അവര്‍ 'അര്‍ബന്‍ നക്‌സലുകള്‍', ജനാധിപത്യം പ്രഷര്‍കുക്കറില്‍!


വീണാ ചന്ദ്

8 min read
Read later
Print
Share

ഇവിടെയാരും സുരക്ഷിതരല്ലെന്നും വ്യത്യസ്ത അഭിപ്രായം പറയാന്‍ അധികാരമുള്ളവരല്ലെന്നും ഉള്ള അവസ്ഥ അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ആശങ്കാജനകമാണെന്ന ആക്ടിവിസ്റ്റുകളുടെ പ്രസ്താവനകളും ഇതിനോട് ചേര്‍ത്തുവായിച്ചേ മതിയാവൂ.

'ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ്. അത് അനുവദിച്ചില്ലെങ്കില്‍ ജനാധിപത്യം പ്രഷര്‍കുക്കര്‍ പോലെ പൊട്ടിത്തെറിച്ചേക്കാം'

ഈ നിരീക്ഷണം നടത്തിയിരിക്കുന്നത് സുപ്രീംകോടതിയാണ്. ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രധാന നിരീക്ഷണം. നിരീക്ഷണത്തിനുമപ്പുറം അതൊരു ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പുമാണെന്ന തിരിച്ചറിവിലേക്ക് എത്തുമ്പോഴാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി പൗരാവകാശങ്ങളിലേക്ക് കൂടിയുള്ള കടന്നുകയറ്റമല്ലേ എന്ന ചോദ്യമുയരുന്നത്!

മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ ചൊവ്വാഴ്ച്ച പുണെ പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്നായിരുന്നു പോലീസ് ഭാഷ്യം.

'അര്‍ബന്‍ നക്‌സലുകള്‍'

കുറ്റാരോപിതര്‍ എന്നല്ല 'അര്‍ബന്‍ നക്‌സലുകള്‍' എന്നാണ് അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ പോലീസും ഭരണകൂടവും വിശേഷിപ്പിക്കുന്നത്. നിരവധി സുരക്ഷാജീവനക്കാരുടെയും പാവപ്പെട്ട ജനങ്ങളുടെയും കൊലപാതകങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് ഇവരൊക്കെയും എന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയവ്യവസ്ഥിതിയോട് പലപ്പോഴും അസഹിഷ്ണുത കാട്ടിയിട്ടുള്ളവരാണ് ഇവരെന്നും, ചില പ്രത്യേക സംഘടനകളെ ലക്ഷ്യം വച്ച് പ്രതിഷേധ സ്വരം ഉയര്‍ത്തിയിട്ടുള്ളവരാണെന്നും രാജ്യത്തെ ഉന്നതാധികാര രാഷ്ട്രീയ കേന്ദ്രത്തെ ലക്ഷ്യം വച്ച് ചിന്തിക്കുന്നവരാണെന്നും ഭരണകൂടവും പോലീസും ആരോപിക്കുന്നു.

ഇവിടെയാണ് ഈ അറസ്റ്റ്, പ്രതിരോധിക്കുകയും ഭിന്നസ്വരമുയര്‍ത്തുകയും ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള മുന്നറിയിപ്പായി മാറുന്നത്. അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുകയോ ഭിന്നാഭിപ്രായം പരസ്യപ്പെടുത്തുകയോ ചെയ്താല്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്ന പരിതസ്ഥിതി രാജ്യത്ത് നിലനില്‍ക്കുന്നു എന്ന ഭീതിദമായ സത്യത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ അഞ്ചു പേരുടെയും അറസ്റ്റെന്ന് രാജ്യമെമ്പാടും മുറവിളികളുയരുന്നതും മറ്റൊന്നും കൊണ്ടല്ല. ഇന്ന് നീ നാളെ ഞാന്‍ എന്ന പൊതുബോധം സ്വതന്ത്രചിന്താഗതിയുള്ള ഏതൊരു പൗരന്റേയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഇവിടെയാരും സുരക്ഷിതരല്ലെന്നും വ്യത്യസ്ത അഭിപ്രായം പറയാന്‍ അധികാരമുള്ളവരല്ലെന്നും ഉള്ള അവസ്ഥ അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ആശങ്കാജനകമാണെന്ന ആക്ടിവിസ്റ്റുകളുടെ പ്രസ്താവനകളും ഇതിനോട് ചേര്‍ത്തുവായിച്ചേ മതിയാവൂ.

സിനിമാനിര്‍മ്മാതാവും സംവിധായകനുമായ വിവേക് അഗ്നിഹോത്രിയാണ് 'അര്‍ബന്‍ നക്‌സലുകള്‍' എന്ന പദം അവതരിപ്പിച്ചത്. ആര്‍എസ്എസ് അനുകൂല മാസികയായ സ്വരാജിലെഴുതിയ ലേഖനത്തിലായിരുന്നു ആ കണ്ടുപിടുത്തം. ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ളവരായ ആക്ടിവിസ്റ്റുകളും നഗരങ്ങളില്‍ താമസിക്കുന്നവരുമായ ബുദ്ധിജീവികള്‍ എന്നായിരുന്നു അര്‍ബന്‍ നക്‌സലുകള്‍ക്ക് നല്‍കിയ നിര്‍വചനം. ഈ വാക്ക് ബിജെപി അനുകൂല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അര്‍ബന്‍ നക്‌സലുകളെ അര്‍ധമാവോയിസ്റ്റുകളെന്ന് വിശേഷിപ്പിച്ചത് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. മാവോയിസ്റ്റുകളുടെ പരസ്യമുഖമാണ് ഇവരെന്ന് അദ്ദേഹം ആരോപിച്ചു. ക്രമേണ ദേശദ്രോഹികള്‍ എന്നതിന് പര്യായമായും അര്‍ബന്‍ നക്‌സലുകള്‍ എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങി.

ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തുന്ന കെട്ടകാലം

ആശയങ്ങളോടാണ് അധികാരകേന്ദ്രങ്ങളുടെ നിഴല്‍യുദ്ധമെന്ന ആരോപണങ്ങള്‍ ശക്തമാക്കാനേ ഇപ്പോഴത്തെ അറസ്റ്റ് കൊണ്ട് സാധിക്കൂ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പുരോഗമനപരവും സ്വതന്ത്രവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യവും മുമ്പെങ്ങുമില്ലാത്ത വിധം ഉയരുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പോലീസ് ആണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവര്‍ നാഗരികജനതയ്ക്കിടയില്‍ ആശയപ്രചാരണം നടത്തി എന്നതാണ് കുറ്റം. ( ആ പ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്ന് പറയാന്‍ മാത്രമേ പോലീസിന് കഴിയുന്നുള്ളു, പ്രഥമദൃഷ്ട്യാ തന്നെ അടിസ്ഥാനരഹിതമെന്ന് വെളിപ്പെടുന്ന ആരോപണമാണ് അതെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.)

ആശയപ്രചാരണം നടത്തുന്നത് അക്ഷന്തവ്യമായ കുറ്റമാകുന്ന വര്‍ത്തമാനകാലമാണ് ഇന്ത്യയുടേത്. എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അഭിപ്രായം തുറന്നുപറയുന്ന ആരും ആര്‍ക്കൊക്കെയോ അനഭിമതരാവുന്നു. ആശയങ്ങളെ, അവ അംഗീകരിക്കുന്ന ജനതയെ ഈ ആരൊക്കെയോ അടങ്ങിയ കൂട്ടം ഭയപ്പെടുകയും ചെയ്യുന്നു. ഫലമോ, എങ്ങനെയും ആശയങ്ങള്‍ പ്രചരിക്കുന്നതിനെ തടയണമെന്ന പ്രതിരോധത്തില്‍ നിന്ന് ഉടലെടുക്കുന്ന ഭീകരതയും.

മൂര്‍ച്ചയേറിയ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്നതിനാണ് സമീപകാലത്ത് ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അടിച്ചമര്‍ത്തലിന്റെയും ഭൂരിപക്ഷമേല്‍ക്കോയ്മയുടെയും ധ്വംസനങ്ങള്‍ക്ക് മുമ്പില്‍ പതറാതെ തലയുയര്‍ത്തി നിന്നതിനാണ് അവരൊക്കെയും കൊല്ലപ്പെട്ടത്. 2013 ഓഗസ്റ്റ് 20ന് പൂണെയില്‍ വച്ചാണ് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് വീണത്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ധാബോല്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആരെയൊക്കെയോ പ്രകോപിപ്പിച്ചത്.2015 ഫെബ്രുവരി 20നാണ് മഹാരാഷ്ട്രയിലെ തന്നെ കോലാപൂരില്‍ വച്ച് ഗോവിന്ദ് പന്‍സാരെ ആക്രമിക്കപ്പെട്ടത്. ജാതി വ്യവസ്ഥിതിക്കെതിരെയും ദളിത് വിവേചനത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും അതിശക്തമായി പ്രതികരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കന്നഡ എഴുത്തുകാരനും അധ്യാപകനുമായിരുന്ന മല്ലേശപ്പ.എം.കലബുര്‍ഗി ബംഗളൂരു ധാര്‍വാഡിലെ വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. 2015 ഓഗസ്റ്റ് 31നായിരുന്നു സംഭവം. വിഗ്രഹാരാധനയെയും അന്ധവിശ്വാസത്തെയും എതിര്‍ത്തതായിരുന്നു അക്രമികള്‍ അദ്ദേഹത്തില്‍ കണ്ട കുറ്റം. മതനിരപേക്ഷയ്ക്ക് വേണ്ടി വാദിക്കുകയും വര്‍ഗീയതയ്‌ക്കെതിരേ നിലപാട് സ്വീകരിക്കുകയും ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടത്. 2017 സെപ്റ്റംബര്‍ 5നാണ് ബംഗളൂരുവിലെ വീട്ടില്‍ വച്ച് അവര്‍ വെടിയേറ്റ് മരിച്ചത്.

ആദ്യം റെയ്ഡ്,പിന്നെ അറസ്റ്റ്

അറസ്റ്റിലായവരുള്‍പ്പെടെ ഒന്‍പത് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് ചൊവ്വാഴ്ച്ച റെയ്ഡ് നടത്തുകയായിരുന്നു. ഡല്‍ഹി, ഫരീദാബാദ്, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി ചൊവ്വാഴ്ച പുലര്‍ച്ചെമുതലായിരുന്നു റെയ്ഡ്. വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹിയില്‍ ഗൗതം നവ്ലാഖ, ഹൈദരാബാദില്‍ വരവര റാവു, മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെ.വി. കൂര്‍മനാഥ്, മുംബൈയില്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധാ ഭരദ്വാജ്, റാഞ്ചിയില്‍ സന്നദ്ധപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി, ഗോവയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്‌ളെ എന്നിവരുടെ വീടുകളിലാണ് ഒരേസമയം തിരച്ചില്‍ നടത്തിയത്. ആനന്ദിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം റെയ്ഡ് നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല.


ഭീമാ കൊരെഗാവ് സംഘര്‍ഷം

പുണെയിലെ ഭീമ കൊരെഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്റെ 200-ാം വാര്‍ഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടര്‍ന്നു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 31-ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്. നേരത്തേ ഈ കേസില്‍ മലയാളിയായ റോണാ വില്‍സണ്‍, സുധീര്‍ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടവരാണെന്നാണ് പുണെ പോലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രം. അഞ്ചുപേര്‍ക്കുമെതിരേ യു.എ.പി.എ. ചുമത്തിയിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ പുണെ യെര്‍വാദ സെന്‍ട്രല്‍ ജയിലിലിലാണ്.


പ്രതിഷേധങ്ങള്‍ ഉയരുന്നു

മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പോലീസ് നടപടിയെ അപലപിച്ച് രംഗത്ത് വന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പറഞ്ഞത് അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഭയമില്ലാതെ ഒത്തുചേരാനുള്ള അന്തരീക്ഷം ഓരോ പൗരന്റെയും അവകാശമാണെന്നുമായിരുന്നു.

അറസ്റ്റ് ആശങ്ക ജനിപ്പിക്കുന്നതായി എഴുത്തുകാരി അരുന്ധതി റോയ് പ്രതികരിച്ചു. രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ നടത്തി ആഘോഷിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടത്തേണ്ടത്. പകരം അത്തരക്കാര്‍ ആദരിക്കപ്പെടുകയാണ്. ഹിന്ദുമഹാഭൂരിപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശബ്ദിക്കുന്നവരെ കുറ്റവാളികളാക്കി പ്രതിക്കൂട്ടിലാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

രാജ്യം അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഏകാധിപത്യത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നും വെളിപ്പെടുത്തുന്നതാണ് അഞ്ച് ബുദ്ധിജീവികളുടെ അറസ്റ്റ് എന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് പറഞ്ഞു.

സുപ്രീംകോടതി ഇടപെടുന്നു

ചരിത്രകാരിയും ആക്ടിവിസ്റ്റുമായ റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ സംഭവങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി. സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ എന്നിവര്‍ക്കുവേണ്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സെപ്റ്റംബര്‍ 6 വരെ അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെയും വീട്ടു തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടു. മഹാരാഷ്ട്ര സര്‍ക്കാരിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീയസയച്ച കോടതി അടുത്ത മാസം അഞ്ചിനകം മറുപടി നല്‍കാനും ആവശ്യപ്പെട്ടു. കേസ് ഇനി സെപ്റ്റംബര്‍ 6ന് പരിഗണിക്കും.

  • കോടതിയില്‍ നടന്നത്
അഭിപ്രായഭിന്നതകള്‍ ഉയര്‍ത്തുന്നവരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് അറസ്റ്റ് എന്നായിരുന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലെ പരാമര്‍ശം. അറസ്റ്റിലായവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ആശയങ്ങളെയും അവര്‍ പിന്തുടരുന്ന മനുഷ്യാവകാശ തത്വസംഹിതകളെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണിതെന്നും അതുവഴി സ്വതന്ത്രചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരുടെയും മനസ്സിനെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഹര്‍ജിയില്‍ ആരോപിക്കപ്പെട്ടു. കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും തുടര്‍ അറസ്റ്റുകള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് ധവാനാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. അഭിഷേക് മനു സിംഗ്വി, ഇന്ദിരാ ജയ്‌സിംഗ്, വൃന്ദാ ഗ്രോവര്‍, പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവേ, സഞ്ജയ് ഹെഗ്‌ഡേ എന്നീ പ്രബല അഭിഭാഷക നിരയാണ് കോടതി മുറിയില്‍ ഉണ്ടായിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ഹാജരായി.

അഭിഷേക് സിംഗ്വിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം ആരംഭിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത് എന്ന് കേസ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതിനെ തുഷാര്‍ മേഹ്ത നേരിട്ടത് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്തവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനെയും തുടര്‍ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു. നടന്നിരിക്കുന്ന അറസ്റ്റ് ഒരു വലിയ കേസിന്റെ ഭാഗമാണെന്ന് സിംഗ്വി തിരിച്ചടിച്ചു. ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നാണെന്നും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമായാണ് അറസ്റ്റിനെ അവര്‍ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ ആരും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ അവസ്ഥകള്‍ മാറിയിരിക്കുന്നു എന്ന് ഇന്ദിരാ ജയ്‌സിങ്ങും ദുഷ്യന്ത് ദവേയും ചൂണ്ടിക്കാട്ടി. യാതൊരു ക്രിമിനല്‍ ചുറ്റുപാടുകളില്ലാത്തവരും ഒളിവില്‍ പോകാന്‍ സാധ്യതയില്ലാത്തവരുമാണ് അറസ്റ്റിലായിരിക്കുന്നതെന്നും ഇരുവരും സൂചിപ്പിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ മുമ്പ് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളവരാണെന്ന് മെഹ്ത വാദിച്ചു. ഇപ്പോഴത്തേത് പോലെ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തവരാണ് അവര്‍ എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു.

ഭീമാ കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പറയുന്നു, പക്ഷേ അവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തവരല്ല. അങ്ങനെയാണെങ്കില്‍ അതില്‍ പങ്കെടുത്ത മുന്‍ സുപ്രീംകോടി ജഡ്ജി പി.ബി.സാവന്തിനെയും മുന്‍ മുംബൈ ഹൈക്കോടതി ജഡ്ജി ബി.ജി. പാട്ടീലിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും സിംഗ്വി ചോദിച്ചു.

ഇരുവിഭാഗത്തിന്റെയും ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ അഞ്ച് പേരെയും വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിടുകയായിരുന്നു. അടുത്ത മാസം അഞ്ചിനകം മറുപടി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

#MeTooUrbanNaxal ക്യാംപെയിന്‍

അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ 'അര്‍ബന്‍ നക്‌സലുകള്‍' എന്ന് വിശേഷിപ്പിച്ചതോടെയാണ് അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നവര്‍ ക്യാംപെയിനുമായി ട്വീറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതും. സിനിമാസംവിധായകനും നിര്‍മ്മാതാവുമായ വിവേക് അഗ്നിഹോത്രി ആണ് തന്റെ ട്വിറ്ററിലൂടെ സ്വയം അറിയാതെ അര്‍ബന്‍ നക്‌സല്‍ ക്യാംപെയിന് തുടക്കകാരനായത്. 'കുറച്ച് അര്‍ബന്‍ നക്‌സലുകളുടെ പേരുകള്‍ പറഞ്ഞുതരൂ' ട്വീറ്റുമായി അറസ്റ്റിനെ ന്യായീകരിച്ചെത്തിയ വിവേകിന്‌ മറുപടിയായി സ്വന്തം പേരുകള്‍ എഴുതിച്ചേര്‍ത്ത് രാജ്യമൊന്നാകെ അര്‍ബന്‍ നക്‌സലുകളുടെ കൂട്ടമാകുകയാണ്.

'എനിക്ക് തലച്ചോറുണ്ട്, എനിക്ക് ചോദ്യങ്ങളുണ്ട്, ഞാന്‍ അന്ധനല്ല, ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, സത്യത്തിനൊപ്പം നില്‍ക്കാനുള്ള തന്റേടം എനിക്കുണ്ട്. അതെ ഞാന്‍ ഒരു അര്‍ബന്‍ നക്‌സലാണ്.' ഒരു ട്വീറ്റ് പറയുന്നു.

രാജ്യത്ത് ജനങ്ങള്‍ രണ്ട് വിധമാണെന്നും അവര്‍ രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതു പോലെയുള്ള ഭരണകൂട കുടിലത തന്നെയാണ് ഈ വാക്കിന്റെ പ്രചാരണത്തിന് പിന്നിലെന്നും ആരോപണം ശക്തമായിക്കഴിഞ്ഞു.

എന്തായാലും അറസ്റ്റിലായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള MeTooUrbanNaxal ഹാഷ് ടാഗുകള്‍ കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.

ഇനിയും പുറത്തുവരാത്ത തെളിവുകള്‍, പേരുകളില്ലാത്ത എഫ്‌ഐആര്‍

ഭീമാ കൊരെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത് 2018 ജനുവരി 8നാണ്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരുടെയും പേരുകള്‍ ഇതില്‍ ഇല്ല എന്നത് തന്നെ.

ഐപിസി സെക്ഷന്‍ 153 എ, 505 എന്നീ വകുപ്പുകള്‍ പ്രകാരവും യുഎപിഎ നിയമത്തിലെ 13,16,17,18,18(ബി), 20,38,39,40 വകുപ്പുകള്‍ പ്രകാരവുമാണ് അഞ്ച് പേരെയും അറസ്റ്റ ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, എഫ്‌ഐആറിലുള്ളത് ഐപിസി സെക്ഷന്‍ 153 എ, 505 എന്നീ വകുപ്പുകള്‍ മാത്രമാണ്. അതിലുള്ളതാവട്ടെ ജൂണില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകള്‍ മാത്രമാണ്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ അറസ്റ്റെന്ന് ആവര്‍ത്തിക്കുമ്പോഴും ഇത് എന്തൊക്കെയാണെന്ന് കോടതിയെ പോലും ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ഇമെയിലുകള്‍,കത്തുകള്‍, മീറ്റിങ്ങുകളുടെ രേഖകള്‍, മീറ്റിംഗ് തീരുമാനങ്ങളുടെ രേഖകള്‍, അംഗങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ച് നടന്ന ഫോണ്‍സംഭാഷണങ്ങളുടെ രേഖകള്‍ എന്നിവയൊക്കെ തെളിവുകളായുണ്ടെന്നാണ് പോലീസ് പറയുന്നത്.

എഫ്‌ഐആര്‍ പറയുന്നത്

തുഷാര്‍ രമേഷ് ദാംഗുഡെ എന്ന പൂണെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മറാത്തി ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആറില്‍ പറയുന്നത് 2017 ഡിസംബര്‍ 31ന് 'ഇളഗര്‍ പരിഷത്ത്' എന്ന പേരില്‍ കൂട്ടായ്മ നടക്കുന്നതായി തുഷാര്‍ അറിഞ്ഞത് ഫെയ്‌സ്ബുക്കില്‍ നിന്നാണ് എന്നാണ്. കബീര്‍ കലാ മഞ്ച് എന്ന സംഘനയാണ് പരിപാടി സംഘടിപ്പിച്ചത്. അതില്‍ പങ്കെടുക്കാന്‍ എത്തിയ താന്‍ ജിഗ്നേഷ് മേവാനി, ഒമര്‍ ഖാലിദ്, രത്തന്‍ സിംഗ്, പ്രശാന്ത് ദോന്ത തുടങ്ങിയവരെ സ്‌റ്റേജില്‍ കണ്ടെന്നാണ് തുഷാര്‍ പറഞ്ഞിരിക്കുന്നത്.

പ്രകോപനപരമായ പാട്ടുകളും നാടകങ്ങളും അവിടെ അവതരിപ്പിക്കപ്പെട്ടു. സമൂഹത്തെ വിഭജിക്കാനും സാമുദായികസ്പര്‍ധ വളര്‍ത്താനും പര്യാപ്തമാകുന്നവയായിരുന്നു ഇവയെന്നും ഇതാണ് തൊട്ടടുത്ത ദിവസം ഭീമാ കൊരെഗാവില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആര്‍. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകരായ ആറ് പേരെക്കുറിച്ചാണ് എഫ്‌ഐആറില്‍ പരാമര്‍ശമുള്ളത്. സുധീര്‍ദാവ്‌ലെ, സാഗര്‍ ഗോര്‍ഖെ, ഹര്‍ഷിലാ പോട്ദാര്‍, രമേഷ് ഗായിചോര്‍, ദീപക് ദംഗ്ലെ, ജ്യോതി ജഗ്തപ് എന്നീ പേരുകളാണ് അതിലുള്ളത്. ഇവരെല്ലാവരും അറസ്റ്റിലാവുകയും തുര്‍ന്ന് ജാമ്യം ലഭിച്ച് പുറത്തുവരികയും ചെയതു. സുധാര്‍ ധാവ്‌ലെ, ഹര്‍ഷിലാ പോട്ദാര്‍ തുടങ്ങി കബീര്‍ കലാ മഞ്ചിലെ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന് മുന്‍ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്‌ഐആര്‍ പറയുന്നു.

സിപിഐ മാവോയിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകരും തമ്മിലെന്ത്

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനകളിലൊന്നാണ് സിപിഐ മാവോയിസ്റ്റ്. 2012ലാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തില്‍ 128 സംഘടനകളെ നിരോധിച്ചത്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജനകീയ യുദ്ധത്തിലൂടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ രഹസ്യപ്രവര്‍ത്തനം നടത്തുന്ന സിപിഐ മാവോയിസ്റ്റ് സംഘടനയ്ക്ക് അനുകൂല സാഹചര്യങ്ങളൊരുക്കാന്‍ വേണ്ടി പ്രവര്‍ത്തനം നടത്തുന്നവരാണ് ഇ്‌പ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ എന്നാണ് പോലീസിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വാദം. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ സംഘടനയുടെ ആശയപ്രചാരകരാണ് എന്നാണ് ആരോപണം.

സിപിഐ മാവോയിസ്റ്റിലേക്ക് അംഗങ്ങളെ കൂട്ടാന്‍ കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചും നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്തുന്നതിന് പുറമേ സംഘടനയ്ക്ക് വേണ്ട വിഭവസമാഹരണവും ഇവരുടെ ചുമതലയാണെന്ന് പോലീസ് പറയുന്നു. വിവിധ സംഘടനകളുമായി സംസാരിച്ച് സിപിഐ മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പരസ്പരധാരണയിലെത്തിയിരുന്നതായും ആഭ്യന്തരമന്ത്രാലയം പറയുന്നു.

വാല്‍ക്കഷ്ണം: ചോദ്യങ്ങളെയാണ് 'അവര്‍' ഭയപ്പെടുന്നത്. പ്രതിഷേധത്തെയാണ് 'അവര്‍' അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തെ പ്രഷര്‍കുക്കറിനോട് ഉപമിച്ച സുപ്രീംകോടതി അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കരുത് എന്നുള്ളത് 'അവര്‍'ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. നിരീക്ഷണമോ മുന്നറിയിപ്പോ ഓര്‍മ്മപ്പെടുത്തലോ ആയി രാജ്യത്തെ പരമോന്നതകോടതി തന്നെ അതു രേഖകളിലേക്ക് പകര്‍ത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ ഉത്തരമടങ്ങിയ ഒരു ചോദ്യം നീട്ടുന്നുണ്ട, ആരാണ് അവര്‍!!

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram