ശരിക്കുള്ള കളി വരാനിരിക്കുന്നതേയുള്ളൂ. മെയ് 23ന് ഇന്ത്യന്‍ ജനതയുടെ വിധിയറിയാം. അതിനു ശേഷമുള്ള കളിയായിരിക്കും കളി. ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷമുണ്ടാവില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2014 ല്‍ 282 സീറ്റ് നേടിയ ബിജെപി ഇക്കുറി 170 കടന്നാല്‍ ഭാഗ്യമെന്നേ പറയാനാവൂ എന്നാണ് ആസ്ഥാന രാഷ്ട്രീയ പണ്ഡിതന്മാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 80 സീറ്റില്‍ 71 ഉം ബിജെപി കഴിഞ്ഞ തവണ പിടിച്ചിരുന്നു. ഇത്തവണ എസ്പി - ബിഎസ്പി സഖ്യത്തിനു മുന്നില്‍ അവിടെ ബിജെപിയുടെ വിജയം 30 സീറ്റിനപ്പുറത്തേക്ക് കടക്കുന്ന കാര്യം കഷ്ടമായിരിക്കും. രാജസ്ഥാനില്‍ 25 ല്‍ 25 ഉം ഗുജറാത്തില്‍ 26ല്‍ 26 ഉം മദ്ധ്യപ്രദേശില്‍ 29 ല്‍ 27 ഉം ചത്തിസ്ഗഡില്‍ 11 ല്‍ പത്തും ഡെല്‍ഹിയില്‍ ഏഴില്‍ ഏഴും നേടിയ ആ പ്രകടനം ഇക്കുറി ബിജെപി ആവര്‍ത്തിക്കുമെന്ന് സാക്ഷാല്‍ നരേന്ദ്ര മോദിയും അമിത്ഷായും പോലും കരുതുന്നുണ്ടാവില്ല. ഇനിയിപ്പോള്‍ അവരങ്ങിനെ കരുതിയാലും അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവാന്‍ പോവുന്നില്ല. ഉത്തരേന്ത്യയില്‍ സീറ്റ് കുറയുകയും ദക്ഷിണേന്ത്യയില്‍ കാര്യമായ മുന്നേറ്റമൊന്നും നടത്താനാവാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടം നികത്താന്‍ വടക്ക് കിഴക്കന്‍ സ്ംസ്ഥാനങ്ങളില്‍ നിന്നു കിട്ടിയേക്കാവുന്ന സീറ്റുകള്‍ കൊണ്ടാവില്ലെന്നും ബിജെപിക്കറിയാം. അതേസമയം ഹിന്ദി ബെല്‍റ്റില്‍ നിന്ന് കോണ്‍ഗ്രസ് ഇക്കുറി ഒരമ്പത് സീറ്റ് പിടിച്ചാല്‍ ഞെട്ടേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാവാനാണ് സാദ്ധ്യത. അവിടെയാണ് കോണ്‍ഗ്രസ് കര്‍ണ്ണാടക കളിക്കാന്‍ ഒരുങ്ങുന്നത്. കര്‍ണ്ണാടകയില്‍ ജനതാദളിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തിയ കളി ബിജെപിയുടെ ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ പോന്നതായിരുന്നു. കോണ്‍ഗ്രസ് 100 സീറ്റിനപ്പുറത്തേക്ക് കടക്കുകയും ആര്‍ക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും ഈ കളിക്ക് സാദ്ധ്യത. ഈ കളിക്കുള്ള ഒരു പ്രശ്നം മറ്റ് പ്രതിപക്ഷ കക്ഷികള്‍ അന്യായമായി വിലപേശുമെന്നുള്ളതാണ്. മമതയും മായാവതിയും അഖിലേഷും ശരദ്പവാറും ചന്ദ്രബാബുനായിഡുവും ജഗന്‍മോഹനും ചന്ദ്രശേഖര്‍റാവുവുമൊക്കെ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാന്‍ ആഞ്ഞ് ശ്രമിക്കും. സ്വാഭാവികമായും വിട്ടുവീഴ്ചകളുടെ വന്‍കടലിലേക്കായിരിക്കും കോണ്‍ഗ്രസ് വീഴുക. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് കഴുത്തുവെച്ചുകൊടുക്കാന്‍ രാഹുല്‍ഗാന്ധിക്ക് താത്പര്യമുണ്ടാവില്ല. മായാവതിയും ശരദ്പവാറും അടങ്ങുന്ന പ്രതിപക്ഷ നിരയ്ക്കും രാഹുലിനോട് വലിയ കമ്പമുണ്ടാവില്ല.
അങ്ങിനെ വരുമ്പോള്‍ രാഹുലിന് പകരം ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടി വരും. എ കെ ആന്റണിയെപ്പോലൊരാളെയാവും കോണ്‍ഗ്രസ് ഇതിനായി തേടുക. വടക്കേ ഇന്ത്യക്കാരനായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എപ്പോള്‍ അന്തോണിച്ചനെ പ്രധാനമന്ത്രിയാക്കുമായിരുന്നു എന്ന് മാത്രം ചോദിച്ചാല്‍ മതി. പക്ഷേ, പ്രായവും ന്യൂനപക്ഷ വിഭാഗക്കാരനാണെന്നതും ആന്റണിക്ക് പ്രതികൂലമാണ്. ഇവിടെയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ശുക്രന്‍ ഉദിക്കാനുള്ള സാദ്ധ്യത.
കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതായത് നെഹ്രു കുടുംബത്തിന് വിശ്വസ്തതയും കൂറുമാണ് ഏറെ പ്രധാനം. നരസിംഹറാവുവിനെപ്പോലൊരാളുടെ തലയില്‍ ഇനിയൊരിക്കലും നെഹ്രുകുടുംബം തലവെച്ചു കൊടുക്കില്ല. മിടുക്കില്‍ മന്‍മോഹനേക്കാള്‍ ഒട്ടും പിന്നലല്ലെങ്കിലും ചിദംബരത്തിന് സുപ്രധാന പദവി കൊടുക്കാന്‍ ഹൈക്കമാന്റ് തയ്യാറാവാത്തത് ഒരു നരസിംഹറാവു രണ്ടാമനില്‍ താത്പര്യമില്ലാത്തതുകൊണ്ടു തന്നെയാണ്. മല്ലികാര്‍ജുന്റെ കാര്യത്തില്‍ ആ പ്രശ്നമില്ല. ഇക്കഴിഞ്ഞ അഞ്ചു കൊല്ലം ലോക്സഭയില്‍ പാര്‍ട്ടിയുടെ നേതാവായിരുന്നപ്പോള്‍ കുടുംബത്തോട് ചോദിക്കാതെ മല്ലികാര്‍ജുന്‍ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. കേന്ദ്രത്തില്‍ റെയില്‍വെ മന്ത്രിയും തൊഴില്‍ മന്ത്രിയുമൊക്കെയായി ഭരണപരിചയവും മല്ലികാര്‍ജുനുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നുള്ള ദളിത് നേതാവാണ് എന്നതും മല്ലികാര്‍ജുന് തുണയാകുന്നു. അഞ്ചു പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിലും ഖാര്‍ഗെ പരാജയപ്പെട്ടിട്ടില്ല. നിയമസഭയിലേക്ക് ഒമ്പത് തവണയും ലോക്സഭയിലേക്ക് രണ്ടു തവണയും വിജയിച്ച ചരിത്രമാണ് ഖാര്‍ഗെയ്ക്കുള്ളത്. മല്ലികാര്‍ജുനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കിയാല്‍ മായാവതിക്കോ മമതയ്ക്കോ പവാറിനോ എന്തിന് ഒഡീഷയിലെ ബിജു പട്നായിക്കിന് പോലും എതിര്‍ക്കാനായെന്നു വരില്ല.
കോണ്‍ഗ്രസ് കര്‍ണ്ണാടക കളിച്ചാല്‍ ബിജെപി ഗോവയോ മണിപ്പൂരോ കളിക്കില്ലേ എന്ന ചോദ്യം ഈ അവസരത്തില്‍ കേള്‍ക്കാതിരിക്കാനാവില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ 40 ല്‍ 17 ഉം മണിപ്പൂരില്‍ 60ല്‍ 28 ഉം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ്സാണ്. ഇവിടെ രണ്ടിടത്തും ഇപ്പോള്‍ കോണ്‍ഗ്രസ്സല്ല ഭരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തില്‍ പക്ഷേ, ഈ കളി ആവര്‍ത്തിക്കുക ബിജെപിക്ക് എളുപ്പമല്ല. കാരണം ബിജെപിയോട് താത്പര്യമുള്ള പാര്‍ട്ടികള്‍ക്ക് പോലും മോദിയോട് താല്‍പര്യമുണ്ടാവണമെന്നില്ല. നവീന്‍ പട്‌നായിക്കും ജഗന്‍മോഹനുംചന്ദ്രശേഖഖര്‍ റാവുവും ഒഴികെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളാരും തന്നെ മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന ആഗ്രഹം ഉള്ളില്‍ കൊണ്ടു നടക്കുന്നവരുമല്ല.
കൂട്ടുകക്ഷി ഭരണത്തിന് പറ്റിയ പ്രധാനമന്ത്രിയാണ് മോദിയെന്ന് ശിവസേനക്കാര്‍ക്ക് പോലും അഭിപ്രായമുണ്ടാവില്ല. യുദ്ധത്തിന് പറ്റിയ പ്രധാനമന്ത്രിയാണെങ്കിലും വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സമാധാന കാലത്തിന് പറ്റിയ ആളല്ലെന്നാണ് രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്‍ വിധിയെഴുതിയത്. 2014 ല്‍ എന്‍ഡിഎ മന്ത്രി സഭ നിലവില്‍ വന്നെങ്കിലും അതെല്ലാ അര്‍ത്ഥത്തിലും ബിജെപി സര്‍ക്കാര്‍ തന്നെയായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെപ്പോലും വകവെയ്ക്കാത്ത മോദി ഘടകക്ഷികളിലെ മന്ത്രിമാരെ കൈകാര്യം ചെയ്തതെങ്ങിനെയാണെന്നുള്ളത് ചരിത്രമാണ്. അതുകൊണ്ടുതന്നെ ഒരു നിവൃത്തിയുണ്ടെങ്കില്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഈ കക്ഷികള്‍ക്ക് താത്പര്യമുണ്ടാവില്ല. ബിജെപിയിലാണെങ്കില്‍ തത്ക്കാലത്തേക്ക് മോദിക്ക് പകരക്കാരനായി ഒരാളില്ല. മോദിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു സര്‍ക്കാര്‍ പരീക്ഷണത്തിനും ബിജെപിക്കോ ആര്‍ എസ് എസ്സിനോ മനസ്സുണ്ടാവില്ല. അതുകൊണ്ടുതന്നെ ഗോവയും മണിപ്പൂരും കളിക്കാനുള്ള ബിജെപിയുടെ നീക്കം വിജയമാവാനുള്ള സാദ്ധ്യത കമ്മിയാണ്. ഇരുന്നൂറിനടുത്തെത്തിയാല്‍ മാത്രമേ ഇക്കുറി ബിജെപിക്ക് കേന്ദ്രത്തില്‍ കാര്യമായ കളി കളിക്കാനാവൂ എന്നതാണ് വാസ്തവം. പക്ഷേ, അതിനുള്ള സാദ്ധ്യത വിരളമാണെന്നിരിക്കെ ഇതാദ്യമായി ഒരു ദളിതന്‍ പ്രധാനമന്ത്രിയാവുന്നതിന് ഇന്ത്യയും ലോകവും സാക്ഷിയായേക്കും എന്നു പറഞ്ഞാല്‍ അതല്ലേ അതിന്റെയൊരു കാവ്യനീതി.
content highlights: who is the next Prime minister? Modi Rahul Or Mallikarjun Kharge