തോക്കുകള്‍ക്ക് ഭ്രാന്തുപിടിച്ച നഗരത്തില്‍


എഴുത്തും ചിത്രങ്ങളും: ഡോ.സന്തോഷ്‌കുമാര്‍ എസ് എസ്

6 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

പോര്‍ട്ട് ഹാര്‍കോര്‍ട്ട് ( Port Harcourt ) നൈജീരിയയുടെ തെക്കേ അറ്റത്തുള്ള റിവേഴ്‌സ് ജില്ലയുടെ തലസ്ഥാനമാണ്. അബൂജയില്‍ നിന്ന് പന്ത്രണ്ട് മണിക്കൂര്‍ ജീപ്പില്‍ യാത്രചെയ്താണ് ഞാനവിടെ എത്തിയത്. തികച്ചും ദുര്‍ഘടമായ യാത്ര. നൈജീരിയയുടെ നെഞ്ചിലൂടെ ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട്, കുന്നുകളും കുഴികളും നിറഞ്ഞ റോഡിലൂടെ പൊരിയുന്ന വെയിലത്തുള്ള യാത്ര ദുര്‍ഘടമാകാതെ തരമില്ലല്ലോ. പ്രസിദ്ധമായ നൈജര്‍ ഡെല്‍റ്റയിലുള്ള പ്രധാന നഗരമാണിത്.

നൈജീരിയയിലെ പെട്രോളിയത്തിന്റെ 80 ശതമാനവും ഇവിടുന്നാണ് ഉണ്ടാക്കുന്നത്. വിരോധാഭാസമെന്ന് പറയട്ടെ ഇവിടെയാണ് നൈജീരിയയില്‍ ഏറ്റവുമധികം അക്രമവും കൊലയും കൊള്ളിവെയ്പ്പും നടക്കുന്നതും.

എംഎസ്എഫ് (Doctors without Borders) ഇവിടെ ഒരാസ്പത്രി തുടങ്ങുന്നത് 2005 ലാണ്. നഗരഹൃദയത്തില്‍ വലിയ ചന്തയുടെ അരികുപറ്റിയുള്ള ആസ്പത്രി ഒരേസമയം പൊതുജനങ്ങള്‍ക്കും അക്രമികള്‍ക്കും സൗകര്യപ്രദമാണ്. ഇവിടെ ഈ ചന്തയാണ് ഒരു പരിധി വരെ ഇത്രയും വലിയ അക്രമങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.

ക്ഷീണിതനായിരുന്നു എങ്കിലും ആസ്പത്രിയുടെ സ്ഥിതി അറിയാനുള്ള ആകാംഷകൊണ്ട് ഞാന്‍ റൗണ്ട്‌സിന് ഡ്യൂട്ടിഡോക്ടറുമൊന്നിച്ച് വാര്‍ഡിലേക്ക് പോയി.

വാര്‍ഡിലൂടെ നടക്കുമ്പോള്‍ ഞാന്‍ നിമിഷംപ്രതി ഞെട്ടുകയായിരുന്നു! ഇമാതിരി എല്ലുപൊട്ടല്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ബുള്ളറ്റുകൊണ്ടുള്ള എല്ലുപൊട്ടല്‍ സാധാരണ അപകടങ്ങള്‍ കൊണ്ടുണ്ടാകുന്നതുപോലെയല്ല. ഏകദേശം അഞ്ചു മുതല്‍ 20 സെന്റീമീറ്റര്‍ വരെ എല്ല് തവിടുപൊടിയാകും.

വെടിയുണ്ട കൊണ്ടുള്ളതായതുകൊണ്ട് മുറിവുണങ്ങാനും താമസിക്കും. മാത്രമല്ല നൈജീരിയയുടെ പ്രതേക സാഹചര്യം മൂലം ഇങ്ങനെയുള്ള എല്ലുപൊട്ടലുകള്‍ ചികിത്സിക്കാനുള്ള ഉപകരണങ്ങളുടെയും സാമഗ്രികളുടെയും (പ്ലേറ്റ്, സ്‌ക്രൂ, കമ്പികള്‍ തുടങ്ങിയവയുടെ) ലഭ്യതയും വലിയ പ്രശ്‌നമായിരുന്നു.

വെറും 60 കിടക്കകളുള്ള ആസ്പത്രിയില്‍ ഏകദേശം 110 ഓളം രോഗികള്‍! മിക്കവരും തുടയെല്ലും കാലിലെ മറ്റ് എല്ലുകളും പൊട്ടി മാസങ്ങളോളം ട്രാക്ഷനില്‍ കഴിയുന്നവര്‍. എല്ലാവരും എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി 'മാസ്റ്റര്‍' എന്നും 'ഡോക്ടര്‍' എന്നും ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. ആദ്യ ദിവസം എനിക്ക് പകുതി രോഗികളെ പോലും കണ്ട് തീര്‍ക്കാനായില്ല.

വൈകുന്നേരം ഇരുട്ടുമ്പോഴാണ് നഗരത്തിന്റെ ആസുരസ്വഭാവം തിരിച്ചറിയുക. ഏഴുമണി കഴിയുന്നതോടെ വെടി പൊട്ടിത്തുടങ്ങും. ഉത്സവത്തിന്റെ കലാശകോട്ടിന് തീപ്പിടിച്ച പോലെ!

ഞാനാദ്യം വിചാരിച്ചത് അത് തന്നെയായിരുന്നു. എന്ത് ഉത്സവമാണിവിടെ എന്ന് ചൊദിച്ചപ്പോള്‍ 'അത് ആളുകള്‍ വെടിവച്ച് കളിക്കുകയാ'ണ് എന്നായിരുന്നു മറുപടി. വാസ്തവത്തില്‍ അതു തന്നെയായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. ആളുകള്‍ വെടിവച്ച് കളിക്കുകയായിരുന്നു.

നഗരത്തിലെ 60 ശതമാനം ആളുകളുടെ കൈയ്യിലും തോക്കുണ്ട് എന്നാണ് അനൗദ്യോകിക കണക്ക്. ഇവിടെ ഔദ്യോഗികം എന്ന ഒന്നില്ല എന്നുകൂടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. എനിക്ക് മനസിലായിടത്തോളം പ്രശ്‌നം രാഷ്ട്രീയം തന്നെയാണ്.

കണക്കുകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

1. 70 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

2. യുഎന്നിന്റെ ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സില്‍ 151 ആണ് നൈജീരിയയുടെ സ്ഥാനം.

3. റിവേഴ്‌സ് ജില്ല മിക്ക ഭാഗവും ചതുപ്പുനിലങ്ങളാണ്. അതുകൊണ്ട് തന്നെ ഇടയ്ക്കിടക്കുണ്ടാകുന്ന ചെറിയ മഴ പോലും വെള്ളപൊക്കം ഉണ്ടാക്കുന്നു. ഇതുവരെയും ഇതിനൊരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ചന്തകളിലും പൊതുസ്ഥലങ്ങലിലും അടിഞ്ഞുകൂടുന്ന ചപ്പുചവറുകളും പിന്നെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ അഭാവവും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.

4. തൊഴിലില്ലായമ ദിനംപ്രതി രൂക്ഷമായികൊണ്ടിരിക്കയാണ്. എല്ലാ മാഫിയാസംഘങ്ങള്‍ക്കും യഥേഷ്ടം യുവാക്കളെ ഈ തൊഴിലില്ലാപടയില്‍ നിന്നും ലഭിക്കുന്നു.

5. വേനല്‍ക്കാലമാകുമ്പോള്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്.

6. വൈദ്യുതിയും വെളിച്ചവും ചെറിയ ശതമാനം വരുന്ന പണക്കാരുടെ മാത്രം കുത്തകയാണ്.

7. ആരോഗ്യസംവിധാനങ്ങള്‍ നഗരത്തില്‍ പോലും വേണ്ടത്രയില്ല.

1970 കളില്‍ ഇന്ത്യയില്‍ നിന്നൊക്കെ ഒട്ടേറെ ഡോക്ടര്‍മാര്‍ ഇവിടെ നല്ല ശമ്പളത്തിന് ജോലിക്ക് വന്നിരുന്നു. പിന്നീട് മാറിമാറി വന്ന പട്ടാള സര്‍ക്കാറുകള്‍ ആരോഗ്യ സംവിധാനങ്ങളില്‍ ഒട്ടും ശ്രദ്ധിക്കാതെ അവയൊക്കെ തകര്‍ന്നു പോയി. ഇന്ന് ഏതു ചികിത്സയും പാവപെട്ടവര്‍ക്കും, മധ്യവര്‍ഗത്തിനു പോലും അപ്രാപ്യമാണ്.

എംഎസ്എഫ് ഈ ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചാല്‍ നഗരത്തിലെ മരണനിരക്ക് കുത്തനെ കൂടും എന്നുറപ്പാണ്. വെടികൊള്ളുന്നവരെ ചികിത്സിക്കാന്‍ ഒരാസ്പത്രിയും ഇവിടെ തയ്യാറല്ല.

അങ്ങനെ നീളുന്ന പ്രശ്‌നങ്ങളുടെ നിര. ടെലിവിഷനും ചാനലുകളും വന്നപ്പോള്‍ ഇതുപോലെ പെട്രോളിയം ഉല്‍പ്പാദിപ്പിക്കുന്ന മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സ്ഥിതി അവര്‍ക്ക് മനസിലാക്കാനും സാധിച്ചു. പല തരത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ പല രീതിയില്‍ സംഘടിക്കുവാന്‍ തുടങ്ങി.

1960 കളിലെ ബയാഫ്രന്‍ യുദ്ധം മുതല്‍ തുടങ്ങിയ രാഷ്ട്രീയ അസ്ഥിരത ഈ പ്രശ്‌നങ്ങള്‍ക്ക് വലിയ ആവേഗമാണ് നല്‍കിയിരിക്കുന്നത്. മാറിമാറി വന്ന പട്ടാളഭരണകര്‍ത്താക്കള്‍ സ്വന്തം കീശ വീര്‍പ്പിക്കാനല്ലാതെ രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ഭരണം നടത്തുന്ന പ്രസിഡണ്ട് ഒബോ സാഞ്ചോയും വ്യത്യസ്തനല്ല. നൈജീരിയയെ സംബന്ധിച്ചിടത്തോളം പെട്രോളിയം ഒരു ശാപമാണ്.

ഇവിടെ പോര്‍ട്ട് ഹാര്‍കോര്‍ട്ടില്‍ ഭരണം നടത്തുന്നത് ഓയില്‍ ബങ്കറിങ്ങ് മാഫിയകളാണ്. സര്‍ക്കാറിന്റെ എണ്ണക്കുഴലുകളില്‍നിന്ന് എണ്ണ അടിച്ചുമാറ്റി മറിച്ചുവില്‍ക്കുന്ന സംഘങ്ങളിവര്‍. ഇവരുടെ കൂടെ മയക്കുമരുന്ന് സംഘങ്ങള്‍, കിഡ്‌നാപ്പിങ്ങ് സംഘങ്ങള്‍, പിടിച്ചുപറി സംഘങ്ങള്‍, രാഷ്ട്രീയമായി സംഘടിച്ചിട്ടുള്ളവര്‍, അരാഷ്ട്രീയ വാദികള്‍, ട്രൈബല്‍ സംഘങ്ങള്‍ അങ്ങനെ ഏതു രീതിയിലുള്ള സംഘങ്ങളേയും നമുക്കിവിടെ കാണാം.

ഒരുപക്ഷെ ചില സംഭവങ്ങള്‍ ഇവിടുത്തെ അവസ്ഥ മനസിലാക്കാന്‍ കൂടുതല്‍ സഹായിക്കും -

ജനവരി 13

ഇജാ വംശജരുടെ യുവജന സംഘടനയായ ഇജാ യൂത്ത് കൗണ്‍സില്‍ വര്‍ഷങ്ങളായി ഇജാ വംശജരുടേയും പൊതുവേ റിവേഴ്‌സ് പ്രവിശ്യയുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അവിടുത്തെ കൊച്ചു കൊച്ചു നാട്ടുരാജാക്കന്മാരാണ് നാടിനെ കുളംതോണ്ടുന്നത് എന്നായിരുന്നു അവരുടെ വാദം. ഇത് ഒരു പരിധി വരെ ശരിയായിരുന്നു.

പെട്രോളിയം കമ്പനികള്‍ എണ്ണപര്യവേഷണം തുടങ്ങാന്‍ ഈ നാട്ടുരാജാക്കന്‍മാര്‍ക്ക് പണം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ രാജാക്കന്‍മാരായി അവരോധിക്കപെടാന്‍ വലിയ മത്സരം അരങ്ങേറി. കുടിപ്പകയും കുടുംബകലഹവും എപ്പോഴും വെടിവെപ്പിലാണ് അവസാനിച്ചിരുന്നത് (തമ്മിലടി കാരണം രാജ്യങ്ങളൊക്കെ വിഘടിച്ചു വിഘടിച്ച് കവലകളില്‍ എത്തി. എങ്കിലും വെടിവെപ്പിന് കുറവൊന്നുമുണ്ടായില്ല).

അങ്ങനെ ജനവരി 13ന് 20 നാട്ടുരാജാക്കന്മാര്‍ ഒത്തുകൂടിയ ഒരു സമ്മേളനത്തില്‍ ഇജാ യൂത്ത് കൗണ്‍സിലിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇരച്ചുകയറി വെടിവെപ്പ് തുടങ്ങി. ക്ഷണനേരം കൊണ്ട് 16 നാട്ടുരാജാക്കന്മാരും കുറെ സില്‍ബന്ദികളും മരിച്ചുവീണു. ആസ്പത്രിയില്‍ ഞങ്ങള്‍ക്ക് 40 രോഗികളെ ലഭിച്ചു!

മരിച്ച 16 രാജാക്കന്മാര്‍ക്ക് പകരം അടുത്ത ദിവസം തന്നെ പുതിയ രാജാക്കന്‍മാര്‍ അവരോധിക്കപ്പെട്ടു. പിന്നെ പ്രതികാരത്തിന്റെ ദിനങ്ങളായിരുന്നു. റിവേഴ്‌സ് സ്‌റ്റേറ്റിലാകെ അടുത്ത അഞ്ചുദിവസം വെടിവെപ്പിന്റെ പൊടിപൂരം. ആസ്പത്രിയില്‍ വരാന്ത കഴിഞ്ഞു റോഡില്‍ വരെ ടെന്റ് കെട്ടിയാണ് രോഗികളെ അഡ്മിറ്റ് ചെയ്തത്.

ജനവരി 21

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു സംഘടന ഈ മാഫിയാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അവസാനിപ്പിക്കാനും പുരോഗമനപരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും വര്‍ഷങ്ങളായി ശ്രമിക്കുകയായിരുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ജനവരി 21ന് ഒരു സംയുക്ത സമ്മേളനം നടത്താന്‍ എല്ലാവരും യോജിച്ചു.

ആസ്പത്രിക്ക് 500 മീറ്റര്‍ അകലെ ഒരു ആഡിറ്റോറിയത്തില്‍ ചര്‍ച്ച തുടങ്ങി. എല്ലാവരേയും പരിശോധിച്ചിട്ടാണ് പ്രവേശിപ്പിച്ചതെങ്കിലും ഇടക്കുവെച്ച് വെടിപൊട്ടി. ഐസ്‌ലാന്‍ഡേര്‍സ് എന്ന സംഘത്തിന്റെ നേതാവ് തല്‍ക്ഷണം മൃതിയടഞ്ഞു.

പിന്നെ അവിടെ തോക്കുകള്‍ക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഒരു ലക്ഷ്യവുമില്ലാതെ വെടിയുതിര്‍ത്തു.ബൈക്കിലെ മെഷീന്‍ഗണ്‍ ഉപയോഗിച്ച് തുരുതുരാ വെടിവെച്ചുകൊണ്ട് പോവുക, വഴിയില്‍ ഉള്ളവരെയെല്ലാം വെടിവെച്ചിടുക, പോലീസിനെ ഓടിച്ചിട്ട് വെടിവെയ്ക്കുക തുടങ്ങി എന്തൊക്കെ നടന്നുവെന്ന് അറിയില്ല.

കുറേ പോലീസുകാര്‍ ഓടി ആസ്പത്രിയില്‍ കയറി അവര്‍ക്കു നേരെ അവര്‍ തന്നെ ഉപേക്ഷിച്ച ടിയര്‍ ഗ്യാസ് അക്രമികള്‍ പ്രയോഗിച്ചു. അങ്ങനെ ആസ്പത്രി നിറയെ ടിയര്‍ഗ്യാസ് പുക. അവസാനം ആസ്പത്രിക്കുനേരെ അക്രമം പാടില്ലെന്ന് നിരന്തരം ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞിട്ടാണ് അത് അവസാനിച്ചത്. പതിവു പോലെ ആസ്പത്രി വീണ്ടും നിറഞ്ഞു കവിഞ്ഞു.

ജനവരി 28

മൂവ്‌മെന്റ് ഫൊര്‍ ഇമാന്‍സിപ്പേഷന്‍ ഒഫ് നൈജര്‍ ഡെല്‍റ്റ (മെന്‍ഡ്) എന്ന സംഘടനയുടെ നേതാവ് ആറുമാസം മുമ്പ് ജയില്‍ചാടിയ പുള്ളിയാണ്. അദ്ദേഹെ പള്ളിയിലേക്ക് പോകുന്ന വഴി പോലീസ് അറസ്റ്റുചെയ്ത് പഴയ നഗരത്തിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മെന്‍ഡ് സംഘത്തിലെ നൂറോളം പ്രവര്‍ത്തകര്‍ റോക്കറ്റ് ലോഞ്ചറുകളും, ഗ്രനേഡുകളും, മഷീന്‍ ഗണുകളുമായി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു. 10 ജീപ്പുകള്‍ ബോംബുവെച്ച് തകര്‍ത്തു. പൊലീസുകാര്‍ മഫ്തിയില്‍ ജീവനും കൊണ്ട് പാഞ്ഞു.

അക്രമികള്‍ ഡയനാമിറ്റ് വച്ച് ജയില്‍ തകര്‍ത്ത് നേതാവിനെയടക്കം ജയിലിലുണ്ടായിരുന്ന 125 പേരെയും തുറന്നുവിട്ടു. പോലീസിനോടുള്ള പക തിരാഞ്ഞിട്ട് അവര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വഴിയെല്ലാം ബ്ലോക്ക് ചെയ്തിട്ട് ചെക്ക്‌പോയന്റുകള്‍ സ്ഥാപിച്ചു

കടന്നുപോയവരെയെല്ലാം പരിശോധിച്ച് പോലീസിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മുഴുവന്‍പേരെയും വെടിച്ചു. ആറ് പോലീസുമാര്‍ മരിച്ചുവീണു. 15 പേര്‍ ആസ്പത്രിയിലായി. പ്രസിഡന്റ് നേരിട്ട് ഇടപ്പെട്ടാണ് 'കള്ളന്മാര്‍ പോലീസിനെ പിടിക്കുന്ന ഇടപാട്' അവസാനിപ്പിച്ചത്.

ആസ്പത്രിക്ക് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലായിരുന്നു ഞങ്ങളുടെ ടീം താമസിച്ചിരുന്നത്. എങ്കിലും വളരെ ചുരുക്കം ദിവസങ്ങളില്‍ മാത്രമേ വീട്ടില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. ദിവസവും അഞ്ചു മുതല്‍ 15 വരെ രോഗികള്‍ രാത്രി മാത്രം വെടിയേറ്റ് എത്തുമായിരുന്നു. പിന്നെ നേരത്തെ പറഞ്ഞപോലുള്ള ഹാലിളകലുണ്ടായാല്‍ പിന്നെ പറയേണ്ടകാര്യമില്ല.

അവിടെയുണ്ടായിരുന്ന ഒരുമാസംകൊണ്ട് ഏകദേശം 140 ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നു. മിക്കവയും നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയകള്‍. പൊടിഞ്ഞു തകര്‍ന്നുപോയ എല്ലുകള്‍ക്ക് പകരം ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍നിന്നും എല്ല് മാറ്റിവെക്കേണ്ടിവന്നു.

അങ്ങനെ ഒരു പരിധിവരെ ആസ്പത്രിയിലുണ്ടായിരുന്ന പഴയ രോഗികളെയെല്ലാം തിരികെ വീട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. നഗരത്തില്‍ വെടിവയ്പ്പ് തുടരുന്നതുകൊണ്ട് പുതിയ രോഗികള്‍ എപ്പോഴും വന്നുകൊണ്ടേയിരുന്നു.

പൊതുവേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്പത്രിയോടും, എംഎസ്എഫിനോടും നല്ല ബഹുമാനം ഉള്ളതായി തോന്നി. രാത്രി അസമയത്ത് വീട്ടില്‍നിന്നും ആസ്പത്രിയിലേക്ക് പോകേണ്ടി വന്നപ്പോഴൊക്കെയും തുരുതുരാ വെടിവെപ്പ് നടന്നിരുന്നുവെങ്കിലും ആരും ആംബുലന്‍സിലേക്ക് വെടിവെച്ചിരുന്നില്ല.

ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. ഏതു റസ്റ്റോറണ്ടില്‍ ചെന്നാലും എംഎസ്എഫില്‍ നിന്നാണ് എന്നറിഞ്ഞാല്‍ ഭക്ഷണത്തിന് പണം വാങ്ങില്ലായിരുന്നു.

ഇങ്ങനെ മനുഷ്യന്‍ ഭ്രാന്തുപിടിച്ച് തമ്മില്‍ വെടിവെക്കുന്ന സ്ഥലത്തുപോലും ആത്മാര്‍ഥതയും പ്രൊഫഷണലിസവും ഉണ്ടെങ്കില്‍ മനുഷ്യ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്നുള്ളതാണ് ഞാന്‍ അവിടെനിന്ന് പഠിച്ച വലിയ പാഠം.

ഒരുമാസം ജോലി ചെയ്തപ്പോഴേക്കും ആസ്പത്രിയിലെ ജീവനക്കാരോടും, വര്‍ഷങ്ങളായി മറ്റ് രാജ്യങ്ങളില്‍നിന്ന് അവിടെയെത്തി ജോലിചെയ്യുന്ന മറ്റ് സഹപ്രവര്‍ത്തകരോടും വല്ലാത്ത അടുപ്പംതോന്നി. മാസങ്ങളായി കട്ടിലില്‍ നിലാരംബരായികിടന്ന രോഗികള്‍ സന്തോഷത്തോടെ നടന്ന് ആശുപത്രി വിടുമ്പോള്‍ ചെറുതല്ലാത്ത സന്തോഷം ഉള്ളിലും തോന്നും.

അക്കോബോയിലെ കൊളോസ്റ്റമിയും,
വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങളും

ഇങ്ങനെ പരസ്പ്പരം വെടിവെക്കുന്നവരെ ചികിത്സിച്ചിട്ടെന്തുകാര്യമെന്ന് ആദ്യമൊക്കെ ആലോചിച്ചുപോകും. പിന്നെ ഒരോ രോഗികളോടും സംസാരിക്കേുമ്പോള്‍ അങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ അസംബന്ധമാണെന്ന് മനസ്സിലാകും. കേരളത്തിന്റെ ഇട്ടാവട്ടത്തിനകത്ത് യുദ്ധത്തിന്റെയോ ലഹളകളുടെയോ ചരിത്രംപോലുമില്ലാതെ വളരെ സുരക്ഷിതമായി ജീവിച്ചുപോന്നതിന്റെ അഹന്തയും അജ്ഞതയുമാണ് അങ്ങനത്തെ ചിന്തയെന്ന് തിരിച്ചറിയാന്‍ പിന്നേയും സമയമെടുത്തു.

(രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ് ലേഖകന്‍. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram