'അലറിക്കരഞ്ഞ് ഓടി, ഒരു നായയെ പോലെ അയാള്‍ മരിച്ചു'; എല്ലാം വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച് ട്രംപ്


1 min read
Read later
Print
Share

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാഗ്ദാദി അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു.

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നായയെ പോലെ, അല്ലെങ്കില്‍ ഒരു ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ട്രംപ് പറഞ്ഞു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.

യു.എസ്. സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും അലറിക്കരഞ്ഞും അയാള്‍ ഓടി. അതിനുള്ളില്‍വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയോടൊപ്പം ഉണ്ടായിരുന്ന മൂന്നുമക്കളും മരിച്ചു, ട്രംപ് വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.

ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന മേഖല അമേരിക്കന്‍ സൈന്യം പൂര്‍ണമായും വളഞ്ഞിരുന്നു. ഭയന്ന ബാഗ്ദാദി തന്റെ മൂന്നുമക്കളെയും കൂട്ടി ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന പട്ടികള്‍ അയാളെ പിന്തുടര്‍ന്നു. ടണലിന്റെ അവസാനമെത്തിയപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു.

യു.എസ്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സാണ് ഏറെ അപകടരവും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സൈനിക നടപടിയില്‍ യു.എസിന് ആള്‍നാശമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ബാഗ്ദാദിക്കൊപ്പം നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാഗ്ദാദി അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ബാഗ്ദാദിക്കെതിരായ മൂന്ന് ദൗത്യങ്ങള്‍ അവസാനനിമിഷങ്ങളില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനുശേഷമാണ് ബാഗ്ദാദിയെ കുരുക്കിയ ദൗത്യം വിജയകരമായി നടപ്പാക്കിയത്. ദൗത്യത്തിനിടെ റഷ്യന്‍ വ്യോമപാതയിലൂടെ യു.എസ്. ദൗത്യസംഘം സഞ്ചരിച്ചെന്നും ദൗത്യത്തിന്റെ ഓരോനിമിഷങ്ങളും വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലിരുന്ന് താന്‍ വീക്ഷിച്ചെന്നും ട്രംപ് വിശദീകരിച്ചു.

ദൗത്യത്തിന് സഹായം നല്‍കിയ റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയയിലെ കുര്‍ദ് വിഭാഗക്കാര്‍ക്കും വാര്‍ത്താസമ്മേളത്തില്‍ ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. യു.എസ്. സൈന്യത്തിന് സുപ്രധാനവിവരങ്ങള്‍ നല്‍കിയത് കുര്‍ദുകളായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Content Highlights: donald trump explains about bagdadi operation in syria

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram