വിദ്യാഭ്യാസത്തില്‍ മുന്നേറിയിട്ടും കേരളത്തിലെ സ്ത്രീകള്‍ തൊഴിലിലും വേതനത്തിലും പിന്നില്‍


By എസ്.എന്‍. ജയപ്രകാശ്

3 min read
Read later
Print
Share

കേരളത്തിലെ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തനിരക്ക് 30.81 ശതമാനം മാത്രമാണെന്ന് സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.

സ്ത്രീസമത്വത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തൊഴില്‍പങ്കാളിത്തത്തിലും വേതനത്തിലും കേരളത്തിലെ സ്ത്രീകള്‍ അസമത്വം നേരിടുന്നത് ചൂണ്ടിക്കാട്ടി ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തികാവലോകനം. ജനസംഖ്യയില്‍ കൂടുതലായിരുന്നിട്ടും വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്നിട്ടും സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തത്തില്‍ കേരളം പിന്നില്‍ത്തന്നെ. വേതനത്തിന്റെ കാര്യത്തിലും സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം ഇവിടെ രൂക്ഷമാണ്.

കേരളത്തിലെ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തനിരക്ക് 30.81 ശതമാനം മാത്രമാണെന്ന് സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശില്‍ 46.6-ഉം തമിഴ്നാട്ടില്‍ 39.2-ഉം കര്‍ണാടകത്തില്‍ 32.7 ശതമാനവുമാണിത്. ഛത്തീസ്ഗഢ്, അരുണാചല്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേരളത്തിനുമുന്നിലാണ്. ദേശീയ ശരാശരിയായ 23.7 ശതമാനത്തില്‍നിന്ന് ഏറെയൊന്നും മുന്നിലല്ല ഇക്കാര്യത്തില്‍ കേരളം.

അസംഘടിത മേഖലയില്‍ മാത്രമല്ല, കാര്‍ഷികരംഗത്തും സ്ഥിരവരുമാനവും ശമ്പളവുമുള്ള തൊഴിലുകളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കുറഞ്ഞ വേതനമാണ് കേരളത്തില്‍ ലഭിക്കുന്നത്. കേരളത്തിലെ ഗ്രാമീണമേഖലയില്‍ കാര്‍ഷിക ജോലികള്‍ക്ക് പുരുഷന് കിട്ടുന്ന ശരാശരി കൂലി 683.93 രൂപയാണ്. ഈ ജോലിക്ക് സ്ത്രീക്ക് ലഭിക്കുന്നത് 477.5 രൂപയും. അതായത്, പുരുഷന് ലഭിക്കുന്ന കൂലിയുടെ 70 ശതമാനമേ സ്ത്രീക്ക് കിട്ടുന്നുള്ളൂ.
സ്ഥിരവരുമാനം അഥവാ ശമ്പളമുള്ള ജോലികള്‍ക്ക് കേരളത്തിലെ ഗ്രാമങ്ങളില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശരാശരി വേതനം ദിവസാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 368.44 രൂപയാണ്. എന്നാല്‍, ഈ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 240.45 രൂപമാത്രം. ഇത്തരം ജോലികള്‍ക്ക് നഗരങ്ങളില്‍ പുരുഷന്മാര്‍ക്ക് 519.84 രൂപ ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 412.47 രൂപയാണ്.

വിദ്യാഭ്യാസനിലവാരം കൂടിയതിനാല്‍ കുറഞ്ഞ ശമ്പളമുള്ള അനൗപചാരിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്കുള്ള വിമുഖതയാണ് അവരുടെ തൊഴില്‍പങ്കാളിത്തം കുറയാന്‍ കാരണമായി സാമ്പത്തികാവലോകനം ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കുന്നതില്‍ സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് പങ്കുണ്ട്. എന്നാല്‍, കേരളത്തില്‍ സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്. കേരളത്തിലെ സ്ത്രീ സ്വയംതൊഴില്‍ ജീവനക്കാരുടെ ശതമാനം ഗ്രാമപ്രദേശങ്ങളില്‍ 36.7-ഉം നഗരങ്ങളില്‍ 36.1-ഉം ആണ്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. കേരളത്തിലാകട്ടെ, ഉത്പാദനക്ഷമത കുറഞ്ഞ പാരമ്പര്യ മേഖലകളിലാണ് തൊഴിലാളിസ്ത്രീകള്‍ കൂടുതലും പണിയെടുക്കുന്നതെന്നും സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മയില്‍ കേരളം മുന്നില്‍

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയം 2015-'16ല്‍ നടത്തിയ സര്‍വേപ്രകാരം രാജ്യത്ത് പ്രധാന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്-12.5 ശതമാനം. ഇത് ദേശീയ ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. എന്നാല്‍, എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2012-ല്‍ 44.99 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2018 ഒക്ടോബര്‍ 31-ന് ഇത് 6.24 ലക്ഷം കുറഞ്ഞ് 38.75 ലക്ഷമായി. ഇതില്‍ 62 ശതമാനവും സ്ത്രീകളാണ്.

കര്‍ഷകരുടെ സ്ഥിതി പരിതാപകരം

കാര്‍ഷികമേഖല കാര്യമായി വളര്‍ന്നെങ്കിലും കേരളത്തിലെ കര്‍ഷകരുടെ സ്ഥിതി പരിതാപകരമെന്ന് സാമ്പത്തികാവലോകനം. 2007 മുതല്‍ കേരളത്തില്‍ കര്‍ഷകരുടെ ഉത്പാദനച്ചെലവ് വരുമാനത്തെക്കാള്‍ കൂടുതലാണ്. വിലസമാനതാ സൂചിക എന്ന സങ്കല്പത്തിലൂടെയാണ് കര്‍ഷകരുടെ വരവും ചെലവും തമ്മിലുള്ള അന്തരം സാമ്പത്തികാവലോകനത്തില്‍ വിശദീകരിക്കുന്നത്. 2017-ല്‍ ഈ സൂചിക 65.08 ആയിരുന്നു. 2018-ല്‍ ഇത് 64.17 ആയി താഴ്ന്നു.

2016-ല്‍ കര്‍ഷകരുടെ കൃഷിച്ചെലവിന്റെ സൂചിക 12,936.25-ഉം വരുമാനത്തിന്റെ സൂചിക 7730.75-ഉം ആയിരുന്നു. ഇത് 2017-ല്‍ യഥാക്രമം 13,620.25-ഉം 8862.25-ഉം ആയി. 2018-ല്‍ ഇത് 14,015.33-ഉം 9019.5-ഉം ആയി. 1952-'53 വര്‍ഷം അടിസ്ഥാനമാക്കിയാണ് ഈ സൂചിക കണക്കാക്കുന്നത്. അന്നത്തെ നൂറുരൂപയുടെ സ്ഥാനത്ത് ഇപ്പോള്‍ ചെലവും വരവും എത്രയെന്ന് കണക്കാക്കുന്നതാണ് ഈ സൂചിക.
കൂടിയ കൃഷിച്ചെലവ്, വലിയതോതിലുള്ള ഗതാഗതച്ചെലവ്, കൂലിയിലുള്ള വര്‍ധന, വിളകളുടെ വിലയിടിവ് എന്നിവയൊക്കെ കാരണം കര്‍ഷകരുടെ അവസ്ഥ പരിതാപകരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രധാന വിളകളുടെ ഉത്പാദനവും 2017-'18ല്‍ കുറഞ്ഞു. നെല്ലുത്പാദനം 2016-'17നെക്കാള്‍ 19 ശതമാനം കൂടിയെങ്കിലും 2015-'16നെക്കാള്‍ 5.1 ശതമാനമായി കുറഞ്ഞു. നാളികേര ഉത്പാദനം 2.8 ശതമാനം കുറഞ്ഞു. എന്നാല്‍, കുരുമുളകിന്റെ ഉത്പാദനം 11.4 ശതമാനം കൂടി 37,995 ടണ്‍ ആയി.

കേരളീയരുടെ പ്രതിശീര്‍ഷവരുമാനം 1.48 ലക്ഷം രൂപയായി

കേരളീയന്റെ പ്രതിശീര്‍ഷ വരുമാനം 1,39,643 രൂപയില്‍നിന്ന് 1,48,927 രൂപയായെന്ന് സാമ്പത്തികാവലോകനം. 2016-'17ല്‍നിന്ന് 2017-'18ല്‍ 6.55 ശതമാനമാണ് കൂടിയത്. ഇന്ത്യന്‍ ശരാശരിയായ 87,783 രൂപയെക്കാള്‍ വളരെക്കൂടുതലാണ് കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം. പ്രതിശീര്‍ഷ വരുമാനത്തില്‍ എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. മലപ്പുറമാണ് ഇപ്പോഴും ഏറ്റവും പിന്നില്‍. വയനാടിനാണ് 13-ാം സ്ഥാനം.

സമരങ്ങള്‍ കുറഞ്ഞിട്ടും തൊഴില്‍ദിനനഷ്ടം കൂടുന്നു

സമരങ്ങള്‍ കുറഞ്ഞെങ്കിലും ഫാക്ടറികള്‍ പൂട്ടുന്നതും തൊഴിലാളികളെ ഒഴിവാക്കുന്നതും കാരണം കേരളത്തില്‍ തൊഴില്‍ദിനങ്ങള്‍ കൂടുതലായി നഷ്ടപ്പെടുന്നു. സമരങ്ങള്‍മൂലം 2015-ല്‍ 2.21 ലക്ഷം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, തൊഴില്‍ മുടക്കുന്ന സമരങ്ങളോട് തൊഴിലാളികള്‍തന്നെ വിടപറഞ്ഞതിനാല്‍ 2018-ല്‍ ഓഗസ്റ്റ്വരെ വെറും 90 തൊഴില്‍ദിനങ്ങളേ ? സമരങ്ങള്‍ കാരണം നഷ്ടമായുള്ളൂ. എന്നാല്‍, ഫാക്ടറികള്‍ പൂട്ടിയിടുന്നതിനാല്‍ 2018-ല്‍ ജൂലായ് വരെ 3.64 ലക്ഷം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. 2015-ലേതുമായി താരതമ്യപ്പെടുത്തിയാല്‍ 46,000 തൊഴില്‍ദിനങ്ങള്‍ കഴിഞ്ഞവര്‍ഷം അധികം നഷ്ടപ്പെട്ടു.
തൊഴിലാളികളെ ഒഴിവാക്കുന്നതുകൊണ്ട് 2014-ല്‍ വെറും 68,330 തൊഴില്‍ദിനങ്ങളാണ് കുറഞ്ഞതെങ്കില്‍ കഴിഞ്ഞവര്‍ഷം ജൂലായ് വരെമാത്രം 2.91 ലക്ഷം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. 2015-ല്‍ വ്യവസായശാലകളുടെ എണ്ണം 21,850 ആയിരുന്നു. 2018-ല്‍ ഇത് 23,335 ആയി. ഇത് തൊഴില്‍സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രതിശീര്‍ഷ വരുമാനം ജില്ലതിരിച്ച്

തിരുവനന്തപുരം 1,49,074 രൂപ
കൊല്ലം 1,58,109
പത്തനംതിട്ട 1,11,814
ആലപ്പുഴ 1,53,982
കോട്ടയം 1,44,860
ഇടുക്കി 1,36,953
എറണാകുളം 1,66,996
തൃശ്ശൂര്‍ 1,37,306
പാലക്കാട് 1,05,076
മലപ്പുറം 97,836
കോഴിക്കോട് 1,15,193
വയനാട് 1,02,711
കണ്ണൂര്‍ 1,21,599
കാസര്‍കോട് 1,13,793

Content Highlights: gender equality report about kerala women and men in job,wage

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram