ഗാന്ധിജിക്കും സ്റ്റീവ് ജോബ്സിനുമിടയില്‍ മോദിയുടെ വസ്ത്രപ്രസംഗം പറയുന്നത്


വഴിപോക്കന്‍

3 min read
Read later
Print
Share

ഞായറാഴ്ച രാത്രി ഡെല്‍ഹിയിലെ ജാമിയ മിലിയയില്‍ സഹപാഠിയെ പോലീസ് മര്‍ദ്ദനത്തില്‍നിന്ന് സംരക്ഷിക്കാന്‍ മനുഷ്യകവചം തീര്‍ത്ത പെണ്‍കുട്ടികളെ കണ്ടവര്‍ക്ക് ഒരിക്കലും നിരാശാഭരിതരാവാന്‍ കഴിയില്ല. എത്ര ധീരരാണ് നമ്മുടെ പെണ്‍കുട്ടികള്‍. ഇവരുള്ളപ്പോള്‍ ഈ രാജ്യം നശിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക?

പ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് രേഖപ്പെടുത്തിയ ഒരു സംഭവമുണ്ട്. ആപ്പിള്‍ സ്ഥാപിക്കുന്നതിനു മുമ്പ് നടന്ന സംഗതിയാണ്. ആത്മീയത തലയ്ക്ക് പിടിച്ച് സ്റ്റീവ് എഴുപതുകളില്‍ (1974-നും 76-നുമിടയില്‍) ഇന്ത്യയിലേക്ക് വന്നു. ഗുരു നീം കരോളി ബാബയെ കാണുകയായിരുന്നു ലക്ഷ്യം. ബാബ മരിച്ചു പോയതുകൊണ്ട് ആ കൂടിക്കാഴ്ച നടന്നില്ല. പക്ഷേ, സ്റ്റീവിന്റെ ജീവിതദര്‍ശനം ആ യാത്ര മാറ്റി മറിച്ചു. ഗംഗാതീരത്തും ഉത്തരേന്ത്യയിലെ മറ്റനേകം ജനനിബിഡ സ്ഥലികളിലും സ്റ്റീവ് ദാരിദ്ര്യവുമായി മുഖാമുഖം വന്നു. ഈ കാഴ്ചകളെക്കുറിച്ച് സ്റ്റീവ് പിന്നീട് ഇങ്ങനെ എഴുതി. ''കീറിയ വസ്ത്രമുടുത്ത്, ചെരിപ്പില്ലാതെ ഞാന്‍ അമേരിക്കയില്‍ നടന്നിട്ടുണ്ട്. അത് പക്ഷേ, ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്. വേണമെങ്കില്‍ എനിക്ക് നല്ല വസ്ത്രങ്ങളും പാദരക്ഷകളും ധരിച്ച് നടക്കാമായിരുന്നു. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ അവസ്ഥ അതല്ല. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു തിരഞ്ഞെടുപ്പല്ല. ഉടുപ്പും ചെരിപ്പുമില്ലാത്ത ജീവിതം അവര്‍ തിരഞ്ഞെടുത്തതല്ല. അവരുടെ മുന്നില്‍ അങ്ങിനെ തിരഞ്ഞെടുക്കാന്‍ വഴികളില്ല.''

നമുക്കൊന്നുകൂടി പിന്നിലേക്ക് പോവാം. 98 കൊല്ലം മുമ്പ് 1921 സപ്തംബര്‍ 22-ലേക്ക്. അന്നാണ് ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനമുണ്ടായത്. അതുവരെ പിന്തുടര്‍ന്നിരുന്ന വസ്ത്രധാരണം ഉപേക്ഷിച്ച് ഒറ്റ മുണ്ടിലേക്കും ഒരൊറ്റ ഷാളിലേക്കും മാറാന്‍ ഗാന്ധിജി തീരുമാനിച്ചത് അന്നാണ്. മദ്രാസില്‍നിന്നു മധുരയിലേക്കുള്ള തീവണ്ടി യാത്രക്കിടെ സാധാരണ മനുഷ്യര്‍ക്ക് നഗ്നത മൊത്തം മറക്കാനുള്ള വസ്ത്രങ്ങളില്ലെന്ന് ഗാന്ധിജി കണ്ടു. ആ നിമിഷം തന്റെ വേഷവിധാനം മാറ്റാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗാന്ധിജി എഴുതി. പിന്നീട് വട്ടമേശ സമ്മേളനത്തിന് ലണ്ടനിലേക്ക് പോയപ്പോഴും ജോര്‍ജ് അഞ്ചാമനെ കണ്ടപ്പോഴും ഗാന്ധിജി ഈ വേഷത്തില്‍ തന്നെയായിരുന്നു. 1948 ജനവരി 30-ന് ഡെല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഗോഡ്സെയുടെ വെടിയേറ്റു വീഴും വരെ ഈ തീരുമാനത്തില്‍നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല.

അര്‍ദ്ധനഗ്നനായ ഫക്കിര്‍ എന്നാണ് ഈ വേഷത്തിന്റെ പേരില്‍ ഗാന്ധിജിയെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പരിഹസിച്ചത്. എന്തൊരു പ്രതാപശാലിയായിരുന്നു ചര്‍ച്ചില്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ ചര്‍ച്ചിലിനെപ്പോലെ പ്രകമ്പനം കൊള്ളിച്ച നേതാക്കള്‍ അധികമില്ല. പക്ഷേ, കാലത്തിന്റെ കുഴമറിച്ചിലില്‍ ചര്‍ച്ചില്‍ എവിടെയോ പോയ് മറഞ്ഞു. ഗാന്ധിജി ഇപ്പോഴും നമുക്ക് മുന്നിലെ വിളക്കുമരമാണ്. ഈ ഗാന്ധിജിയുടെ ഗുജറാത്തില്‍നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുന്നത്. മോദിയും ഗാന്ധിജിയും തമ്മിലുള്ള താരതമ്യം പക്ഷേ, അവിടെ തീരുന്നു. ഒരാള്‍ ലോകത്തെ ഒന്നിപ്പിക്കാന്‍ ജിവിതം തന്നെ ബലികൊടുത്തു. ത്യാഗം എന്നു പറയുന്നത് സ്വന്തം ജിവിതം തന്നെയായിരുന്നു ഗാന്ധിജിക്ക്.

വസ്ത്രമില്ലാത്തവരുടെ രാജ്യം കൂടിയാണ് ഇന്ത്യ എന്നാണ് ഗാന്ധിജി പറഞ്ഞുവെച്ചത്. വസ്ത്രം നോക്കി ജനങ്ങളെ അടയാളപ്പെടുത്തുന്ന നേതാക്കളിലേക്കെത്തുന്ന പുതിയ ഇന്ത്യ ആ മനുഷ്യന്റെ വിചാരകേന്ദ്രങ്ങളില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. അവിടെയാണ് പ്രധാനമന്ത്രിയുടെ വസ്ത്രപരാമര്‍ശം അശ്ലീലമായി മാറുന്നത്.

അശ്ലീലമെന്നു പറഞ്ഞാല്‍ ഒരു പെണ്‍കുട്ടി അവളുടെ ദേഹം വെളിപ്പെടുത്തുന്നതല്ലെന്നും ഒരു ഹിപ്പിയുടെ തെറിപ്പാട്ടല്ലെന്നും യുദ്ധത്തില്‍ മനുഷ്യരെ കൊന്നൊടുക്കിയതിനു കിട്ടിയ മെഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ജനറലിന്റെ ചെയ്തിയും പള്ളിയില്‍ യുദ്ധം പ്രകീര്‍ത്തിക്കുന്ന പുരോഹിതന്റെ പ്രസംഗവുമാണ് അശ്ലീലമെന്നും എഴുതിയത് ജര്‍മ്മന്‍ ചിന്തകനായ ഹെര്‍ഹര്‍ട്ട് മാര്‍ക്യുസാണ്. ഈ അശ്ലീലത്തിന്റെ ഗണത്തിലാണ് നരേന്ദ്ര മോദിയുടെ ജാര്‍ഖണ്ഡ്് പ്രസംഗം ഇടം പിടിക്കുന്നത്.

വസ്ത്രം നോക്കി കലാപകാരികളെ അടയാളപ്പെടുത്തണമെങ്കില്‍ കാലവും ചരിത്രവും ഇന്ത്യയില്‍ ആരുടെ നേര്‍ക്കായിരിക്കും വിരല്‍ ചൂണ്ടുകയെന്ന് പ്രധാനമന്ത്രി അറിയുന്നുണ്ടാവും. ഈ അറിവിനെ മറികടക്കുന്നതിന് അല്ലെങ്കില്‍ മറച്ചുവെക്കുന്നതിനായിരിക്കാം അദ്ദേഹം വസ്്ത്രങ്ങള്‍ക്ക് പുതിയ ഭാഷ്യവും പുതിയ വ്യാഖ്യാനവും നല്‍കുന്നത്. കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളിലൊരാള്‍ വസ്ത്രം പൊക്കി നോക്കിയാല്‍ ആളെ അറിയാമെന്നു പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രേഖയ്ക്കുമെതിരെയുള്ള സമരം ഒരു നിലപാടിന്റെ ആവിഷ്‌കാരമാണ്. രാജ്യം ഛിന്നഭിന്നമാകാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകടനമാണത്. 1,600 കോടി രൂപയാണ് ആസാമില്‍ ദേശീയ പൗരത്വ രേഖ നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇനിയിപ്പോള്‍ രാജ്യമൊട്ടാകെ ഈ പ്രക്രിയ പൂര്‍ണ്ണമാക്കാന്‍ എത്രാമാത്രം പണവും ഊര്‍ജ്ജവും സമയവുമാണ് ചെലവഴിക്കേണ്ടിവരികയെന്ന് ഒരു പിടിയുമില്ല.

രാജ്യത്ത് അസമാധാനവും അസ്ഥിരതയുമാണ് ഇതുണ്ടാക്കുന്നത്. മനഃസമാധാനത്തോടെ ഉറങ്ങാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിനാണിങ്ങനെ ഒരു നടപടിയെന്ന് പ്രധാനമന്ത്രി ആലോചിക്കണം. രാജ്യം കുട്ടിച്ചോറാക്കാനല്ല ബിജെപിക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത്. നോട്ടുനിരോധനത്തിനും പൗരത്വ നിയമ ഭേദഗതിക്കുമിടയില്‍ സര്‍ഗ്ഗാത്മകമായ ഏത് നടപടിയാണ് ഈ സര്‍ക്കാരിന് ഉയര്‍ത്തിക്കാട്ടാനുള്ളത്.

ഗാന്ധിജിയും സ്റ്റീവ് ജോബ്സും വസ്ത്രത്തിന്റെ രാഷ്ട്രീയം തന്നെയാണ് അനാവരണം ചെയ്തത്. അതു പക്ഷേ, ഭിന്നിപ്പിക്കലിന്റെ രാഷ്്രടീയമായിരുന്നില്ല. മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യവും കൈകോര്‍ക്കലുമായിരുന്നു. ഗാന്ധിജിയില്‍നിന്നു മോദിയിലേക്കെത്തുമ്പോള്‍ വസ്ത്രം വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും കൊടിയടയാളമാവുന്നു.

ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥം എന്ന് പ്രഖ്യാപിച്ച നേതാവാണ് മോദി. ആ ഭരണഘടനയ്ക്കെതിരെയുള്ള ഒരു നിയമം റദ്ദാക്കാന്‍ പ്രക്ഷോഭം നടത്തുന്നവരെ വസ്ത്രത്തിന്റെ പേരില്‍ ആക്ഷേപിക്കുകയല്ല അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ അന്തഃസത്തയുള്‍ക്കൊണ്ട് തെറ്റ് തിരുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്.

ഇതൊരവസരമാണ് . ശിഥിലീകരണത്തില്‍ നിന്നും ഒരുമിപ്പിക്കലിലേക്ക് വഴിമാറാനുള്ള അവസരം. കാലവും ചരിത്രവും നരേന്ദ്ര മോദിയെ ഉറ്റുനോക്കുകയാണ്. ഒരു ജനതയുടെ പ്രത്യാശകള്‍ തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയും ഉത്തരവാദിത്തവും തീര്‍ച്ചയായും പ്രധാനമന്ത്രിക്കുണ്ട്.

വഴിയില്‍ കേട്ടത്: ഞായറാഴ്ച രാത്രി ഡെല്‍ഹിയിലെ ജാമിയ മിലിയയില്‍ സഹപാഠിയെ പോലീസ് മര്‍ദ്ദനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മനുഷ്യകവചം തീര്‍ത്ത പെണ്‍കുട്ടികളെ കണ്ടവര്‍ക്ക് ഒരിക്കലും നിരാശാഭരിതരാവാന്‍ കഴിയില്ല. എത്ര ധീരരാണ് നമ്മുടെ പെണ്‍കുട്ടികള്‍. ഇവരുള്ളപ്പോള്‍ ഈ രാജ്യം നശിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക?

Content Highlights: Those creating violence can be identified by their clothes itself, says Prime Minister Narendra Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram