ജനറല്‍ റാവത്ത്, ഇതു പറയാനല്ല താങ്കളെ പട്ടാളത്തിന്റെ തലപ്പത്ത് ഇരുത്തിയിരിക്കുന്നത്


വഴിപോക്കന്‍

3 min read
Read later
Print
Share

ഇന്ത്യയുടെ ആദ്യ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ആകാന്‍ ജനറല്‍ റാവത്ത് ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യയിലെ കാമ്പസുകളില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അധിക്ഷേിപക്കുന്ന ഒരാള്‍ ഇത്തരം ഒരു പദവിയിലേക്ക് വരേണ്ടതുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും ഒന്നാലോചിക്കണം.

എം.പി. നാരായണപിള്ളയുടെ പരിണാമം ഒരു രാഷ്ട്രീയ നോവലാണ്. നക്സലുകളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഉള്‍തട്ടുകള്‍ക്കൊപ്പം അധികാരത്തിന്റെ അടരുകളും ഈ നോവലില്‍ മനോഹരമായി അനാവരണം ചെയ്യുന്നുണ്ട്. കേണലും പട്ടരും നാണപ്പനും ചേര്‍ന്ന് നക്സലുകളെ തേടിപ്പോവുന്ന ഒരു സീന്‍ നോവലിലുണ്ട്.

ഓപ്പറേഷന്റെ ചീഫ് കേണലാണ്. പട്ടരാണ് ഇന്റലിജന്‍സ് ഓഫീസര്‍. നാണപ്പന്‍ അടിയന്തരഘട്ടങ്ങളില്‍ സാദാ പട്ടാളക്കാരനും മറ്റു നേരങ്ങളില്‍ നിരീക്ഷകനും. മൂന്നു പേരും കാറില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ 'ഠേ' എന്നൊരു ശബ്ദം. ശത്രുക്കള്‍ വെടിയുതിര്‍ക്കുയാണെന്ന് പേടിച്ച് നാണപ്പനും പട്ടരും കാറിനുള്ളില്‍ നിലംപറ്റിക്കിടന്നു. അപ്പോള്‍ കേണല്‍ തീര്‍ത്തും ശാന്തനായി പറയുന്നു. ''പേടിക്കേണ്ട, അത് കാറിന്റെ ടയര്‍ വെടിതീര്‍ന്നതാണ്.'' എന്നിട്ട് ആത്മഗതം പോലെ കേണല്‍ കൂട്ടിച്ചേര്‍ക്കുന്നു. ''വെറുതെയല്ല നിങ്ങള്‍ സാദാ സോള്‍ജിയറും ഞാന്‍ കേണലുമായത്.'' ( ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്. നാരായണപിള്ളയുടെ വാക്കുകള്‍ ചിലപ്പോള്‍ ഇങ്ങനെതന്നെയാവണമെന്നില്ല.)

പരിണാമവും കേണലും ഇപ്പോള്‍ മനസ്സിലേക്ക് കയറിവരാന്‍ കാരണം ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ പട്ടികയുടെയും പശ്ചാത്തലത്തില്‍ ജനറല്‍ റാവത്ത് നാട്ടിലെ പിള്ളേരുടെ മെക്കിട്ട് കയറുന്ന കാഴ്ച മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധവും മര്യാദകേടുമാണ്.

ഈ ഡിസംബര്‍ 31-ന് വിരമിക്കുകയാണ് ജനറല്‍ റാവത്ത്. അടുത്തൂണ്‍ പറ്റിക്കഴിഞ്ഞാല്‍ ടിയാനായിരിക്കും ഇന്ത്യയുടെ ആദ്യ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്.) എന്നാണ് കേള്‍ക്കുന്നത്. സി.ഡി.എസ്. പദവിക്കുവേണ്ടിയുള്ള ആക്രാന്തത്തിലാണോ ജനറല്‍ റാവത്ത് പിള്ളേരെ നേര്‍വഴിക്ക് നടത്താന്‍ തീരുമാനിച്ചതെന്നറിയില്ല.

സര്‍വ്വകാലാശാലകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുന്നതും ആളെക്കൂട്ടി ജാഥ നടത്തുന്നതും ശരിയായ നേതൃത്വമല്ലെന്നാണ് ജനറലദ്യേം പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് ഇങ്ങനെയൊരു രാഷ്ട്രീയ പ്രസ്താവന നടത്താന്‍ ജനറല്‍ റാവത്തിന് എങ്ങിനെ കഴിയുന്നുവെന്നത് ഒന്നൊന്നര ചോദ്യമാണ്. ആ ചോദ്യം ആത്യന്തികമായി ചെന്നു തറയ്ക്കുക 56 ഇഞ്ചിലേക്കായിരിക്കും എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാവുന്നു.

പരിണാമത്തിലെ കേണല്‍ കേണലാവുന്നത് ഓപ്പറേഷന്‍ നക്സല്‍ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ്. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സിവിലിയന്‍ ഭരണകൂടമുണ്ട്. നരേന്ദ്ര ദാമോദര്‍ദാസ് മോദി നയിക്കുന്ന എന്‍.ഡി.എ. ഭരണകൂടം. ജനറല്‍ റാവത്തിനെപ്പോലുള്ളവര്‍ വിടുവായന്മാരാവുമ്പോള്‍ ജനാധിപത്യ ഭരണകൂടത്തിന്റെ പരാജയമാണ് അത് തുറന്നുകാട്ടുന്നത്.

ഇതാദ്യമല്ല ജനറല്‍ റാവത്ത് ഇങ്ങനെയുള്ള വിവാദങ്ങളില്‍ പെടുന്നത്. ആസ്സാമിലെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ വളര്‍ച്ച ബി.ജെ.പിയുടെ വളര്‍ച്ചയെ അതിശയിപ്പിക്കുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം ജനറല്‍ റാവത്ത് തട്ടിവിട്ടത് മറക്കാറായിട്ടില്ല.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയില്‍ പട്ടാളം ജനാധിപത്യ ഭരണകൂടത്തിന് കീഴിലാണെന്നും നമ്മുടെ പട്ടാള മേധാവികള്‍ മറന്നുപോയാല്‍ അവരെ അക്കാര്യം രാഷ്ട്രീയ നേതൃത്വം ഓര്‍മ്മിപ്പിക്കുക തന്നെ വേണം. 1947-ല്‍ സ്വാതന്ത്ര്യത്തിന്റെ തലേന്ന് നടന്ന ഒരു സംഭവം ചരിത്രകാരന്‍ ശ്രിനാഥ് രാഘവന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ സൂചകമായി ദേശീയ പതാക ഉയരത്തുന്ന ചടങ്ങില്‍നിന്ന് പൊതു ജനങ്ങളെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ ആര്‍മി തലവന്‍ ജനറല്‍ റോബ് ലൊക്കാര്‍ട്ട് ഒരു സര്‍ക്കുലര്‍ പുറത്തിറക്കി.

ഈ സര്‍ക്കുലര്‍ റദ്ദാക്കിയ ശേഷം ജനറല്‍ റോബിന് പ്രധാനമന്ത്രി നെഹ്രു എഴുതിയ കുറിപ്പ് നരേന്ദ്ര മോദി ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും. ''സൈന്യത്തിലായാലും മറ്റെവിടെയായാലും ഒരു നയം പിന്തുടരണമെങ്കില്‍ ആ നയം സര്‍ക്കാരെടുക്കുന്ന നയമായിരിക്കും. ആ നയം പിന്തുടരാന്‍ ആര്‍ക്കെങ്കിലും സാധിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ സ്ഥാനമുണ്ടാവില്ല.'' ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ജനറല്‍ കെ.എം. കരിയപ്പ നയപരമായ കാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ അത് ആര്‍മി ചീഫിന്റെ പണിയല്ലെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ കരിയപ്പയോട് നെഹ്രു പറഞ്ഞതും ശ്രിനാഥ് രാഘവന്‍ വ്യക്തമാക്കുന്നുണ്ട്.

1971 മാര്‍ച്ചില്‍ ബംഗ്ളാദേശ് യുദ്ധം തുടങ്ങാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടിട്ടും ജനറല്‍ സാം മനേക് ഷാ വഴങ്ങിയില്ലെന്നും സൈന്യത്തെ വിന്യസിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടെന്നും പരക്കെ പ്രചാരമുള്ള കഥയുണ്ട്. ഇന്ദിര അങ്ങിനെ ധൃതി കാട്ടിയിട്ടില്ലെന്നും പി.എന്‍. ഹക്സറുടെയും സാമിന്റെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കുകയായിരുന്നുവെന്നുമാണ് ജയ്റാം രമേശ് ഇതേക്കുറിച്ച് ഇന്റ്‌റര്‍ടൈ്വന്‍ഡ് ലൈവ്സ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഇന്ദിരയുടെ മുഖത്തു നോക്കി മനേക് ഷാ അങ്ങിനെ പറഞ്ഞോ എന്നതില്‍ തര്‍ക്കമുണ്ടെങ്കിലും ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. അങ്ങിനെയുള്ള കാര്യങ്ങള്‍ ഭരണകൂടത്തോട് പറയുക എന്നത് ആര്‍മി ചീഫിന്റെ ജോലിയാണ്. അതിനാണ് അവരെ ആര്‍മിയുടെ തലപ്പത്തിരുത്തുന്നത്.

ആര്‍മി തലവനായിരുന്ന വി.കെ. സിങ് ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ അംഗമാണ്. രാഷ്ട്രീയവും സൈന്യവും തമ്മിലുള്ള അതിര്‍ത്തികള്‍ ഇങ്ങനെ ഇടിഞ്ഞുപോവുമ്പോള്‍ ജനറല്‍മാര്‍ക്ക് അവര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന കാര്യം ഓര്‍മ്മയില്ലാതാവുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇന്ത്യയുടെ ആദ്യ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ആകാന്‍ ജനറല്‍ റാവത്ത് ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കാമ്പസുകളില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അധിക്ഷേിപക്കുന്ന ഒരാള്‍ ഇത്തരം ഒരു പദവിയിലേക്ക് വരേണ്ടതുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും ഒന്നാലോചിക്കണം. ജനാധിപത്യം അത്താഴവിരുന്നല്ലെന്ന് നമ്മുടെ പട്ടാള മേധാവികള്‍ തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള ചികിത്സകള്‍ അത്യാവശ്യമാണ്.

വഴിയില്‍ കേട്ടത്: രഹസ്യം പരസ്യമാവാതിരിക്കാന്‍ മഴക്കാറുള്ള രാത്രികളിലാണത്രെ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടാള മേധാവികളോട് സംസാരിക്കുന്നത്.

Content Highlights: Army chief Rawat's comments on CAA, NRC protests triggers row

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram