നെഹ്റുവും മോദിയും സമാന്തര പാതകളാണ്. നെഹ്റുവിന്റെ പേരിലുള്ള സര്‍വകലാശാലയാണ് എന്നതുകൊണ്ടു മാത്രമല്ല ജെ എന്‍ യുവിനെ മോദി സര്‍ക്കാരും ബിജെപിയും പേടിക്കുന്നത്. ബിജെപിയുടെ സങ്കല്‍പത്തിലുള്ള ഇന്ത്യയായിരുന്നില്ല നെഹ്റുവിന്റെ ഭാവനയിലുണ്ടായിരുന്നത്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഇന്ത്യയാണ് ബിജെപിയുടെ ഇന്ത്യ. ഈ ഇന്ത്യയല്ല നെഹ്റുവിന്റെ മനസ്സിലുണ്ടായിരുന്ന ഇന്ത്യയുടെ പരിച്ഛേദമാണ് ജെ എന്‍ യു മുന്നോട്ടുവെയ്ക്കുന്നത്. ബഹുസ്വരമായ ഇന്ത്യ, വ്യത്യസ്ത ആശയലോകങ്ങള്‍ നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യയാണ് ജെ എന്‍ യുവില്‍ പ്രതിഫലിക്കുന്നത്. ഈ ഇന്ത്യയോട് സംവാദത്തിലും തര്‍ക്കത്തിലും മുഴുകുന്നതിനു പകരം അതിനെ ഇല്ലാതാക്കുന്നതാണ് എളുപ്പമെന്ന കാഴ്ചപ്പാടാണ് ബിജെപിയുടെ പ്രത്യയശാസ്ത്ര വിശാരദന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമുള്ളത്. ജെ എന്‍ യുവിനെ എങ്ങിനെ നിര്‍വീര്യമാക്കാം എന്നത് ബിജെപിയുടെ അജണ്ടയായി മാറുന്നത് ഈ പരിസരത്തിലാണ്.
ജെ എന്‍ യുവിന്റെ പ്രസക്തി എന്താണെന്ന് അറിയണമെങ്കില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് സഹപ്രവര്‍ത്തകയായ നിര്‍മ്മലാ സീതാരാമനോട് ചോദിച്ചാല്‍ മതിയാവും. ജെ എന്‍ യുവിലെ പഠനം എങ്ങനെയാണ് തന്നെ താനാക്കിയതെന്ന് നിര്‍മ്മല പറഞ്ഞുതരും. ജെ എന്‍ യുവില്‍ പഠിച്ച നിര്‍മ്മലയാണ് ബിജെപി സര്‍ക്കാരിലെ ധനമന്ത്രിയെന്നത് മാത്രം മതി ജെ എന്‍ യു ഇടതുപക്ഷത്തിന്റെ വിത്തുകള്‍ മാത്രമാണ് പരിപാലിക്കുന്നതെന്ന വാദത്തിന്റെ മുനയൊടിക്കാന്‍. നിര്‍മ്മലയും സീതാറാം യെച്ചൂരിയും കനയ്യ കുമാറും അഭിജിത് ബാനര്‍ജിയും ജെ എന്‍ യുവിന്റെ ഉത്പന്നങ്ങളാണെന്നത് ആ സ്ഥാപനത്തിന്റെ ബഹുസ്വരതയ്ക്കുള്ള ജീവിക്കുന്ന സാക്ഷ്യപത്രങ്ങളാണ്.
ജനിച്ചുവീഴുന്നത് സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കമായ കുടുംബത്തിലാണെന്നതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാനാണ് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നല്‍കുന്നത്. ഇത് ആരുടെയും ഔദാര്യമല്ല. സ്വതന്ത്ര പരമാധികാര , സോഷ്യലിസ്റ്റ് ,മതേതര , ജനാധിപത്യ റിപ്പബ്‌ളിക്കിലെ പൗരസമൂഹത്തിന്റെ അവകാശമാണ്. ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ പ്രതിഭാസവുമല്ല ഇത്. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളിലെല്ലാം തന്നെ ഇത്തരം സംവിധാനങ്ങളുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക നടപ്പാക്കുന്ന അഫര്‍മേറ്റിവ് ആക്ഷന്‍ എന്തിനുമേതിനും അമേരിക്കയിലേക്ക് നോക്കുന്നവര്‍ കാണാതെ പോവരുത്.
കഴിഞ്ഞ വര്‍ഷം ജെ എന്‍ യു പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് അവിടത്തെ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും പ്രതിമാസം 12,000 രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവരാണെന്നാണ്. 27 ശതമാനം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വരുമാനം പ്രതിമാസം ആറായിരം രൂപ മാത്രമാണ്. ഈ കുടുംബങ്ങളില്‍ നിന്നും വരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ( കടുപ്പമേറിയ പ്രവേശന പരീക്ഷയില്‍ വിജയിച്ചാണ് ഈ കുട്ടികള്‍ ജെ എന്‍ യുവിലെത്തുന്നത് ) വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാന്‍ നികുതിപ്പണം ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. മൂവായിരം കോടിരൂപയുടെ പ്രതിമ സ്ഥാപിക്കുന്നതിലല്ല കഴിവും പ്രാപ്തിയും സ്വഭാവദാര്‍ഢ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കുന്നതിനാണ് ഭരണകൂടങ്ങള്‍ ഉത്സാഹിക്കേണ്ടത്.
നിലവില്‍ ഭക്ഷണമുള്‍പ്പെടെ പ്രതിവര്‍ഷം 33,000 രൂപയോളം ജെ എന്‍ യുവിലെ ഒരു ശരാശരി വിദ്യാര്‍ഥിയ്ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് 66,000 രൂപയോളമായി വര്‍ധിപ്പിക്കുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ഭരണാധികാരികള്‍ ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും പ്രതിവര്‍ഷം 46,000 രൂപ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ഫീസ് വര്‍ധന നടപ്പാക്കിയാലുണ്ടാവുക. വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുറി വാടക മാത്രമാണ് ഭാഗികമായി കുറച്ചിട്ടുള്ളത്. വെള്ളത്തിനും വൈദ്യുതിക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ ( ഇതുവരെ ഇവ സൗജന്യമായിരുന്നു ) ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജെ എന്‍ യു ഇന്ത്യയുടെ പരിച്ഛേദമാണെന്ന് വെറുതെ പറയുന്നതല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. കേരളത്തില്‍ നിന്നും മേഘാലയയില്‍ നിന്നും ജമ്മുകാശ്മീരില്‍ നിന്നുമുള്ള കുട്ടികള്‍. എസ്എഫ്ഐ മാത്രമല്ല എബിവിപിയും ദളിത് വിദ്യാര്‍ഥി സംഘടനകളും ജെ എന്‍ യുവിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മിശ്രവിവാഹങ്ങള്‍ക്ക് വഴിയൊരുക്കുന്ന സ്ഥാപനമെന്ന സവിശേഷതയും ജെ എന്‍ യുവിനുണ്ട്. ജാതിയുടെ മേല്‍ക്കോയ്മകള്‍ തകര്‍ക്കുന്നതില്‍ മിശ്രവിവാഹം പോലെ മറ്റൊന്നില്ല എന്ന അംബേദ്കറുടെ നിരീക്ഷണം എക്കാലത്തും പ്രസക്തമാണ്. തുറന്ന സംവാദവും തര്‍ക്കങ്ങളുമാണ് ജെ എന്‍ യുവിനെ ജെ എന്‍ യുവാക്കുന്നത്. ബിഹാറിലെയും തമിഴകത്തെയും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് സ്വന്തം അസ്തിത്വം അടയാളപ്പെടുത്തുന്നതിനുള്ള ഇടം ജെ എന്‍ യുവിലുണ്ട്. ഈ ഇടങ്ങളാണ് വാസ്തവത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ഈടുവെയ്പ്. ഈ അസ്തിവാരങ്ങളിലാണ് ഇന്ത്യ ലോകത്തിനു മുന്നില്‍ ഒരു കൂസലുമില്ലാതെ നിവര്‍ന്നു നില്‍ക്കുന്നത്.
അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ ഐ എം എഫിന്റെ ഉപദേഷ്ടകരില്‍ ഒരാളായ ഡോക്ടര്‍ ജി ശ്രീകുമാര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. 1981 ല്‍ ധനതത്വശാസ്ത്ത്രില്‍ എം എ യ്ക്ക് ശ്രീകുമാറിന് ഡല്‍ഹി സര്‍വകലാശാലയിലും ജെ എന്‍ യുവിലും പ്രവേശനം കിട്ടിയിരുന്നു. എവിടെ ചേരണമെന്ന ചിന്താക്കുഴപ്പത്തില്‍ അകപ്പെട്ട ശ്രീകുമാറിന് കൂട്ടുകാരിലൊരാള്‍ മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരനെ കാണിച്ചുകൊടുത്തു. അയാള്‍ ചാരുമജുംദാറിനെപ്പോലെയുണ്ടായിരുന്നു എന്നാണ് ശ്രീകുമാര്‍ എഴുതിയത്. ഡല്‍ഹി സര്‍വ്വകലാശാലയിലും ജെ എന്‍ യുവിലും പ്രവേശനപ്പരീക്ഷയില്‍ ഒന്നാമാനായിരുന്നു ആ വിദ്യാര്‍ത്ഥി. എവിടെ ചേരണമെന്ന കാര്യത്തില്‍ ആ വിദ്യാര്‍ഥിയ്ക്ക് ആശയക്കുഴപ്പമുണ്ടായിരുന്നില്ല. ജെ എന്‍ യുവിലെ ജനാധിപത്യ പരിസരമാണ് തന്നെ അങ്ങോട്ട് ആകര്‍ഷിച്ചതെന്നാണ് അഭിജിത് ബാനര്‍ജി പിന്നീട് വ്യക്തമാക്കിയത്. അഭിജിത്തിനൊപ്പം ജെ എന്‍ യുവിലേക്ക് പോയതായിരുന്നു തന്റെ ജിവിതത്തിലെ ആദ്യ സ്വതന്ത്ര തീരുമാനമെന്നും താന്‍ ഒരിക്കലും ഖേദിക്കാത്ത തീരുമാനമായിരുന്നു അതെന്നും ശ്രീകുമാര്‍ എഴുതി. നിര്‍മ്മലാ സീതാരാമനും മറിച്ചൊരു അഭിപ്രായമുണ്ടാവാനിടയില്ല. ജെ എന്‍ യുവിലെ പ്രക്ഷോഭങ്ങള്‍ പണമില്ലാത്തതുകൊണ്ടുമാത്രം ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള കടമയില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്‍വലിയരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് , ഇന്ത്യന്‍ യുവത്വം ആര്‍ക്കും അടിയറവ് പറഞ്ഞിട്ടില്ലെന്നതിന്റെ പ്രഖ്യാപനമാണ്. ആ പ്രഖ്യാപനം ഏറ്റെടുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മടിച്ചു നില്‍ക്കരുത്.
Content Highlights: Modi Government fears JNU because of this, Column Vazhipokkan