ഭരണകൂടം വല്യേട്ടൻ ചമയുമ്പോൾ വിയോജിക്കുന്നത്‌ കുറ്റമോ


എം.പി. വീരേന്ദ്രകുമാർ എം.പി.

5 min read
Read later
Print
Share

ജനാധിപത്യത്തിന്റെ കാതലുകളിലൊന്ന്‌ വിയോജിക്കാനുള്ള അവകാശമാണ്‌. അഭിപ്രായസ്വാതന്ത്ര്യവും അഭിപ്രായവ്യത്യാസവും പ്രകടിപ്പിക്കുന്നതിന്‌ വിലക്കേർപ്പെടുത്തുന്ന ഇടങ്ങൾ തടങ്കൽ പാളയങ്ങളായി മാറുന്നു. എതിർപ്പുകളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഏകശിലാത്മകമായ ചിന്താപദ്ധതി ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ്‌

2018 ജനുവരി 18-ന് പോലീസിൽ ഒരു പരാതി കൊടുക്കുമ്പോൾ, പുണെയിൽനിന്നുള്ള 38-കാരനായ വ്യാപാരി തുഷാർ രമേഷ് ദാംഗുഡെയ്ക്ക് തന്റെമേൽ ദേശീയശ്രദ്ധപതിയണമെന്നും മാധ്യമങ്ങൾ തന്നെ വളഞ്ഞുനിൽക്കണമെന്നും ഒരുവിധ ആഗ്രഹങ്ങളുമില്ലായിരുന്നു. ‘ദേശവിരുദ്ധരായ’ എല്ലാവർക്കും എതിരായ ഒരു സ്വയം സമർപ്പിത ദേശീയവാദിയാണ് താൻ എന്ന് അവകാശപ്പെടുന്നയാളാണ് ദാംഗുഡെ. പരാതി ഇതായിരുന്നു: ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ്-പേഷ്വാ

യുദ്ധത്തിന്റെ ഇരുനൂറാം വാർഷികം ഭീമാ കൊരേഗാവിൽ ജനുവരി ഒന്നിന് ചേർന്നിരുന്നു. അന്നവിടെ നടന്ന അക്രമങ്ങൾക്ക് പിറകിൽ മാവോവാദികളായ ഇടതുപക്ഷ പ്രവർത്തകരാണ്‌. തലേദിവസം എൽഗർ പരിഷദിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ ഇവർ പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇതിൽ അസ്വാഭാവികതയുണ്ട്.

വിയോജിക്കാനുള്ള അവകാശത്തോട് വിയോജിക്കുന്നവർ
ദാംഗുഡെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശ്രാംഭാഗ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ഏപ്രിലിൽ അന്വേഷണം തുടങ്ങി. ഏഴ് ആക്റ്റിവിസ്റ്റുകളുടെ വീടുകളിൽ റെയ്ഡ് നടത്തി. എൽഗർ പരിഷദ് സംഘാടകൻ ഹർഷാലി പോട്ദാർ, സുധീർ ധവാലെ, റോണ ജേക്കബ് വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ‘കബീർ കലാമഞ്ച്’ സാംസ്കാരിക സംഘടനയിലെ കലാകാരന്മാരായ സാഗർ ഘോർഖേ, ദീപക് ധെംഗളെ, രമേഷ് ഗെയ്‌ചോർ, ഭാര്യ ജ്യോതി ജഗ്പത് എന്നിവരുടെ ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. സുധീർ ധവാലെ, ഗാഡ്‌ലിങ്, വനാവകാശ പ്രവർത്തകൻ മഹേഷ് റൗട്ട്, നാഗ്പുർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഷോമ സെൻ, റോണ വിൽസൺ എന്നീ ആക്റ്റിവിസ്റ്റുകളെ മുംബൈ, നാഗ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന്് അറസ്റ്റുചെയ്തു. ‘നഗരകേന്ദ്രീകൃത മാവോവാദി പ്രവർത്തകർ’ എന്നാണ് ഇവർക്ക് പോലീസ് ചാർത്തിക്കൊടുത്ത പേര്. പ്രധാനമന്ത്രിയെ വധിക്കാൻ ‘രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ശൈലി’യിൽ ഇവർ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ട് എന്നും പോലീസ് അവകാശപ്പെട്ടു.

ഇക്കഴിഞ്ഞ ഒാഗസ്റ്റ്‌ 28-ന് പോലീസ് പത്ത്‌ ആക്ടിവിസ്റ്റുകളുടെ ഇടങ്ങളിൽ റെയ്ഡ് നടത്തി. അവിടെക്കൊണ്ട് തീർന്നില്ല പ്രശ്നങ്ങൾ. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അരുൺ ഫെരേറ, വെർണൻ ഗോൺസാൽവസ്, ഗൗതം നവ്‌ലാക, വരവരറാവു, സുധ ഭരദ്വാജ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സുപ്രീംകോടതി അറസ്റ്റ് സ്റ്റേ ചെയ്യുകയും ഇവരെ സെപ്റ്റംബർ ആറുവരെ വീട്ടുതടങ്കലിൽ വെക്കാൻ നിർദേശിക്കുകയും ചെയ്തു. വിയോജിക്കാനുള്ള അവകാശം ‘ജനാധിപത്യത്തിലെ സേഫ്റ്റി വാൽവാ’ണ് എന്ന് സുപ്രീംകോടതി ഈ സന്ദർഭത്തിൽ നിരീക്ഷിച്ചു.
അറസ്റ്റിനെതിരേ കോടതിയെ സമീപിച്ചത് രാജ്യത്തെ പ്രമുഖ അക്കാദമിക്കുകളും ചിന്തകരുമായ റൊമീല ഥാപർ, പ്രഭാത് പട്‌നായിക്‌, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയിൻ, മാജാ ദാരുവാല എന്നിവരാണ്. ഇന്ത്യൻ കൾച്ചർ ഫോറത്തിനുവേണ്ടി നയൻതാര സാഗാൾ, അരുന്ധതീ റോയ്, ഗീത ഹരിഹരൻ, അശോക് വാജ്‌പേയി, ജി. എൻ. ഡേവി, നസിറുദ്ദീൻ ഷാ, നന്ദിതാ ദാസ്, എൻ.എസ്. മാധവൻ തുടങ്ങിയവരും പ്രതിഷേധ ശബ്ദമുയർത്തി.

റെയ്ഡുകളും അറസ്റ്റുകളും

ദാംഗുഡെയുടെ വെറുമൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ആക്റ്റിവിസ്റ്റുകൾക്കെതിരേ നിരോധിത മാവോവാദി സംഘടനകളുടെ ‘സജീവ അംഗങ്ങൾ’, രാജ്യത്തിന്റെ ‘പരമാധികാരവും കെട്ടുറപ്പും’ തകർക്കാൻ ‘ഉന്നതതല ഗൂഢാലോചന’നടത്തിയവർ, രാജ്യവ്യാപകമായി ‘ഫാസിസ്റ്റ് വിരുദ്ധ മുന്നണി’യുണ്ടാക്കാൻ ശ്രമിക്കുന്നവർ എന്നീ ഗുരുതരകുറ്റങ്ങൾ ചാർത്തിയത്.
സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റും തെലുങ്ക് കവിയും സംസ്ഥാന രൂപവത്‌കരണത്തിനുമുമ്പ് തെലങ്കാന പ്രക്ഷോഭത്തിൽ പങ്കെടുത്തയാളുമാണ് വരവരറാവു. ഈ ഓപ്പറേഷനിലെ ദളിത് വിരുദ്ധതയ്ക്ക് തെളിവാണ് വരവര റാവുവിന്റെ മകളായ കെ. പാവനയോട് പോലീസ് ചോദിച്ച ഈ ചോദ്യം. ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജസ് സർവകലാശാല കാമ്പസിലെ വീട്ടിൽ കയറിവന്ന പോലീസ് അവരോട് ചോദിച്ചു: ‘‘നിങ്ങളുടെ ഭർത്താവ് ദളിതനായതിനാൽ ആചാരങ്ങൾ അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ, നിങ്ങളൊരു ബ്രാഹ്‌മണസ്ത്രീയാണ്. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ആഭരണമോ നെറ്റിയിൽ സിന്ദൂരമോ അണിയാത്തത്?’’

മുംബൈ സ്വദേശിയായ ആക്റ്റിവിസ്റ്റും കാർട്ടൂണിസ്റ്റുമായ ഫെരേറ മാവോവാദി നേതാവ് എന്ന് മുദ്രകുത്തപ്പെട്ട് അഞ്ചുവർഷം നാഗ്പുർ ജയിലിൽ കിടന്നയാളാണ്‌. 2011-ൽ തെളിവുകളൊന്നുമില്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ‘കളേഴ്‌സ് ഓഫ് ദ കേജ്’ എന്ന അദ്ദേഹത്തിന്റെ രചന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ തകർച്ചയെയും മൂല്യച്യുതിയെയും തുറന്നുകാട്ടുന്ന അനുഭവസാക്ഷ്യമാണ്. ഈ പുസ്തകം ബിസിനസ് ലൈനിൽ നിരൂപണം ചെയ്തുകൊണ്ട്, കഴിഞ്ഞവർഷം വർഗീയവാദികളാൽ കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷ് എഴുതി: ‘ഭരണകൂടം എല്ലാവിധ മനുഷ്യാവകാശങ്ങളെയും ധ്വംസിച്ച് ‘വല്യേട്ടൻ’ചമയുന്നതിന്റെ തെളിവ് ഈ പുസ്തകത്തിൽ കാണം.’

നിരോധിത നക്സലൈറ്റ് സംഘടനകൾക്ക് സഹായം ചെയ്തു എന്നാരോപിച്ച് ആയുധനിയമമനുസരിച്ച് 2013-ലാണ് ഗൊൺസാൽവസിനെ അറസ്റ്റുചെയ്തത്. ശിക്ഷ അനുഭവിച്ചതിനുശേഷമാണ് അദ്ദേഹം മോചിതനായത്. ഛത്തീസ്ഗഢ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തകയായ സുധാ ഭരദ്വാജാകട്ടെ ഇന്ത്യയിലെ പാർശ്വവത്‌കരിക്കപ്പെട്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻവേണ്ടി
അമേരിക്കൻ പൗരത്വം വേണ്ടെന്നുെവച്ച വ്യക്തിയാണ്. ഡൽഹിയിൽനിന്ന് അറസ്റ്റുചെയ്യപ്പെട്ട ഗൗതം നവ്‌ലാക ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറിയാണ്. കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കും

നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന അന്തർദേശീയ ജനകീയ ട്രിബ്യൂണലിന്റെ കൺവീനർകൂടിയാണ് അദ്ദേഹം. ഛത്തീസ്ഗഢിലെ മാവോവാദി സ്വാധീനമേഖലയാണ് അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. എൺപത്തിമൂന്നുകാരനായ ഫാദർ സ്റ്റാൻ സ്വാമി, സൂസൻ എബ്രഹാം, ക്രാന്തി തൈകുല, പ്രൊഫ. ആനന്ദ് തെൽതുംബ്‌ഡെ എന്നിവരുടെ വീടുകളും പോലീസ് റെയ്ഡ് ചെയ്തു.

വിമർശനത്തിൽ അസഹിഷ്ണുതയോ

‘‘ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയും അങ്ങനെ ചെയ്യുന്നവർക്കെതിരേയുമുള്ള സർക്കാരിന്റെ പെരുകിവരുന്ന അസഹിഷ്ണുതയാണ് ഈ അറസ്റ്റുകളിലൂടെ തെളിയുന്നത്.’’- ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ദക്ഷിണേഷ്യാ ഡയറക്ടറായ മീനാക്ഷി ഗാംഗുലി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ആകാർ പട്ടേൽ പറയുന്നത് ഇങ്ങനെ: ‘‘ഭീകരവിരുദ്ധനിയമം സർക്കാരിനെ വിമർശിക്കുന്നവർക്കെതിരേയും സാമൂഹികപ്രവർത്തകർക്കെതിരേയും ഉപയോഗിക്കുകയാണ്. ചിലപ്പോൾ ഒരേ കൂട്ടരുടെ പേരിൽ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യപ്പെടുന്നു. മാവോവാദികളോട് അനുതാപം പ്രകടിപ്പിക്കുന്നത് അവരുടെ അക്രമ ആശയങ്ങൾക്കുള്ള പിന്തുണയല്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെയും അധികൃതർ വിലവയ്ക്കുന്നില്ല. ബിസിനസ് സ്റ്റാൻഡേർഡിലെ അദ്ദേഹത്തിന്റെ പംക്തിയിൽ പട്ടേൽ മാധ്യമങ്ങൾക്ക് കൂടി പാഠമാകേണ്ട ഒരു സുപ്രധാനകാര്യം എടുത്തുകാണിച്ചു. അതിങ്ങനെ: ‘തീവ്രവാദി’, ‘വിഘടനവാദി’, ‘മാവോവാദി’ എന്നീ ഉപരിപ്ലവപദങ്ങളുടെ കൂടെ ഇപ്പോൾ ‘മതേതരത്വ’ത്തെയും ഉൾപ്പെടുത്തി ഭരണകൂടമുണ്ടാക്കുന്ന വിദ്വേഷത്തിന്റെ പുതിയസമവാക്യക്കെണിയിൽ വീണ് മാധ്യമങ്ങളും ഈ പദങ്ങൾ വിവേചനമില്ലാതെ ഉപയോഗിക്കുന്നു.

തിരഞ്ഞെടുപ്പിനു മുന്നോടി

2019-ൽ വരാൻപോകുന്ന പൊതു തിരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരേ രൂപപ്പെടാനിരിക്കുന്ന വിശാലസഖ്യത്തെ ഭയന്നാണ് ബി.ജെ.പി. ഇത്തരത്തിലുള്ള മനുഷ്യാവകാശവിരുദ്ധമായ കാര്യങ്ങൾ ചെയ്ത് പുകമറ സൃഷ്ടിക്കുന്നത് എന്ന് വേണം കരുതാൻ. അവർ ദേശീയ സുരക്ഷയുടെ പേരു പറഞ്ഞ് ന്യൂനപക്ഷവിരുദ്ധ കാർഡും കളിച്ചുതുടങ്ങിക്കഴിഞ്ഞു. അസമിലെ മനുഷ്യത്വവിരുദ്ധമായ ചെയ്തികൾ നോക്കുക. 40 ലക്ഷം പേരാണ് പൗരത്വരജിസ്റ്ററിൽനിന്ന് മാറ്റി നാടുകടത്തപ്പെടൽ ഭീഷണി നേരിടുന്നത്. അമേരിക്കയിലെ നിരാലംബരായ കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയവും ഇതുതന്നെ! പ്രധാനമന്ത്രിയുടെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനപ്രിയതയെ മറച്ചുപിടിക്കാനാണ് രാജ്യസ്നേഹത്തിന്റെ മുഖംമൂടി ധരിച്ച് ഇത്തരം കുത്സിത കൃത്യങ്ങൾ ചെയ്യുന്നത് എന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ഭരണകൂടത്തോട് പ്രതിഷേധിക്കുന്നവർക്കെതിരേയുള്ള കടന്നാക്രമണം കൂടിക്കൂടി വരുന്നു. അവർ ദളിത്, ന്യൂനപക്ഷ, ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിൽ പ്രത്യേകിച്ചും. ഈ പട്ടിക അനന്തമാണ്. ഉദാഹരണത്തിന്, ജാർഖണ്ഡിൽ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പത്താൽഗഡിയുടെ യുവനേതാക്കളായ ജോൺ ജോനാസ് ടിഡു, ബലറാം സമദ് എന്നിവരെ പോലീസ് ജൂലായിൽ ബലാത്സംഗക്കേസിലാണ് കുടുക്കിയത്. ഈ നേതാക്കളെ പൊറുതിമുട്ടിച്ച് ഒതുക്കാൻ വേണ്ടി മാത്രമാണ് പോലീസ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഛത്തീസ്ഗഢിൽ 2017-ൽ മാത്രം 14 മാധ്യമപ്രവർത്തകരെയാണ് അറസ്റ്റുചെയ്തത്. ഉത്തർപ്രദേശിൽ ദളിത് സംഘടനയായ ഭീം ആർമിയുടെ തലവനായ ‘രാവൺ’ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ ആസാദ് നിയമപരമായ യാതൊരുവിധ കുറ്റപത്രവുമില്ലാതെ കഴിഞ്ഞ ജൂൺ ഒന്നു മുതൽ തടവിലാണ്. തമിഴ്‌നാട്ടിൽ മാവോവാദികൾ എന്നാരോപിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടവർക്കുവേണ്ടി വാദിക്കുന്ന ടി.എൻ. മുരുകൻ നിയമവിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ 2017-ൽ തടവിലായി. അദ്ദേഹത്തിനെതിരേ ഒരുവിധ തെളിവും ഹാജരാക്കാൻ ഭരണകൂടത്തിന് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 2016-ൽ കശ്മീരി മനുഷ്യാവകാശപ്രവർത്തകനായ ഖുറാം പർവേസ് 76 ദിവസമാണ് ജയിലിൽക്കിടന്നത്. ജമ്മു-കശ്മീർ ഹൈക്കോടതി പിന്നീട് ഇതിനെ നിയമവിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയസംഭവം നടന്നത് ബിഹാറിലെ മോത്തിഹാരിയിലാണ്. ഇത് അധികമൊന്നും ദേശീയശ്രദ്ധയിൽ വന്നതുമില്ല. ഓഗസ്റ്റ്‌ 17-നാണ് അത് സംഭവിച്ചത്. മഹാത്മാഗാന്ധി കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ്‌ പ്രൊഫസറും ദളിത് വിഭാഗക്കാരനുമായ സഞ്ജയ് കുമാറായിരുന്നു ഇത്തവണത്തെ ഇര. അദ്ദേഹം ചെയ്ത കുറ്റം ഫെയ്‌സ്ബുക്കിലൂടെ മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ വിമർശിച്ചു എന്നതാണ്. 25 പേരടങ്ങുന്ന ഒരു സംഘമാണ് സഞ്ജയ് കുമാറിനെ ആക്രമിച്ചത്. ‘‘ഞാൻ എഴുതിയത് എന്റെ വീക്ഷണങ്ങളാണ്. അത് ആദരവോടെയാണ് ഞാൻ അവതരിപ്പിച്ചത്. അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് യാത്രയായെന്നും അവിടെ അദ്ദേഹത്തിന് ശാന്തിലഭിക്കട്ടെയെന്നും ഞാൻ എഴുതി. എനിക്ക് എന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്’’ -സഞ്ജയ് പറയുന്നു.
ഇതൊക്കെയാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത്. ചരിത്രപശ്ചാത്തലത്തിൽ ഈ അവസ്ഥയെ മനസ്സിലാക്കാൻ രണ്ട് സ്വേച്ഛാധിപതികളുടെ കാലം അതിജീവിച്ച മഡലൈൻ ആൾബ്രൈറ്റിന്റെ ഉൾക്കാഴ്ചയുള്ള വാക്കുകൾക്ക് ചെവിയോർക്കണം. ആദ്യത്തെ വനിതാ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റും 81-വയസ്സുകാരിയുമായ അവർ തന്റെ ഏറ്റവും പുതിയ പുസ്തകമായ 'FASCISM A Warning-ൽ പറയുന്നു: ‘‘ഫാസിസ്റ്റ് പ്രവണതകളെ മറികടക്കാൻ സാധിക്കും. പക്ഷേ, അതിന് ചരിത്രത്തിൽനിന്ന് പാഠം പഠിക്കുകയും ജനാധിപത്യം അനായാസകരമായി ലഭിച്ചതല്ല എന്ന് മനസ്സിലാക്കുകയും വേണം’’. (പുറം 252, ഹാർപർ, ന്യൂയോർക്ക്‌). അവർ തുടരുന്നു: ‘‘നമ്മുടെ കണ്ണുകൾ അടയ്ക്കാനും ഏറ്റവും ചീത്തയായത് കടന്നുപോട്ടെ എന്ന് കരുതാനുമുള്ള പ്രലോഭനം മറികടക്കണം എന്നാണ് ചരിത്രം പറയുന്നത്. നുണകളെ ഇല്ലായ്മ ചെയ്യാനും അവയെ തുറന്നുകാട്ടാനും ചരിത്രം നമ്മോട് ആവശ്യപ്പെടുന്നു.’’ ആൾബ്രൈറ്റിന്റെ ഈ വാക്കുകൾ
ഇന്നത്തെ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാണ്.

content highlights: five activists arrested, human right activists arrested, cpi mavoist

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram