To advertise here, Contact Us



കാഴ്ച്ചവസ്തുവല്ല, നട്ടെല്ലുള്ള ഒരാളെങ്കിലും ഇവിടെയുണ്ട്...!


​വഴിപോക്കന്‍

2 min read
Read later
Print
Share

ദീപിന്ദറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. എത്രയും പെട്ടെന്ന് ഒരു എക്സറെ എടുത്ത് ആ നട്ടെല്ലിന്റെ ചിത്രം പരസ്യമായി കൊടുക്കണം. നട്ടെല്ലുള്ള ചിലരെങ്കിലും ഈ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറയ്ക്ക് മനസ്സിലാക്കാന്‍ അതു മാത്രമാണൊരു വഴി.

കെട്ടുകഥയേക്കാള്‍ വിചിത്രമാണ് ജീവിതമെന്ന് പറയുന്നത് വെറുതെയല്ല. ചുമ്മാ അങ്ങിനെ നോക്കിയിരിക്കുമ്പോഴായിരിക്കും ജീവിതം നമ്മളെ ഞെട്ടിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതും. ഇന്നലെ സൊമാറ്റോയുടെ സി.ഇ.ഒ. ദീപിന്ദര്‍ ഗോയല്‍ അത്തരമൊരു വിസ്മയമാണ് നല്‍കിയത്. ഇന്ത്യ എന്ന ആശയം കാത്തുസൂക്ഷിക്കുന്നതിനു വിഘാതമാവുന്ന കച്ചവടം സൊമാറ്റോയ്ക്ക് വേണ്ടെന്ന് പറയുമ്പോള്‍ അതിലൊരു നട്ടെല്ലുണ്ട്. നിവര്‍ന്നു നിന്ന് നട്ടെല്ലുയര്‍ത്തി വിഷജീവികള്‍ക്ക് മറുപടി നല്‍കുന്ന ഒരു സി.ഇ.ഒ. തീര്‍ച്ചയായും വിസ്മയമാണ്.

To advertise here, Contact Us

പൊതുവെ ഉരഗസമാനമായ ജീവിതത്തിലൂടെയാണ് നമ്മളിലേറെപ്പേരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസം മുമ്പ് ഹിന്ദു ദിനപത്രത്തില്‍ ജി. സമ്പത്ത് എഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവര്‍ കൂടുതല്‍ കൂടുതലായി ഇഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ആധികാരികമായി നട്ടെല്ലില്ലാത്തതും എന്നാല്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നവരുമായ വ്യക്തികളുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഉടനെ പരിണമിക്കുമെന്നുമാണ് സമ്പത്ത് എഴുതിയത്. നട്ടെല്ല് തേടിയുള്ള ഒരു യാത്രയില്‍ നട്ടെല്ലില്ലാതിരുന്നിട്ടും നടുവേദന അനുഭവിക്കുന്ന ഒരാളുടെ യാതനയും സമ്പത്ത് മര്‍മ്മത്തില്‍ കൊള്ളും വിധം അവതരിപ്പിക്കുന്നുണ്ട്.

മ്യൂസിയത്തിലെ കാഴ്ചവസ്തുവല്ല നട്ടെല്ലെന്ന് കാണിച്ചുതരാന്‍ ചിലരെങ്കിലുമുണ്ടെന്നു വരുന്നത് പോലെ ആഹ്ളാദകരമായൊരു കാഴ്ച ഇപ്പോള്‍ മറ്റെന്താണുള്ളത്. ഈ ശ്രാവണമാസത്തില്‍ മറ്റൊരു മതവിഭാഗത്തില്‍പെട്ട ഒരാള്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ എനിക്കാവില്ല എന്നാണ് ജബല്‍പൂരുകാരന്‍ അമിത് ശുക്ല സൊമാറ്റോയോട് പറഞ്ഞത്. ശുക്ല ആള് ചില്ലറക്കാരനല്ല. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വരെ ശുക്ലയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. വലിയ വലിയ ആളുകള്‍ ആദരവോടെ നോക്കുന്ന ജഗജില്ലിയാണ് ശുക്ലാജി എന്ന് ചുരുക്കം.

ഭക്ഷണമെത്തിക്കുന്ന സൊമറ്റോക്കാരനാണ് ശുക്ലാജിക്ക് പ്രശ്നമായത്. ആ ഭക്ഷണം ആരാണുണ്ടാക്കിയതെന്നത് ശുക്ലാജിക്കറിയാന്‍ നിര്‍വ്വാഹമില്ല. ഒരു മതവിഭാഗക്കാര്‍ മാത്രമേ ഭക്ഷണമുണ്ടാക്കാന്‍ പാടുള്ളു എന്ന നിയമത്തിനു വേണ്ടിയായിരിക്കും ഇനിയിപ്പോള്‍ ശുക്ലാജി പോരാടുക. തനിക്ക് ആരാണ് ഭക്ഷണം കൊണ്ടുവരേണ്ടതെന്ന് പറയാനും തീരുമാനിക്കാനുമുള്ള അവകാശവും അധികാരവും ശുക്ലാജിക്കുണ്ടെന്ന് വാദിക്കുന്ന ഭക്തജനലക്ഷങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്. അമ്മയെ തല്ലിയാല്‍ തല്ലുന്നവനെ ന്യായീകരിക്കുന്നവര്‍ക്ക് ശുക്ലാജിക്ക് വേണ്ടി വാവിട്ട് കരയാന്‍ ഒരു മടിയുമുണ്ടാവില്ല. ശുക്ലാജിയുടെ അധികാരവും സ്വാതന്ത്ര്യവും അവകാശവുമൊന്നും നിഷേധിക്കേണ്ട കാര്യമില്ല. ഈ ലോകം സാധുക്കളുടേതാണെന്നതുപോലെ വിഷജീവികള്‍ക്കും അവകാശപ്പെട്ടതാണ്.

ഏതു വിഷത്തിനും പ്രതിവിധിയുണ്ടെന്നു പറയുന്നതുപോലെയാണ് സൊമാറ്റോ നിലപാടെടുത്തത്. കഴിഞ്ഞ വര്‍ഷം ഒണ്‍ലൈന്‍ ടാക്സി സേവനദാതാവായ ഓലയും ഇതുപോലൊരു നിലപാടെടുത്തിരുന്നു. മറ്റു മതക്കാരായ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വണ്ടിയില്‍ കയറാന്‍ പറ്റില്ലെന്ന് ലക്നൗ സ്വദേശി അഭിഷേക് മിശ്ര പറഞ്ഞപ്പോള്‍ ഓല ആ മാന്യദേഹത്തോട് പോയി പണി നോക്കാന്‍ പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എല്ലാ മതത്തിലും പെട്ടവര്‍ ജോലിക്കാരായുണ്ടാവുമെന്നും ഓല മിശ്രാജിയോട് പറഞ്ഞു. ശുക്ലാജിയെ പോലെ തന്നെ മിശ്രാജിയും ഒരു കില്ലാടിയാണ്. പിയൂഷ് ഗോയല്‍ മാത്രമല്ല നിര്‍മ്മല സീതാരാമനും ധര്‍മ്മേന്ദ്ര പ്രധാനുമൊക്കെ മിശ്രാജിയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നട്ടെല്ലില്ലാതെ ജീവിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്. നിത്യേന രാവിലെ വെറുംവയറ്റില്‍ അര മണിക്കൂറെങ്കിലും ഇഴയല്‍ വ്യായാമത്തിലേര്‍പ്പെടുന്നത് നന്നായിരിക്കുമെന്നാണ് ജി. സമ്പത്തിനോട് ആത്മീയഗുരു പീത്ബാബ പറഞ്ഞത്. ഇഴയല്‍പോലെ നടുവേദനയ്ക്ക് കണ്‍കണ്ട ഔഷധം വേറെയില്ല. ആരെക്കണ്ടാലും ഉടനെ തറയിലേക്ക് വീഴണം. ദിവസത്തില്‍ ഒരു പത്ത് തവണയെങ്കിലും ഇങ്ങനെ വീഴാനായാല്‍ പിന്നെ ശരീരം പതുക്കെ ഉരഗങ്ങളുടേതുപോലെയാവും. നടക്കുക, ഓടുക, ചാടുക, കാലിന്മേല്‍ കാല് കയറ്റി ഇരിക്കുക മുതലായ വൃത്തികെട്ട ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന തിരിച്ചറിവുണ്ടാവും.

ജീവിതമെന്നു പറഞ്ഞാല്‍ ഇഴയലാണെന്നും ഇഴയല്‍ പോലെ സുഖകരമായ മറ്റൊരു കര്‍മ്മമില്ലെന്നും മനസ്സിലാവാത്തതാണ് ഇന്ത്യയിലിപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ നേരിടുന്ന ദുരന്തമെന്ന് ആഗോള ഇഴയല്‍ ജീവി അസോസിയേഷന്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നുണ്ട്. ദീപിന്ദറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. എത്രയും പെട്ടെന്ന് ഒരു എക്സ്‌റെ എടുത്ത് ആ നട്ടെല്ലിന്റെ ചിത്രം പരസ്യമായി കൊടുക്കണം. നട്ടെല്ലുള്ള ചിലരെങ്കിലും ഈ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറയ്ക്ക് മനസ്സിലാക്കാന്‍ അതു മാത്രമാണൊരു വഴി.

Content Highlights: Zomato says food doesn't have religion, wins appreciation on social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us