അടിയന്തരവസ്ഥയുടെ ആദ്യനാളുകളില്‍ ഡല്‍ഹിയില്‍ ജെ.എന്‍.യു. സര്‍വ്വകലാശാലയിലേക്ക് പോലീസ് വണ്ടികള്‍ ഇരമ്പിയെത്തി. അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ കിരീടം വെയ്ക്കാത്ത രാജകുമാരന്‍ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളു- സഞ്ജയ് ഗാന്ധി. ഈ രാജകുമാരന്റെ ഭാര്യ മനേക ഗാന്ധി (1974 ഒക്ടോബറിലാണ് സഞ്ജയും മനേകയും വിവാഹിതരായത്) അന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തിപ്പടര്‍ന്ന ദിനങ്ങളിലൊന്നില്‍ മനേക സമരം ചെയ്യുന്നവരെ വെല്ലുവിളിച്ച് തന്റെ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോവാന്‍ ശ്രമിച്ചു. പക്ഷെ, വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് കാരണം അതിനായില്ല. മനേക തിരിച്ചുപോയി അധികം കഴിയും മുമ്പുതന്നെ പോലീസ് വണ്ടികള്‍ കാമ്പസിലേക്കെത്തി.
മനേകയെ തടയാന്‍ മുന്‍കൈയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഡി.പി. ത്രിപാഠിയെ പൊക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ത്രിപാഠി പക്ഷേ, അപ്പോഴേക്കും കാമ്പസിനുള്ളില്‍നിന്നു പുറത്തേക്ക് പോയിരുന്നു. ത്രിപാഠിക്കു പകരം പോലീസ് അന്ന് അറസ്റ്റ് ചെയ്തത് പ്രബിര്‍ പുര്‍കായസ്ത എന്ന വിദ്യാര്‍ത്ഥിയെയാണ്. ഒന്നര കൊല്ലത്തോളം പ്രബിറിന് ജയിലില്‍ കഴിയേണ്ടി വന്നു. അധികം വൈകാതെ ത്രിപാഠിയേയും പോലീസ് പിടികൂടി. ആ ദിനങ്ങളില്‍ ആദ്യം അറസ്റ്റിലായ യുവനേതാക്കളിലൊരാള്‍ അടുത്തിടെ അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയായിരുന്നു.
ബിഹാറില്‍ ലാലു പ്രസാദ് യാദവും നിതിഷ്‌കുമാറും അടിയന്തരാവസ്ഥയ്െക്കതിരെ സമരമുഖത്തുണ്ടായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ നിഷേധത്തിനെതിരെ ഇന്ത്യയെമ്പാടും യുവാക്കള്‍ കടുത്ത പോരാട്ടം നടത്തി. സ്വന്തം ജീവനുള്‍പ്പെടെ ഹോമിച്ചുകൊണ്ടാണ് ഈ യുവാക്കള്‍ അന്ന് ഏകാധിപത്യത്തിനെതിരെ പൊരുതിയത്. അന്ന് പൊരുതിയവരില്‍ പലരും ഇന്നിപ്പോള്‍ ബി.ജെ.പിയുടെ നേതൃസ്ഥാനങ്ങളിലുണ്ട്.
പൗരത്വ ഭേദദഗതി നിയമത്തിനും ദേശീയ പൗരത്വ രേഖയ്ക്കുമെതിരെ ഇന്നിപ്പോള്‍ കാമ്പസുകള്‍ പൊട്ടിത്തെറിക്കുന്നതു കണ്ട് ഈ നേതാക്കള്‍ അസ്വസ്ഥരാവുന്നുണ്ടാവണം. കാരണം ഈ പോരാട്ടം അവരുടെ യൗവ്വനത്തെയൊണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ വാര്‍ദ്ധക്യത്തില്‍ തങ്ങളുടെ യൗവ്വനത്തിന്റെ ഓര്‍മ്മകള്‍ പക്ഷേ, ഇവരെ സംബന്ധിച്ചിടത്തോളം വളരെ വിദൂരമായിരിക്കുന്നു. ഈ പ്രതിസന്ധി സൃഷ്ടിച്ചതില്‍ തങ്ങള്‍ക്കുള്ള പങ്ക്, തങ്ങളുടെ പാര്‍ട്ടിക്കുള്ള പങ്ക് ഇവരറിയുന്നുണ്ടാവണം. പക്ഷേ, വളരെ തന്ത്രപൂര്‍വ്വം, പിലാത്തോസിനെപ്പോലെ ഇവര്‍ കൈ കഴുകുന്നു. എന്താണ് സത്യം എന്ന് ദുര്‍ബ്ബലമായിപ്പോലും ഇവര്‍ക്ക് ചോദിക്കാനാവുന്നില്ല.
അടിയന്തരാവസ്ഥയും വര്‍ത്തമാനകാലവും തമ്മിലുള്ള ഒരു വ്യത്യാസം അടിയന്തരാവസ്ഥ ഇന്ദിരയുടെ വ്യക്തിപരമായ അജണ്ടയുടെ പുറത്തു നടന്ന ഏര്‍പ്പാടായിരുന്നു. അധികാരം നിലനിര്‍ത്തുക എന്നതായിരുന്നു ഇന്ദിരയുടെ അജണ്ട. അതിന് വര്‍ഗ്ഗീയതയുടെയൊ മതത്തിന്റെയോ അകമ്പടിയുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ പോലും അതുകൊണ്ടുതന്നെ ഇന്ദിരയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. നാള്‍ക്കു നാള്‍ ഇന്ദിരയുടെ ജനപ്രീതി ഇടിയുകയും ചെയ്തു. ജയപ്രകാശ് നാരായണെപ്പോലെ ഒരു കാന്തിക വ്യക്തിത്വം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുണ്ടായിരുന്നു എന്നതും ഇന്ദിരയുടെ വീഴ്ച വേഗത്തിലാക്കി.
ഇന്നിപ്പോള്‍ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നുണ്ട്. പ്രകടമായ അനീതിക്കെതിരെ, ജനാധിപത്യ ധ്വംസനത്തിനെതിരെ കാമ്പസുകള്‍ ജ്വലിക്കുകയാണ്. പക്ഷേ, ജെ.പിയെപ്പോലൊരു നേതാവില്ല. ഒരു നേതാവിന്റെ വ്യക്തിപരമായ അജണ്ടയല്ല നടപ്പാക്കപ്പെടുന്നത്. ഭരണകൂടം നടപ്പാക്കുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ് . 2025-ല്‍ ആര്‍.എസ്.എസിന് നൂറു വയസ്സാവും. അന്ന് ഇന്ത്യ എന്തായിരിക്കണം എന്നതിനെക്കുറിച്ച് സംഘപരിവാറിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ ലക്ഷ്യത്തിലേക്ക് ഇനിയിപ്പോള്‍ അധികം ദൂരമില്ലെന്നും അതിനായുള്ള പരിസരം ഒരുങ്ങിക്കഴിഞ്ഞെന്നും അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇപ്പോഴുമുണ്ട്. രാജ്യത്തു നടക്കുന്നത് ജനാധിപത്യ നിഷേധമല്ലെന്നും ജനാധിപത്യത്തിന്റെ ഇച്ഛയും ആവിഷ്‌കാരവുമാണെന്ന് വിശ്വസിക്കുന്നവര്‍. കാര്യങ്ങള്‍ അതുകൊണ്ടുതന്നെ സങ്കീര്‍ണ്ണമാണ്.
ഈ ദശാസന്ധിയില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന ചോദ്യം ജനാധിപത്യ വിശ്വാസികള്‍ക്ക് ഉയര്‍ത്താതിരിക്കാനാവില്ല. ആരെന്തൊക്കെപ്പറഞ്ഞാലും ബി.ജെ.പിക്ക് ബദലായി ഇന്ത്യയില്‍ ഒരു ദേശീയ പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തന്നെയാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ നേതാക്കളിലാരെയും തന്നെ പ്രക്ഷോഭങ്ങളുടെ മുന്‍ നിരയില്‍ കാണാനില്ല. പാര്‍ട്ടി പ്രസിഡന്റ് സോണിയയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നമുക്കറിയാം. പക്ഷേ, രാഹുല്‍ എവിടെ? പ്രിയങ്ക എവിടെ? എവിടെ സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും? ഒരു ദിവസം ഡെല്‍ഹി ഗേറ്റില്‍ വന്ന് മുഖം കാണിച്ച് പോവുന്ന കലാപരിപാടിയല്ല ഇന്ത്യയിലിപ്പോള്‍ അരങ്ങേറുന്ന പ്രകഷോഭങ്ങളെന്ന് ചുരുങ്ങിയ പക്ഷം എ.കെ. ആന്റണിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ?
ബംഗാളില്‍ മമത പോര്‍മുഖത്തുണ്ട്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദറും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍ പിണറായി വിജയനും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പക്ഷേ, ഇവരെയെല്ലാവരേയും ഒരു കണ്ണിയില്‍ കോര്‍ക്കാനുള്ള ഒരു പദ്ധതി കോണ്‍ഗ്രസ് ക്യാമ്പിലില്ല. നിലവില്‍ രാജ്യത്ത് നടക്കുന്നത് നേതൃരഹിത കലാപമാണ്. അറബ് വസന്തം പോലെ ഈ നേതൃരഹിത കലാപം എരിഞ്ഞുതീര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല.
അടിയന്തരവാസ്ഥയ്ക്കുള്ള പ്രായശ്ചിത്തമെന്ന പോലെയാണ് ഈ പ്രതിസന്ധി കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നതെന്ന നിരീക്ഷണം പ്രസക്തമാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ 72-ാം വയസ്സിലാണ് ജെ.പി. പട നയിച്ചത്. ഭരണകൂടം അനീതിയുടെ കൂടാരമാവുമ്പോള്‍ നിശ്ശബ്ദനാവുന്നത് കാലത്തോടും ചരിത്രത്തോടുമുള്ള കുറ്റമാണെന്ന് ജെ.പിക്കറിയാമായിരുന്നു. രാഹുല്‍ ഗാന്ധി കൊറിയയിലാണെന്നാണ് കേള്‍ക്കുന്നത്. ഇത്തരമൊരു നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ കൊറിയന്‍ സന്ദര്‍ശനമല്ല പ്രധാനമെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് രാഹുലിനില്ലെങ്കില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.
Content Highlights: What is happening in Congress while protest against CAA intensifies