ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കനത്ത പ്രതിഷേധത്തിനിടയാക്കുന്നു. ചരിത്ര പണ്ഡിതനായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബിബ് ഗവര്‍ണ്ണറോട് അബുള്‍ കലാം ആസാദിനെയല്ല ഗോഡ്സെയെയാണ് താങ്കള്‍ ഉദ്ധരിക്കേണ്ടതെന്ന് പറയുന്നു. പറഞ്ഞത് ഇര്‍ഫാന്‍ ഹബിബാണ്. 88 വയസ്സുള്ള പ്രൊഫസര്‍ ഇര്‍ഫാനെ മറ്റാരുമറിഞ്ഞില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നന്നായി അറിഞ്ഞിരിക്കണം. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ വര്‍ഗ്ഗീയത ന്യായീകരിക്കാന്‍ ആരു ശ്രമിച്ചാലും അതിപ്പോള്‍ രാഷ്ട്രത്തിന്റെ പ്രഥമ പൗരന്‍ രാം നാഥ് കോവിന്ദായാലും ഇര്‍ഫാന്‍ ഹബിബിനെപ്പോലാരാള്‍ക്ക് നിശ്ശബ്ദനാവാനാവില്ല.
ഒരു പക്ഷേ, കേരളം കണ്ടിട്ടുള്ള ഗവര്‍ണര്‍മാരില്‍ ഏറ്റവും വലിയ പണ്ഡിതന്മാരിലൊരാളായിരിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. വിപുലവും ആഴവുമാര്‍ന്ന വായന മാത്രമല്ല സുശക്തവും സുധീരവുമായ നിലപാടുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഷാബാനു കേസില്‍ സുപ്രീം കോടതി നടത്തിയ വിധി മറികടക്കുന്നതിന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചത് അത്തരത്തിലുള്ള നടപടിയായിരുന്നു. മുത്തലാക്ക് വിഷയമുള്‍പ്പെടെ സ്ത്രീകള്‍ക്കു വേണ്ടി സന്ധിയില്ലാതെ പൊരുതാനും ആരിഫ് മുഹമ്മദ് ഖാന് മടിയുണ്ടായിട്ടില്ല.
സംവാദത്തിന് തയ്യാറാണെന്നും സംവാദത്തിനൊരുങ്ങാതെ അസഹിഷ്ണുത പുലര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറയുന്നത്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ , താങ്കളുടെ ഈ അഭിപ്രായത്തിനോട് ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. താങ്കളുടെ പാണ്ഡിത്യവും പ്രഭാഷണ മികവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് സംവാദമെന്ന കാര്യത്തിലും ഒരാള്‍ക്കും സംശയമുണ്ടാവില്ല.
പക്ഷേ, പരസ്യമായി പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാരാണ് ആരിഫ് മുഹമ്മദ് ഖാനെ കേരളത്തില്‍ ഗവര്‍ണറായി നിയമിച്ചത്. 2014 ല്‍ ആദ്യമായി അധികാരത്തില്‍ വന്ന ശേഷം ഏത് സുപ്രധാനമായ തീരുമാനത്തിലാണ് മോദി സര്‍ക്കാര്‍ സംവാദം നടത്തിയിട്ടുള്ളത് ? സംവാദം എന്നു പറഞ്ഞാല്‍ നാട്ടുകാരെ മൊത്തം വിളിച്ച് കൂടിയാലോചന നടത്തണമെന്നല്ല പറഞ്ഞു വരുന്നത്. ചുരുങ്ങിയ പക്ഷം ആ തീരുമാനം നടപ്പാക്കേണ്ട പ്രധാന കക്ഷികളുമായെങ്കിലും ആലോചിച്ചിരിക്കണമെന്നത് പ്രാഥമികമായ ജനാധിപത്യ മര്യാദയാണ്.
നോട്ടു നിരോധനമെടുക്കുക. 2016 നവംബര്‍ എട്ടിന് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടി പോലെയാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചത്. റിസര്‍വ്വ് ബാങ്കിനെപ്പോലും വിശ്വാസത്തിലെടുക്കാതെ നടത്തിയ കലാപരിപാടിയായിരുന്നു ഇതെന്ന വിമര്‍ശത്തിന് യുക്തിക്ക് നിരക്കുന്ന മറുപടി നല്‍കാന്‍ ഇനിയും മോദി സര്‍ക്കാരിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. 370 ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതും സമാന രീതിയിലായിരുന്നു. ജമ്മു കാശ്മീര്‍ ജനതയുടെ പ്രതിനിധികളുമായി ഒരു തരത്തിലുള്ള കൂടിയാലോചനയും മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും സമവായത്തിനുള്ള ഒരു ശ്രമവും മോദി സര്‍ക്കാര്‍ നടത്തിയില്ല. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായ ഒരു നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാരുകളോട് ഈ വിഷയത്തില്‍ ഒരു കൂടിയാലോചനയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. ഇത്രയും വലിയ എതിര്‍പ്പ് പൗര സമൂഹത്തില്‍ നിന്നുണ്ടായിട്ടും അതുള്‍ക്കൊള്ളാതെ ഏകപക്ഷീയമായി നീങ്ങാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്റെ സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞുകൊണ്ട് സ്വയം പരിഹാസ്യനാവുന്നതിനു പകരം ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതു വരെ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് വാസ്തവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന ഒരു നിയമ ഭേദഗതി പിന്‍വലിക്കുന്നതിനുള്ള ആര്‍ജ്ജവവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം.
സംവാദത്തിന്റെ ഭൂമിക പാടെ നിഷേധിക്കുന്ന ഒരു ഭരണകൂടത്തെയാണ് ജനങ്ങള്‍ ഇന്നഭിമുഖീകരിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെപ്പോലും അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. സംഘപരിവാറിന്റെ മാനസപുത്രനെന്നു വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഭീകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യോഗി മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്ലിമിനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാതെയാണ് ബിജെപി മത്സരിച്ചതെന്നതും ഇതോടുചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി നേരിട്ടനുഭവിക്കുന്ന ഇര്‍ഫാന്‍ ഹബിബിനെപ്പോലൊരാള്‍ക്ക് എങ്ങിനെയാണ് നിശ്ശബ്ദനാവാനാവുക ? ഇങ്ങനെ മിണ്ടാതിരിക്കുകയെന്നു പറഞ്ഞാല്‍ അത് ഹബിബിനെപ്പോലുള്ളവര്‍ക്ക് മരണം തന്നെയാണ്.
ബിജെപി സര്‍ക്കാര്‍ ദാനം നല്‍കിയ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്ന് മാറി നിന്നു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിലപാട് മുന്നോട്ടു വെച്ചിരുന്നതെങ്കില്‍ അതിന്റെ മാനം മറ്റൊന്നാകുമായിരുന്നു.കേരള ഗവര്‍ണ്ണറായി സ്ഥാനമേല്‍ക്കും മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. അതിലൊരിടത്ത് ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതാണ്. '' നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതിയാല്‍ നിങ്ങള്‍ എപ്പോഴും ഭയപ്പെട്ടുകൊണ്ടേയിരിക്കും. നിങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നു കരുതിയാല്‍ ഭയമുണ്ടാവില്ല. '' എത്രമാത്രം നിസ്സംഗതയോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കാര്യങ്ങള്‍ കാണുന്നതെന്ന് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഉള്ളിന്റെയുള്ളില്‍ ഒരു പക്ഷേ രാജീവ് ഗാന്ധിയോടേറ്റുമുട്ടിയ ആ പഴയ പ്രക്ഷോഭകാരി ആരിഫ് മുഹമ്മദ് ഖാനെ അലോസരപ്പെടുത്തുന്നുണ്ടാവാം. മാംസവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം പോലെയാണത്. ഈ സംഘര്‍ഷത്തില്‍ നിന്ന് വിടുതല്‍ നേടുന്നതിന് പക്ഷേ, എളുപ്പ വഴികളില്ല. മനഃസാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാട്യങ്ങള്‍കൊണ്ട് രക്ഷപ്പെടാനാവില്ല. പൊളളയായ വാക്കുകള്‍കൊണ്ടല്ല രാഷ്ട്രത്തോടും ജനതയോടും നീതി പുലര്‍ത്തുന്ന സമൂര്‍ത്തമായ കര്‍മ്മങ്ങളിലൂടെ മാത്രമേ ഈ ചതുപ്പില്‍ നിന്ന് സ്വയം കരകയറാനാവുകയുള്ളുവെന്ന ചരിത്ര പാഠവുമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ മുഖാമുഖം നില്‍ക്കുന്നത്.
content highlights: Irfan habib protest against Governor Arif Muhammed Khan, Vazhipokkan analysis