68 വര്‍ഷങ്ങളുടെ ശത്രുതയവസാനിപ്പിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റിലേറെയും അവകാശപ്പെടാനാകുന്ന ഒരാളുണ്ട്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ ഇന്‍.
68 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1950 ജൂണ്‍ 25 നാണ് കൊറിയന്‍ യുദ്ധമാരംഭിക്കുന്നത്. ഉത്തര കൊറിയയുടെ 75,000 പട്ടാളക്കാര്‍ ദക്ഷിണ കൊറിയയിലേക്കിരച്ചു കയറി. ഉത്തരകൊറിയയെ അന്ന് പിന്തുണച്ചത് സോവിയറ്റ് യൂണിയനും ചൈനയും. മറുപക്ഷത്ത് ദക്ഷിണ കൊറിയയ്‌ക്കൊപ്പം യു.എസും. കൃത്യമായി പറഞ്ഞാല്‍ അന്നു മുതല്‍ ആരംഭിച്ചതാണ് ഉത്തരകൊറിയയും യു.എസും തമ്മിലുള്ള ശത്രുത. അതിനാണ് ഇന്ന് നടക്കാനാരിക്കുന്ന ഉച്ചകോടിയിലൂടെ താത്കാലികമായെങ്കിലും വിരാമമാകുന്നത്.
ഉത്തര കൊറിയയുടെ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും യു.എസ്. പ്രസിഡന്റായി ട്രംപെത്തിയതിന് ശേഷം അവര്‍ക്കെതിരേ സ്വീകരിച്ച കര്‍ശനനിലപാടുകളും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായ 2017-ലാണ് ദക്ഷിണകൊറിയയുടെ പ്രസിഡന്റായി മൂന്‍ ജേ ഇന്‍ അധികാരമേല്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ഉത്തര കൊറിയുമായൊരു സമാധാനസന്ധി എളുപ്പമായിരുന്നില്ല ഇന്നിന്. എന്നാല്‍ അത് സാധ്യമാക്കാനായി എന്നിടത്താണ് ഇന്നിന്റെ വിജയം.
ഭ്രാന്തനെന്നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അക്കാലത്ത് ട്രംപിനെ വിശേഷിപ്പിച്ചത്. കുള്ളന്‍ മിസൈലെന്ന് ട്രംപ് തിരിച്ചും. വാക്കുകള്‍ കൊണ്ട് യുദ്ധം നടത്തുന്ന കാലം. മൂന്നാം ലോകയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത വരെ പലരും പ്രവചിച്ചു.
ഇങ്ങനെ മുന്നോട്ടുനീങ്ങുന്ന കാലത്ത് കൊറിയന്‍ മുനമ്പിലെ ബദ്ധശത്രുക്കളായ ഉത്തര-ദക്ഷിണകൊറിയകള്‍ തമ്മിലൊരു സമാധാനസന്ധിയെന്നത് നടക്കാത്ത സ്വപ്നമെന്ന് പലരും കരുതി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോങ്ചാങില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സിലേയ്ക്ക് ഉത്തരകൊറിയയെ ദക്ഷിണകൊറിയ ക്ഷണിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങിയത്.
സിങ്കപ്പൂര്‍ ഉച്ചകോടിയുടെ തുടക്കവും അവിടെനിന്നാണെന്ന് പറയാം. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്‍ ജേ ഇന്നിന്റെ ആ ക്ഷണം കിം ജോങ് ഉന്നും സ്വീകരിച്ചു. ഉന്നിന്റെ ആ നടപടിയ്ക്ക് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. യു.എസുമായി ചേര്‍ന്ന് ദക്ഷിണകൊറിയ നടത്തിവരുന്ന സൈനികാഭ്യാസത്തില്‍ അവരുടെ ആയുധശേഷി വര്‍ധിച്ചുവരുന്നുവെന്നത് ഉത്തരകൊറിയയില്‍ സൃഷ്ടിച്ച ആശങ്ക.
ശൈത്യകാല ഒളിമ്പിക്‌സില്‍ ഒരു കൊടിക്കീഴില്‍ കൊറിയകള്‍ മത്സരിക്കുകയുണ്ടായി. അവിടെത്തുടങ്ങിയ കൊറിയകളുടെ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും ഇന്നിന്റെ വിജയം. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെയുള്ളവരാണ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. യു.എസ്. വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് അന്ന് ദക്ഷിണകൊറിയയിലെത്തിയെങ്കിലും ഉത്തരകൊറിയക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നത് മറ്റൊരു വസ്തുത. അത്രയേറെ മോശമായിരുന്നു അന്നത്തെ യു.എസ്.-ഉത്തരകൊറിയ ബന്ധം.
പ്യോങ്ചാങില്‍ തുടങ്ങിയ ബന്ധമാണ് കൊറിയന്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോമില്‍ ഏപ്രില്‍ 27-ന് നടന്ന കൊറിയകളുടെ ചരിത്ര ഉച്ചകോടിയിലെത്തുന്നത്. ആണവനിരായുധീകരണം നടപ്പാക്കുമെന്ന് ഉത്തരകൊറിയ അന്ന് പരോക്ഷമായി സൂചന നല്‍കിയിരുന്നു. കൊറിയന്‍ യുദ്ധം അവസാനിക്കുകയും യു.എസിന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ അവസാനിക്കുകയും ചെയ്താല്‍ തങ്ങള്‍ അണ്വായുധം സൂക്ഷിക്കേണ്ട കാര്യമില്ലല്ലോയെന്ന് കിം ജോങ് ഉന്‍, ഇന്നിനോട് പറഞ്ഞതായി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. യു.എസിന് താത്പര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കിമ്മിനെ സമ്മതിപ്പിക്കാനും ഇന്നിന് കഴിഞ്ഞു. മേയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നിനെ കാണാമെന്ന നിലപാടുമാറ്റത്തിലേക്ക് ട്രംപിനെയും ഇന്‍ എത്തിച്ചു. ഉച്ചകോടി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് മുന്‍ ജേ ഇന്നിനാണെന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു.
ചര്‍ച്ചയുടെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ യു.എസ്. സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശങ്ങളില്‍ ഉത്തരകൊറിയ പ്രതികരിച്ചതിനെത്തുടര്‍ന്ന് ട്രംപ് ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് തീരുമാനിച്ചപ്പോഴും രക്ഷക്കെത്തിയത് ഇന്‍ തന്നെ. ട്രംപിന്റെ പ്രഖ്യാപനമെത്തിയതിന് പിന്നാലെ കൊറിയന്‍ അതിര്‍ത്തിയില്‍ വീണ്ടും ഇരുകൊറിയന്‍ നേതാക്കളും അപ്രഖ്യാപിത കൂടിക്കാഴ്ച നടത്തി.
ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ യു.എസ്. ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ഉത്തരകൊറിയയിലെത്തി. ഇന്നിന്റെ ശ്രമഫലമായിരുന്നു അത്. കാരണം യു.എസും ഉത്തരകൊറിയയും തമ്മിലുള്ള ശത്രുതയവസാനിപ്പിക്കുന്ന തരത്തില്‍ ഉച്ചകോടി വിജയിപ്പിച്ചെടുക്കുകയെന്നത് ദക്ഷിണകൊറിയയ്ക്ക് ആവശ്യമാണ്. കൊറിയകളുടെ സൗഹൃദത്തിന് അത് അത്യാവശ്യമാണുതാനും.
എന്തായാലും ഉച്ചകോടിയുടെ ഫലമെന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കാരണം ചര്‍ച്ചയിലുള്ളത് ട്രംപും ഉന്നുമാണ്. ഫലപ്രദമാകില്ലെന്ന് കണ്ടാല്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോകാനും തയ്യാറാണെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. ഒബാമയുടെ കാലത്തുണ്ടാക്കിയ ഇറാന്‍ ആണവക്കരാര്‍ ഒറ്റനിമിഷം കൊണ്ട് റദ്ദാക്കാന്‍ തീരുമാനിച്ചയാളാണ് ട്രംപ്. എന്തുസംഭവിക്കാം. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം കൊണ്ടുവരാന്‍ ഉച്ചകോടിക്കായാല്‍ അത് ചരിത്രമാകും. ഉറപ്പ്.
Content highlights: Donald trump Kim jong un meeting, Moon jae in is the real hero