു ആത്മഗതംപോലെ പറഞ്ഞു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ യാത്ര അവസാനിച്ചു. കത്തുന്ന വെളിച്ചത്തിലേക്ക് വാതിൽ തുറക്കപ്പെട്ടു. ‘‘ഇറങ്ങൂ.’’ -ഒരു ഭീകരവാദി ആക്രോശിച്ചു. തരിശ്ശായ ഒരു സ്ഥലത്തേക്ക് ഓരോരുത്തരായി ഇറങ്ങി. നരച്ച കുന്നുകൾ സ്ഥലത്തിനരികു നിന്നു. കിഴക്കുഭാഗത്ത് ഒരു റെയിൽപ്പാളം നീണ്ടുകണ്ടു., ദൂരെ ഒരു പ്രേതാത്മാവു പോലെ ഒരു ടവർ ഏകാന്തമായി നിന്നു. സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു. വൈകുന്നേരം നാലരയായിക്കാണും എന്ന മസിഹ് ഒർക്കുന്നു. പുറത്ത് പത്തുനാൽപ്പതോളം ഭീകരവാദികൾ തമ്പടിച്ചിരുന്നു. മോസുൾ നഗരപ്രാന്തത്തിലുള്ള ബാദോഷ് മരുപ്രദേശമായിരുന്നു അത്.
നിങ്ങൾ ഇറാഖിൽ എന്തെടുക്കാൻ വന്നു. ഐ.എസ്. യൂണിഫോമിട്ട ഒരാൾ ശബ്ദമുയർത്തി. ആരും മറുപടി പറഞ്ഞില്ല.
എല്ലാവരും വരിവരിയായി നിൽക്കൂ, അയാൾ ആക്രോശിച്ചു.
‘അബ് തൊ ഹമാരാ കാം ഹോനെ വാലാ ഹെ.’ മരിക്കാൻ പോകുകയാണെന്ന് ആ നിമിഷം മസിഹിനു ബോധ്യപ്പെട്ടു.
ആളുകൾ കരയാൻ തുടങ്ങി. കൈകൾ കൂപ്പി അവർ രക്ഷ യാചിച്ചു. ആരും ചെവിക്കൊണ്ടില്ല.
എല്ലാവരും മുട്ടിൽ നിൽക്കണമെന്ന കല്പന വന്നു. ‘‘പോകാനനുവദിക്കൂ ചിലർ കെഞ്ചി...’’ മുട്ടുകുത്തി നിൽക്കാനുള്ള കർശന സ്വരം വീണ്ടുമുയർന്നു.
മസിഹ് നിരയുടെ മധ്യത്തിലായിരുന്നു. ഇടത് ബംഗാളിൽനിന്നുള്ള സമൽ. വലത് കൂട്ടത്തിലെ വലിയ മനുഷ്യൻ പഞ്ചാബിൽ നിന്നുള്ള ബൽവാൻ റായ് സിങ്. മുട്ടു കുത്തി നിന്ന ഇന്ത്യക്കാർക്കു പിന്നിൽ നിന്ന ആയുധധാരികൾ പരസ്പരം സംസാരിച്ചു നിന്നു.
രണ്ടുപേർ നിരയുടെ മുന്നിലുണ്ടായിരുന്നു. ഒരാൾ വാഹനത്തിലുണ്ടായിരുന്ന ബന്ധനസ്ഥൻ. മറ്റൊരാൾ ക്യാമറ ധരിച്ച ഐ.എസ്. ഭീകരവാദി.
ഠെ... ഠെ... ഠെ... വെടിയൊച്ച മുഴങ്ങി.
ആദ്യ വെടിക്കുതന്നെ സമൽ വീണു; മസിഹും. പൂഴിയിൽ മുഖമമർത്തി അയാൾ അനങ്ങാതെ കിടന്നു. നിമിഷങ്ങൾക്കകം ബൽവാൻ സിങ്ങിന്റെ ഭാരിച്ച ശരീരം മസിഹിനു മേൽ വീണു. മസിഹ് അനങ്ങാനാവാതെ കിടന്നു. ഒരു ബുള്ളറ്റ് എന്നെ തൊട്ടു കടന്നു പോയി, മസിഹ് ഓർത്തു. ഞാൻ ശ്വാസമടക്കിപ്പിടിച്ചു അനങ്ങാതെ കിടന്നു.
ഏകദേശം ഒരു മിനിറ്റിനുള്ളിൽ വെടിയൊച്ചകൾ നിലച്ചു. ഇരുപതു മിനിറ്റുകൾ കഴിഞ്ഞപ്പോൾ മസിഹ് മെല്ലെ തല ചരിച്ചു നോക്കി. എങ്ങും ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ. ഭീകരർ പോയ്ക്കഴിഞ്ഞിരുന്നു.. മസിഹ് പതുക്കെ എഴുന്നേറ്റു.
ആരുടെയും മുഖങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞാൻ മരവിച്ചുപോയിരുന്നു. കുറച്ചു ദൂരെ നരച്ച ആകാശത്തേക്ക് കണ്ണയച്ച ഒരാൾ കിടക്കുന്നതു കണ്ടു. അയാൾക്കു ജീവനുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച ശരീരത്തിൽ നിറയെ ബുള്ളറ്റ് തുളകൾ.
‘‘നിങ്ങൾക്കു നടക്കാനാവുമോ,’’ മസിഹ് ചോദിച്ചു. ഇല്ലെന്നയാൾ കൈയുയർത്തി കാണിച്ചു.
‘‘ക്ഷമിക്കൂ എനിക്കു പോയേപറ്റൂ’’ കൈകൾ കൂപ്പി മസിഹ് അയാളോടു യാത്രപറഞ്ഞു.
റെയിൽവേട്രാക്കു കടന്ന് വേച്ചുവേച്ചു മസിഹ് ഒടുവിൽ ഹൈവേയിലെത്തി. കരുണാമയനായ ഒരാൾ ഒടുവിൽ എർബിലെ ഇറാഖി സൈനികക്യാമ്പിൽ അയാളെ സുരക്ഷിതനായി എത്തിച്ചു.
(കടപ്പാട്: ഫൗണ്ടൻ ഇങ്ക്)