അഗ്‌നിപര്‍വ്വതത്തിന്റെ നിഴലില്‍


ഡോ. സന്തോഷ് കുമാര്‍ എസ് എസ്

6 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

ഇന്‍ഡൊനീഷ്യയെ സംബന്ധിച്ചിടത്തോളം ദുരന്തങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാണ്. 2004 ഡിസംബറിലാണ് സുനാമി തിരമാലകള്‍ ബന്ദാ ആചേയിലൂടെ ആടി തിമിര്‍ത്ത് പോയത്. അന്നുണ്ടായ ദുരിതങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. അസംഖ്യം ചെറുഭൂകമ്പങ്ങള്‍ അങ്ങിങ്ങ് വലിയ ചെറിയ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടിരുന്നു. അതിനിടെ 2006 മെയ് 27ന് വീണ്ടും കനത്ത ഭൂകമ്പമുണ്ടായി. രാജ്യത്തെ ലക്ഷക്കിനാളുകള്‍ ഭവനരഹിതരായി.

ആ മേയ് 29ന് യോഗയക്കര്‍ത്തയില്‍ ഞാനെത്തുമ്പോള്‍ അങ്ങനെയൊന്ന് അവിടെ സംഭവിച്ചിട്ടില്ല എന്നതു പോലെയാണ് ജനങ്ങള്‍ പെരുമാറിയത്. പതിവു പോലെ അവര്‍ തങ്ങളുടെ കച്ചവടത്തില്‍ മുഴുകി.

ഇന്‍ഡൊനീഷ്യയില്‍ ജാവാ ദ്വീപിലെ ഒരു ചെറുപട്ടണമാണ് യോഗയക്കര്‍ത്ത. ജക്കാര്‍ത്തയില്‍ നിന്ന് കൃത്യം ഒരു മണിക്കൂര്‍ പറന്നാല്‍ അവിടെയെത്താം. വിമാനത്തിലിരിക്കുമ്പോള്‍ തന്നെ മെറാപ്പി അഗ്‌നിപര്‍വ്വതം ലാവ തുപ്പി പുകയുന്നത് കണ്ണില്‍പ്പെടും. ഗരുഡാ എയര്‍വേസിന്റെ ക്യാപ്റ്റന്‍ ഞങ്ങളെ മേറാപ്പി കാണിച്ചു തന്നു. യോഗയക്കാര്‍ത്തയില്‍ ഇറങ്ങുന്നതിന് മുമ്പേ എല്ലാ വിമാനങ്ങളും മെറാപ്പിയെ ഒന്നു വലംവെയ്‌ക്കേണ്ടി വരും. അങ്ങനെയാണ് വിമാനത്താവളത്തിന്റെ കിടപ്പ്.

മെയ് 27ന് കൃത്യം 5.14 നാണ് വെറും 30 സെക്കന്‍ഡ് നീണ്ട ഭൂകമ്പമുണ്ടായത്. റിച്ചര്‍സ്‌കെയിലില്‍ തീവ്രത 5.54 രേഖപെടുത്തിയ ഭൂകമ്പം അത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരും കരുതിയില്ല.

ഭൂകമ്പത്തില്‍ 30,000 പേര്‍ മരിച്ചു.
1.5 ലക്ഷം പേര്‍ക്ക് പരിക്കേറ്റു.
അതില്‍ പതിനായിരം പേരുടെ പരിക്ക് ഗുരുതരമായിരുന്നു.
നാലുലക്ഷം പേര്‍ ഭവനരഹിതരായി
ഉറ്റവരും ഉടയവരും നഷ്ടപെട്ടവര്‍ ഏറെ.

ബന്‍ഡുല്‍, സോളോ എന്നീ പ്രവിശ്യകളിലൂടെ പോയാല്‍ ഭൂകമ്പമേല്‍പ്പിച്ച ആഘാതത്തിന്റെ തീവ്രത നമുക്ക് മനസിലാകും. തകര്‍ന്നടിയാത്ത ഒരു വീടുപോലും കാണില്ല എന്നതായിരുന്നു സ്ഥിതി.

കേരളം പോലെ സുന്ദരമായ പ്രദേശം. നെല്‍വയലുകളും തെങ്ങും വാഴയും എവിടെ തിരിഞ്ഞാലുമുണ്ട്. എല്ലാവരും വയലുകളിലും തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങള്‍ കെട്ടി താമസിക്കുകയാണ്. വാസ്തവത്തില്‍ വീടുകളെക്കാള്‍ ടെന്റുകളാണ് സുരക്ഷിതം.

യോഗയക്കര്‍ത്തയില്‍ രണ്ട് ആസ്പത്രികള്‍ മാത്രമാണ് ഭൂകമ്പത്തെ അതിജീവിച്ചത്. രാജ്യാന്തര സേവനസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ('മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേര്‍സ്') ഭാഗമായാണ് ഞാന്‍ യോഗയക്കര്‍ത്തയില്‍ എത്തിയത്. മെയ് 29ന് ഞങ്ങള്‍ സര്‍ജിതോ ആസ്പത്രിയില്‍ എത്തുമ്പോള്‍ സ്ഥിതി ഭയാനകമായിരുന്നു. ആസ്പത്രിയുടെ എല്ലാ മൂലയും രോഗികളെകൊണ്ട് നിറഞ്ഞിരിക്കയായിരുന്നു. എല്ലായിടത്തും നിലവിളികള്‍. അയ്യായിരത്തില്‍ പരം രോഗികള്‍ ഗുരുതരമായ പരിക്കുകളോടെ പ്രാഥമികചികിത്സ പോലും കിട്ടാതെ അവിടെയുണ്ട്!

രോഗികളെ കണ്ട് ഒരു മുന്‍ഗണനാപട്ടിക ഉണ്ടാക്കുക തീര്‍ത്തും അസാധ്യമായിരുന്നു. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇത്രയധികം ആവശ്യം പെട്ടന്നുണ്ടായപ്പോള്‍ ബ്ലഡ്ബാങ്കില്‍ ഉണ്ടായിരുന്ന സ്റ്റോക്കെല്ലാം തീര്‍ന്നു. അങ്ങനെ ഗുരുതരമായി പരിക്കേറ്റവരെ ശസ്ത്രക്രിയക്ക് തയ്യാറാക്കുക എന്നതുപോലും ദുഷ്‌ക്കരമായി. ഓപ്പറേഷന്‍ തിയറ്ററില്‍ ആണെങ്കില്‍ ശസ്ത്രക്രിയക്കുവേണ്ടിയുള്ള പഞ്ഞി മുതല്‍ സൂചി വരെയുള്ള ഒരു സാമിഗ്രിയും ഉണ്ടായിരുന്നില്ല.

അന്ന് വൈകുന്നേരം ശസ്ത്രക്രിയക്ക് വേണ്ടിയുള്ള സാധനസാമഗ്രികളും ഉപകരണങ്ങളും അടങ്ങിയ കണ്ടയ്‌നര്‍ ഫ്രാന്‍സില്‍ നിന്ന് എത്തിയതോടെ ഞങ്ങള്‍ക്ക് ശസ്ത്രക്രിയ തുടങ്ങാന്‍ കഴിഞ്ഞു. തീര്‍ത്തും ദുഷ്‌ക്കരമായിരുന്നു അത്. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളെ കണ്ട് സ്തിഥിഗതികള്‍ വിലയിരുത്തുക അസാധ്യമായി തീര്‍ന്നു.

അതുകൊണ്ട് ഞങ്ങള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ തന്നെ ഇരുന്നു. രോഗികളുടെ എക്‌സ്‌റേ കാണുകയും, ശസ്ത്രക്രിയക്കു വേണ്ടിയുള്ള സാധന സമഗ്രികള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തശേഷം രോഗികളെ തിയറ്ററിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഞാന്‍ ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കുമ്പോഴേക്കും അടുത്ത രോഗി മറ്റൊരു ഓപ്പറേഷന്‍ ടേബിളില്‍ അനസ്തീഷ്യയില്‍ കിടക്കുന്നുണ്ടാവും. രോഗിയുടെ മുഖം പോലും കാണാനാവാതെ, രോഗിയുമായി ഒരു ബന്ധവുമില്ലാതെ വളരെ യാന്ത്രികമായി ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത് തികച്ചും ദുസ്സഹമാണ്.

എക്‌സ്‌റേ നോക്കി ഡയഗ്‌നോസിസ് നടത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരുന്നു. പലപ്പോഴും ഓപ്പറേഷന്‍ ടേബിളില്‍ രോഗി എത്തുമ്പോള്‍ മാത്രമാണ് പുതിയ എല്ലുപൊട്ടലുകളെ കുറിച്ച് മനസിലാകുന്നത്! (ഉദാഹരണത്തിന് കൈയിലും കാലിലും എല്ലുപൊട്ടല്‍ ഉള്ള രോഗിയുടെ കാലിലെ എക്‌സ്‌റേ മാത്രമായിരിക്കും ഉണ്ടാവുക). അങ്ങനെ എക്‌സ്‌റേ പോലുമില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്ന അവസ്ഥ അവിടെ സാധാരണമായി. അങ്ങനെ വരുമ്പോള്‍ പലപ്പോഴും കരുതിയ ഉപകരണങ്ങളും സാധനസാമഗ്രികളും തികയാതെ വരും. പിന്നെ അവയ്ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍. അങ്ങനെ എത്രയെത്ര പ്രശ്‌നങ്ങള്‍.

ഇങ്ങനെയൊക്കെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോയെന്ന് പലപ്പോഴും തോന്നിപ്പോകും. എന്നാല്‍ വാര്‍ഡിലും തറയിലും ആസ്പത്രിയുടെ പുറമ്പോക്കിലും ദുരിതമനുഭവിക്കുന്ന രോഗികളെ ഓര്‍ക്കുമ്പോള്‍ വീണ്ടും മനസുമാറ്റേണ്ടി വരും. ഒരു സര്‍ജന്‍ എന്ന നിലയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുര്‍ഘടാവസ്ഥയായിരുന്നു അത്. മെഡിക്കല്‍ എത്തിക്‌സും (നൈതികത) മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സും ഇവിടെ അപ്രസക്തമാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം മാത്രം ശസ്ത്രക്രിയ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചാല്‍ ഒരു ശസ്ത്രക്രിയയും നടക്കില്ല.

അപ്പോള്‍ ശസ്ത്രക്രിയയുടെ റിസ്‌ക്കും, ശസ്ത്രക്രിയ ചെയ്യാതിരുന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളും വെറും എക്‌സ്‌റേ കൊണ്ടുമാത്രം വിലയിരുത്തി വളരെ പെട്ടന്ന് ഒരു മനുഷ്യന്റെ ശിഷ്ടായുസിനെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കേണ്ടി വരിക എന്നുള്ളത് എറ്റവും വലിയ സന്നിഗ്ധാവസ്ഥ തന്നെയായിരുന്നു. എങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു.

ആദ്യ രണ്ടാഴ്ച രാവുംപകലും ഓപ്പറേഷന്‍ തിയറ്ററില്‍ തന്നെ കഴിച്ചു കൂട്ടി. അങ്ങനെ നാലാഴ്ച കൊണ്ട് 326 മേജര്‍ ശസ്ത്രക്രിയകളാണ് ഞാന്‍ ചെയ്തത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിവധ സംഘടനകളുടെ ഭാഗമായി വന്ന 24 ശസ്ത്രക്രിയാ ടീമുകള്‍ നാലാഴ്ച കൊണ്ട് ഏകദേശം 7500 ശസ്ത്രക്രിയകള്‍ ചെയ്തു!

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ അനന്തര ചികിത്സയും വലിയ പ്രശ്‌നമായി. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പോയ രോഗികളില്‍ ഭൂരിഭാഗത്തേയും പിന്നെ എനിക്ക് കാണാനായിട്ടില്ല. വളരെ ബദ്ധപ്പെട്ട് വാര്‍ഡുകളില്‍ കയറിയിറങ്ങിയാണ് ഞാന്‍ ചില രോഗികളെയെങ്കിലും വീണ്ടും കണ്ടെത്തിയത്. അവരുടെ സ്ഥിതി തികച്ചും ദയനീയമായിരുന്നു. മരുന്നുകള്‍ ആവശ്യത്തിന് കിട്ടിയിരുന്നില്ല. മുറിവുകള്‍ ഒരു പ്രാവശ്യം പോലും ആരും നോക്കിയിരുന്നില്ല. എന്തിന് ഭക്ഷണം പോലും പലര്‍ക്കും ദിവസങ്ങളോളം ലഭിച്ചില്ല. മുറിവുകള്‍ പലതും പഴുത്തു തുടങ്ങിയിരുന്നു.

മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേര്‍സ് നിര്‍മ്മിച്ച വായുനിറച്ച ടെന്റ് ആസ്പത്രിയാണ് ഈ പ്രശ്‌നത്തിന് വലിയൊരളവ് പരിഹാരമായത്.

ടെന്റ് ആസ്പത്രി

ഒറ്റ ദിവസം കൊണ്ട് 500 പേര്‍ക്ക് കിടക്കാവുന്ന ആധുനിക സംവിധാനമുള്ള ആസ്പത്രി. അതാണ് വായു നിറച്ച ടെന്റ് ആശുപത്രികള്‍.

അതുയരുന്നത് കാണാന്‍ വിസ്മയമായിരുന്നു. ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് ഇത്ര സൗകര്യമുള്ള ആസ്പത്രി പണിയാമെന്ന് നമുക്ക് വിശ്വസിക്കാനാവില്ല. പ്രത്യേകതരം റബ്ബറും ക്യാന്‍വാസും ടാര്‍പ്പോളിനും കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍ വായു നിറച്ച ബീമുകളില്‍ ഉയര്‍ത്തി നിര്‍ത്തിയാണ് അത് നിര്‍മ്മിക്കുന്നത്.

ഓപ്പറേഷന്‍ തിയറ്ററും, ഐസിയുവുമടക്കം എല്ലാ ആധുനിക സംവിധാനങ്ങളും ടെന്റ് ആസ്പത്രിയില്‍ ഉണ്ടായിരുന്നു. ആദ്യ രണ്ടാഴ്ച ഈ ആസ്പത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ അധികൃതര്‍ അനുവദിച്ചില്ല. ചില വാര്‍ത്താഏജന്‍സികളും ആശുപത്രി കണ്ട ജനപ്രതിനിധികളും അവസാനം പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് അനുവാദം ലഭിച്ചത്.

മെറാപ്പിയുടെ നിഴലില്‍

ലോകത്തിപ്പോള്‍ ഏറ്റവും സജീവമായിട്ടുള്ള അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് മെറാപ്പി. വാസ്തവത്തില്‍ യോഗയക്കര്‍ത്തയെ ഇന്‍ഡൊനീഷ്യയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ എത്തിക്കുന്നത് മെറാപ്പിയുടെ സാമീപ്യമാണ്. യോഗയക്കര്‍ത്തയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രമകലെയാണ് മെറാപ്പി അഗ്‌നിപര്‍വ്വതം.

കുറെ വര്‍ഷങ്ങളായി അത്ര സജീവമല്ലായിരുന്നു മെറാപ്പി. എന്നാല്‍, കൂനിന്മേല്‍കുരുവെന്ന പോലെ ഭൂകമ്പത്തിനു ശേഷം പെട്ടന്ന് മെറാപ്പി പെട്ടന്നുണര്‍ന്നു. ലാവയും ധൂളിപടലങ്ങളും തുപ്പാന്‍ തുടങ്ങി. ജൂണ്‍ മൂന്നാം തീയതി ആയപ്പോഴേക്കും പല സ്ഥലങ്ങളു ലാവ കൊണ്ട് മൂടിയിരുന്നു. ജൂണ്‍ നാലിന് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിക്കും അഗ്നിപര്‍വ്വതത്തിന്റെ ഭീഷണിയിലായി.

മെറാപ്പിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ പല സംഘടനകളും ഈ ഒറ്റ കാരണം കൊണ്ട് പിന്‍വാങ്ങി. യോഗയക്കര്‍ത്തയില്‍ ഉണ്ടായിരുന്ന പല ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് അതിനകം പലായാനം ചെയ്തു. നിറഞ്ഞു കവിഞ്ഞ വാര്‍ഡുകളില്‍ രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. ഓപ്പറേഷന്‍ ടേബിളും, എല്ലൊടിഞ്ഞ് ദൈന്യാവസ്ഥയിലുള്ള അനേകം രോഗികളുമുണ്ടെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ സര്‍ജന്‍മാരില്ലാത്ത അവസ്ഥ.

രണ്ടാഴച്ചയ്ക്ക് വിസ എടുത്ത ഞാന്‍ അങ്ങനെ നാലാഴ്ച അവിടെ നില്‍ക്കേണ്ടി വന്നു. ഓപ്പറേഷന്‍ തിയറ്ററിലെ സര്‍ജന്‍സ് ലോഞ്ചില്‍ ഇരുന്നാല്‍ എപ്പോഴും പുകയുന്ന മെറാപ്പി കാണാം. രാത്രിയില്‍ ചുവന്ന ലാവ തുപ്പുന്ന കൊടുമുടി കാണേണ്ട കാഴ്ചയാണ്. 1000 എ.ഡിയിലുണ്ടായ പൊട്ടിത്തെറിയില്‍ ജാവാ ദ്വീപ് മുഴുവനും ലാവയില്‍ മുക്കി ഒരു സംസ്‌കാരത്തെ മുഴുവന്‍ കടപുഴുക്കിയ അഗ്നിപര്‍വ്വതമാണതെന്ന് കണ്ടാല്‍ തോന്നില്ല!

മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സസ്

ലോകത്തിന്ന് ഏറ്റവും മെച്ചപെട്ട ജീവകരുണ്യ സേവന പ്രവര്‍ത്തനം നടത്തുന്ന രാജ്യാന്തര സംഘടനയാണ് 'മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സസ്' (MSF). 1999ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേരിയ എം.എസ്.എഫ്, ഇറാഖ്, ബോസ്‌നിയ, അഫ്ഗാനിസ്താന്‍, ബുറുണ്ടി, ഹെയ്തി, പാകിസ്താന്‍, സുഡാന്‍ തുടങ്ങി ലോകത്ത് 80 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

1971ല്‍ സേവനതത്പരരായ ഒരുസംഘം ഫ്രഞ്ച് ഡോക്ടര്‍മാരാണ് ഈ രാജ്യാന്തര സംഘടനയ്ക്ക് രൂപംനല്‍കിയത്. ഇപ്പോഴത് ലോകമെങ്ങും പടര്‍ന്ന് പന്തലിച്ച വലിയ സംഘടനയാണ്. സ്വതന്ത്രവും ആത്മാര്‍ഥവും അതേസമയം തികച്ചും പ്രൊഫഷണലുമായ ജീവകാരുണ്യ പ്രവര്‍ത്തനം വളരെ വേഗത്തില്‍ കൃത്യമായി ചെയ്യാന്‍ കഴിയുന്നു എന്നതാണ് സംഘടനയുടെ സവിശേഷത. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ എം.എസ്.എഫിന്റെ വെബ്ബ്‌സൈറ്റ് www.msf.org സഹായിക്കും.

തികച്ചും സുതാര്യമായ ഫണ്ട് ശേഖരണമാണ് സംഘടനയ്ക്കുള്ളത്. സംഘടനയുടെ പ്രവര്‍ത്തനം കണ്ടും അറിഞ്ഞും ബോധ്യമായ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്യക്തികളാണ് ഫണ്ടില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നോ അവരുമായി ബന്ധമുള്ള സര്‍ക്കാരുകളില്‍ നിന്നോ ഫണ്ട് സ്വീകരിക്കാന്‍ പാടില്ലെന്ന നിഷ്‌ക്കര്‍ഷ സംഘടന വെച്ചുപുലര്‍ത്തുന്നു. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ഈ ജാഗ്രത പാലിച്ചേ തീരൂ എന്നാണ് സംഘടനയുടെ 2005 ലെ ജനറല്‍ബോഡി തീരുമാനിച്ചത്.

യോഗയക്കര്‍ത്തയിലെ ഭൂകമ്പദുരിതാശ്വാസത്തിന് മാത്രം 12 ലക്ഷം യൂറോ ആണ് സംഘടന ഇതുവരെ ചെലവിട്ടത്. ഇത്രയും വലിയ തുക എങ്ങനെ ചിലവഴിക്കാന്‍ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ മിഷന്‍ ഡയറക്ടര്‍ ഡോ. സിനാന്‍ പറഞ്ഞതിങ്ങനെയാണ്: 'നോക്കൂ, ഈ ലോകം യുദ്ധങ്ങളുണ്ടാക്കാന്‍ ചിലവഴിക്കുന്നതെത്ര തുകയാണ്. യുദ്ധമില്ലാത്ത അവസ്ഥയില്‍ പോലും എത്ര പട്ടാളത്തെയാണ് ഈ ലോകം തീറ്റിപോറ്റുന്നത്'.

ദുരന്തങ്ങളിലും യുദ്ധങ്ങളിലും പട്ടിണിയിലും ദുരിതമനുഭവിക്കുന്ന ജനകോടികളുടെ ദുരന്തം നമുക്കൊരിക്കലും കണക്കുകൂട്ടാനാകില്ല. ഇതിനൊക്കെ പകരംവെയ്ക്കാന്‍ വെറും വോളണ്ടറിസം മാത്രം പോര (അതെത്ര ആത്മാര്‍ഥതയോടെയുള്ളതാണെങ്കിലും). യുദ്ധങ്ങള്‍ക്കായി മനുഷ്യസമൂഹം നടത്തുന്ന മുതല്‍മുടക്കും ഗവേഷണവും സംഘാടനവും അതിവിപുലമാണ്. അതുകൊണ്ട് തന്നെ അതിനെക്കാള്‍ വലിയ സംഘാടനവും മുതല്‍മുടക്കും ഗവേഷണവും അതിനെയൊക്കെ അതിജീവിക്കാന്‍ കൂടിയേ തീരൂ. സേവനതത്പരരായ ഡോക്ടര്‍മാര്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. ലേഖകന്റെ ചുവടെ നല്‍കിയിട്ടുള്ള ഈമെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക (ചിത്രങ്ങള്‍: ലേഖകന്‍).

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram