വാട്‌സ്ആപ്പ് വഴി ഒരു സിസേറിയന്‍


ഡോ.സന്തോഷ് കുമാര്‍ എസ് എസ്

6 min read
Read later
Print
Share

തോക്കും സിറിഞ്ചും - യുദ്ധമുഖത്ത് ഒരു ഡോക്ടര്‍

'സുഡാന്‍ സൃഷ്ടിച്ചപ്പോള്‍ അല്ലാഹു ചിരിച്ചു' എന്നൊരു ചൊല്ലുണ്ട്. ഇരുപത് വര്‍ഷങ്ങളായി ഭൂഗോളത്തിന്റെ പലപല ഭാഗങ്ങളില്‍ തുടരുന്ന ആതുരശുശ്രൂഷാ നിയോഗം സൗത്ത് സുഡാനില്‍ എത്തിനില്‍ക്കുമ്പോള്‍ പലപ്പോഴും ചിരിക്കേണ്ടതെപ്പോള്‍ കരയേണ്ടതെപ്പോള്‍ എന്ന് മറന്നുപോയി. അന്യജീവനുകള്‍ രക്ഷിക്കാനെത്തി സ്വന്തം ജീവന്‍ കയ്യിലെടുത്തോടേണ്ടി വന്നപ്പോള്‍ ചിരിയുടേയും കരച്ചിലിന്റെ അതിര്‍ത്തികള്‍ മാഞ്ഞുപോയി.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കില്‍ ഇവിടെയത് ഗോത്രവൈരമാണ്. 'ഒരു പട്ടി നിങ്ങളെ കടിച്ചാല്‍, നിങ്ങളതിനെ തിരിച്ചു കടിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് പല്ലില്ലെന്ന് പറഞ്ഞ് അതു നിങ്ങളെ കളിയാക്കു'മെന്ന് വിശ്വസിക്കുന്ന ഒരപൂര്‍വ്വ ജനത!

സൗത്ത് സുഡാനിലെ മണ്ണില്‍ കാലുകുത്തുമ്പോള്‍ മുന്നിലുളള വെല്ലുവിളികളെക്കുറിച്ചും പരിമിതികളെക്കുറിച്ചുമൊക്കെ ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു. രാജ്യത്തെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്താണ് അഭയാര്‍ത്ഥി ക്യാമ്പ്. അതിനുള്ളില്‍തന്നെയാണ് ആസ്പത്രിയും.

അവിടേക്കാണ് ഞാനൊരു ഓര്‍ത്തോപീഡിക് സര്‍ജന്‍ ആയി എത്തുന്നത്. ഓര്‍ത്തോപീഡിക് സര്‍ജറി, ജനറല്‍ സര്‍ജറി, ഗൈനക്കോളജി എന്നൊന്നും അവിടെ വ്യത്യാസമില്ലെന്ന് താമസിയാതെ എനിക്ക് ബോധ്യമായി. സര്‍ജന്‍ മാത്രം; എല്ലാത്തരം സര്‍ജറികളും ചെയ്യേണ്ടി വരും!

അമൂച്ചെ എനിക്കത് ബോധ്യപ്പെടുത്തി തന്നു.

ജൂബയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ബണ്ടുവില്‍ നിന്നാണ് അവള്‍ എത്തിയത്. പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു. രൂക്ഷമായ ആഭ്യന്തരകലാപം നടക്കുന്ന സ്ഥലമാണ് ബണ്ടു. പ്രസവവേദന തുടങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം തേടി.

അവരുടെ പരിശോധനയില്‍ കുഞ്ഞിന്റെ കിടപ്പ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുറുകെയാണെന്ന് (Transverse lie) ബോധ്യപ്പെട്ടു. ഗര്‍ഭപാത്രം തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചേക്കാവുന്ന അവസ്ഥ. അനിവാര്യമായ മരണം, വാഹനസൗകര്യവുമില്ല.

അവരുടെ നിര്‍ദ്ദേശപ്രകാരം അമൂച്ചെയുടെ ഭര്‍ത്താവും നാലു കൂട്ടുകാരും ഒരു കസേരയില്‍ കമ്പുകള്‍ കെട്ടിവെച്ച് ഒരു പല്ലക്കുപോലെ ഉണ്ടാക്കി അതിലിരുത്തി ദുര്‍ഘടമായി വഴികളിലൂടെ കലാപകാരികളുടെ കണ്ണ് വെട്ടിച്ച് ഡസണ്‍ കണക്കിന് കിലോമീറ്ററുകള്‍ താണ്ടി പട്ടണത്തില്‍ എം.എസ്.എഫിന്റെ ആസ്പത്രിയിലെത്തി ചേര്‍ന്നു.

അവിടെയും അത്തരം ചികിത്സയ്ക്കുളള യാതൊരു സൗകര്യവുമില്ലായിരുന്നു. ആസ്പത്രി അധികൃതര്‍ ഒരു വണ്ടി ഏര്‍പ്പാട് ചെയ്തുകൊടുത്തു. അതിലാണ് അവര്‍ ജൂബയിലെ ഐക്യരാഷ്ട്രസഭയുടെ ക്യാമ്പ് ആശുപത്രിയിലെത്തുന്നത്.

ഐക്യരാഷ്ട്രസഭയുടെ ക്യാമ്പ് ആശുപത്രിയില്‍ അമൂച്ചെ എത്തുമ്പോള്‍ ജൂബയിലെ ഏക സര്‍ജന്‍ ഞാന്‍ മാത്രമാണ്. അതും ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍. സിസേറിയന്‍ ശസ്ത്രക്രിയ ആഫ്രിക്കയില്‍ തന്നെ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും സ്ഥാനംതെറ്റിയുളള കുഞ്ഞിന്റെ കിടപ്പിനെപ്പറ്റി യാതൊരു പിടിയുമില്ല.

വേദനയാല്‍ പുളയുകയാണ് അമൂച്ചെ. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ രണ്ടു ജീവനുകളാണ് നഷ്ടപ്പെടാന്‍ പോകുന്നത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങള്‍. കൂടെയുണ്ടായിരുന്ന അനസ്തറ്റിക് നഴ്‌സ് മുറ്റായിയോട് ഇതേപ്പറ്റി വല്ല പിടിയുമുണ്ടോയെന്ന് ചോദിച്ചു. അയാള്‍ക്ക് യാതൊരറിവുമില്ല.

അമൂച്ചെയെ അവിടെ കിടത്തിയിട്ട് ആസ്പത്രിയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായ സ്ഥലത്തേക്കോടി. കയ്യിലുളള ഫോണ്‍ സാംസങ്ങ് നോട്ട് 3 ആയിരുന്നു ഏക ആശ്രയം. വാട്‌സ്ആപ്പ് തുറന്നു. നൂറുപേരടങ്ങുന്ന സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ഒരു കൂട്ടായ്മയുണ്ട്. അതില്‍ നാലുപേര്‍ ഗൈനക്കോളജിസ്റ്റുകള്‍ - കൊല്ലം ജില്ലാ ആസ്പത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. റീന, പുനലൂരിലെ ഡോ. അജ്ഞന പി. ബി, കിംസിലെ ഡോ. മഞ്ജുഷ, കൊട്ടിയത്തെ ഡോ. ശാലിനി. രാത്രി മുഴുവന്‍ പഠനക്ലാസ്സുകളായിരുന്നു.

അവര്‍ പല പല വീഡിയോകള്‍ അയച്ചുതന്നു. ഗര്‍ഭപാത്രം എങ്ങനെ കീറണമെന്നും കാലില്‍ പിടിച്ചാണ് കുഞ്ഞിനെ പുറത്തേക്കെടുക്കേണ്ടതെന്നുമൊക്കെ. കുറുകെ കിടക്കുന്ന കുഞ്ഞുങ്ങളുടെ കയ്യും കാലും കണ്ടാല്‍ തിരിച്ചറിയാനാവില്ല. പിന്നെ നല്ല ബ്ലീഡിങ്ങ് ഉണ്ടാവും രക്തം കരുതിയേക്കണം എന്നൊക്കെ നിര്‍ദേശങ്ങള്‍ കിട്ടി.

ലാബ് ടെക്‌നീഷ്യനെ അന്വേഷിച്ചപ്പോള്‍ ആള്‍ സ്ഥലത്തില്ല. വീണ്ടും അസന്നിദ്ധാവസ്ഥ ഒടുവില്‍ ഞാന്‍ തന്നെ ബ്ലഡ് ഗ്രൂപ്പൊക്കെ നിര്‍ണ്ണയിച്ചു. ഒ പോസിറ്റീവ് ആയിരുന്നു. ക്യാമ്പു മുഴുവന്‍ തപ്പിനടന്ന് ഒന്നുരണ്ട് ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ചു കൊണ്ടുവന്നുനിര്‍ത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ അവരെ കാണാതായി. അന്വേഷിച്ചപ്പോഴാണറിയുന്നത്, ഇപ്രകാരം രക്തം നല്‍കിയാല്‍ ലൈംഗികശേഷി നഷ്ടപ്പെടുമെന്ന് പേടിച്ച് അവര്‍ സ്ഥലംവിട്ടതാണെന്ന്!

രാവിലെ തദ്ദേശവാസിയായ സ്റ്റാഫ് നഴ്‌സിന്റെ സഹായത്താല്‍ രണ്ടു പേരുടെ രക്തം ശേഖരിച്ചു. എന്നിട്ട് രണ്ടും കല്‍പ്പിച്ച് സ്‌പൈനല്‍ അനസ്‌തേഷ്യ നല്‍കിയിട്ട് സിസേറിയന്‍ ചെയ്തു. ഭാഗ്യമെന്നേ പറയേണ്ടൂ, കുഞ്ഞിന്റെ കാലില്‍ തന്നെ പിടിത്തം കിട്ടി. കുട്ടിയെ പുറത്തെടുത്തു. ഗര്‍ഭപാത്രം തുന്നിക്കെട്ടി. പ്രതീക്ഷിച്ചത്ര ബ്ലീഡിംഗ് ഉണ്ടായില്ല. ഒരു കുപ്പി രക്തം മാത്രമേ ആവശ്യമായി വന്നുള്ളൂ.

അങ്ങനെ സംഭവബഹുലമായ ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്ന് ദിവസത്തിനുശേഷം അമൂച്ചെയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. അളവറ്റ ചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷങ്ങള്‍. ഒരു ഭിഷഗ്വരനായതില്‍ അതിയായ അഭിമാനം തോന്നി. ഒപ്പം സോഷ്യല്‍ മീഡിയയായ വാട്‌സ്ആപ്പിനോടും സഹായിച്ച സുഹൃത്തുക്കളോടും അളവറ്റ നന്ദിയും.

നഷ്ടപ്പെടുമായിരുന്ന രണ്ടു ജീവനുകളാണ് അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് സന്തോഷത്തോടെ ചിരിച്ചകലുന്നത്. ശാസ്ത്രം ജയിക്കുന്നു എന്നുപറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

-------------
വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ കരയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു രാജ്യമാണ് സൗത്ത് സുഡാന്‍. ജൂബയാണ് തലസ്ഥാനം. 2011 ജൂലായ് 9ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തന്നെ ആഭ്യന്തരകലാപം സൗത്ത് സുഡാനെ ഉലച്ചിരുന്നു. ആദ്യമന്ത്രിസഭാ യോഗത്തില്‍തന്നെ വെടിപൊട്ടി. പ്രസിഡണ്ടിന്റെ ഗോത്രമായ ഡിങ്കയും വൈസ് പ്രസിഡണ്ടിന്റെ ഗോത്രമായ ന്യൂവറും തമ്മിലുളള വൈരം രൂക്ഷമായി. എട്ടു ക്യാബിനറ്റ് മന്ത്രിമാരാണ് അന്ന് ഗോത്രവൈരത്തിന്റെ ഇരയായത്.

ഡിങ്ക ഗോത്രക്കാരനായ രാഷ്ട്രപതി ന്യൂവര്‍ ഗോത്രക്കാരനായ ഉപരാഷ്ട്രപതിയെ വീട്ടുതടങ്കലിലാക്കിയതോടെ കലാപം മൂര്‍ച്ഛിച്ചു. ഏറ്റവും രൂക്ഷമായ കലാപം നടന്നത് 2013 ഡിസംബറിലാണ്. സൗത്ത് സുഡാനിലെ ഐക്യരാഷ്ട്രസേനയുടെ സംരംക്ഷണമുളള അഭയാര്‍ത്ഥി ക്യാമ്പില്‍ ലക്ഷകണക്കിനാളുകള്‍ അഭയം തേടിയെത്തി. ആഭ്യന്തരകലാപം ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ലാത്തതിനാല്‍ അതിലും കൂടുതല്‍ പേര്‍ അയല്‍രാജ്യങ്ങളായ ഉഗാണ്ട, കെനിയ, എത്യോപ്പിയ എന്നിവിടങ്ങളില്‍ അഭയം തേടി.

ഇതെഴുതുമ്പോഴും സ്വേച്ഛാധിപത്യം ഉന്‍മൂലനം ചെയ്ത് ജനാധിപത്യം ഉറപ്പുവരുത്താതെ സര്‍ക്കാര്‍ സംവിധാനം സ്വീകരിക്കാന്‍ തയ്യാറില്ലെന്നാണ് സുഡാനീസ് വിമത കമാണ്ടറായ ജനറല്‍ ഡൗ അതുര്‍ജോങ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്താണ് അഭയാര്‍ത്ഥി ക്യാമ്പ്. അതിനുള്ളില്‍തന്നെയാണ് ആസ്പത്രിയും. ക്യാമ്പ് എന്ന് പറയുമ്പോള്‍ തദ്ദേശീയമായി ലഭിക്കുന്ന കമ്പുകള്‍ നാട്ടി ടാര്‍പോളിന്‍ മേല്‍ക്കൂരയുളള കുടിലുകളാണ്. ചതുപ്പുനിലം മഴക്കാലമായാല്‍ ചളിക്കുണ്ടാവും, ചൂടുകാലത്ത് അസഹനീയമായ ചൂടും. ഓരോ കുടിലിലും കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം 10 മുതല്‍ 15 ഓളം പേര്‍ തിങ്ങിപ്പാര്‍ക്കുന്നു.

ഈ ദുരിതക്കടലില്‍ തന്നെ കൊച്ചുകൊച്ചു വഴക്കുകളുണ്ടാവും, തമ്മിലടിച്ചു തീര്‍ക്കും. പോലീസ്, കോടതി ഇതൊന്നും ഇവര്‍ക്ക് ബാധകമല്ല. മലേറിയ ഇവിടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പ്രത്യേകിച്ചും കുട്ടികളിലാണ് രൂക്ഷമായ മലേറിയ ബാധ. ഇതുമൂലം കുട്ടികളില്‍ അനീമിയയും ക്ഷയരോഗവും വ്യാപകം. പോഷകാഹാരക്കുറവിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല.

ഇവരുടെയൊക്കെ ചികിത്സാര്‍ത്ഥമാണ് ഈ ആസ്പത്രി ഉണ്ടായതുതന്നെ. ആസ്പത്രി എന്നു പറയുന്നത് നാലു കൂറ്റന്‍ ടെന്റുകള്‍ക്കകത്താണ്. പരമിതമായ സൗകര്യങ്ങള്‍. മറ്റുളളവര്‍ വെടിവെയ്ക്കുകയോ തല്ലിക്കൊല്ലുകയോ ചെയ്യുമെന്ന ഭയത്താല്‍ ക്യാമ്പിന് പുറത്തുപോയി ചികിത്സ നേടാന്‍ ആരും ഒരുമ്പെടില്ല. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സേനകളുല്‍പ്പെടുന്ന ഐക്യരാഷ്ട്രസംഘടനയുടെ സൈന്യത്തെ അവിടെ വിന്യസിച്ചിട്ടുണ്ട്. അതിന്റെ മേധാവി നീരജ ശര്‍മ്മ എന്ന ഇന്ത്യന്‍ വനിതയായിരുന്നു.

15 വര്‍ഷങ്ങളായി 'മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സി'ല്‍ അംഗമായിട്ട്. നാല്‍പ്പതിലേറെ രാജ്യങ്ങള്‍. കലാപങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, പ്രകൃതിദുരന്തങ്ങള്‍. ഏറെ പ്രിയതരമെന്നു കരുതുന്ന ജീവന്‍ ഇത്രയേ ഉളളൂ എന്ന് പഠിച്ചു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കൊരു മറുപുറമുണ്ട്. ഞാന്‍ ക്യാമ്പിലെത്തിയതിന്റെ തൊട്ടടുത്തയാഴ്ച ഗുരുതരമായി പരിക്കേറ്റ് പതിനഞ്ചോളം പേര്‍ ക്യാമ്പിന്റെ പലഭാഗത്തുനിന്നുമായി എത്തിച്ചേര്‍ന്നു. ആസ്പത്രിയിലെ തിയേറ്ററില്‍ സര്‍ജറി ചെയ്യുകയായിരുന്നു ഞാന്‍. തിയേറ്ററിലേക്ക് രണ്ടുപേര്‍ ഓടിക്കയറി. കാര്യമന്വേഷിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം വന്നതാണെന്ന് പറഞ്ഞു.

പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു ഭാഗത്ത് പൊരിഞ്ഞ അടി നടക്കുന്നു. കല്ലുകളും വടികളുമായി ആളുകള്‍ ചിതറിയോടുന്നു. ചിലര്‍ സെക്യൂരിറ്റിക്കാരനുമായി വാഗ്വാദം നടത്തുന്നു. തിയേറ്റില്‍ കടന്നുകൂടിയവരെ ഇറക്കിവിടണമെന്ന് അവരുടെ ആവശ്യം. അക്രമാസക്തമായ ആള്‍ക്കൂട്ടം. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍. ഗോത്രവൈരം ജന്മാന്തരങ്ങളായി രക്തിത്തിലലിഞ്ഞു ചേര്‍ന്നവര്‍.

ഒടുവില്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ഐക്യരാഷ്ട്രസേനയെ വിളിച്ചുവരുത്തുന്നതിനിടെ ആസ്പത്രിയുടെ നേര്‍ക്ക് കല്ലേറുതുടങ്ങി. രക്ഷിക്കാനെത്തിയവരെ ശിക്ഷിക്കുന്ന അവസ്ഥ ഒടുവില്‍ എങ്ങനെയൊക്കെയോ ഒരു വണ്ടി ഏര്‍പ്പാടാക്കി ആസ്പത്രി ജീവനക്കാരെയുംകൊണ്ട് യു.എന്‍.ഓഫീസിലെത്തി.

യു.എന്‍.സമാധാനസേനയുമായുള്ള ചര്‍ച്ചകളുടെ ഫലമായി സ്ഥിതിഗതികള്‍ ശാന്തമായി. അതിനുശേഷമാണ് പരിക്കേറ്റവരെ ചികിത്സിക്കാനായത്. അവരോട് കാര്യമന്വേഷിച്ചപ്പോഴാണ് അറിയുന്നത്, സംഗതി സ്ത്രീവിഷയമാണെന്ന്.

ബണ്ടുവില്‍ നിന്നും അഭയാര്‍ത്ഥിക്യാമ്പിലെത്തിയ ന്യുവര്‍ ഗോത്രത്തില്‍പ്പെട്ട രണ്ടുകുട്ടികളുള്ള ഒരു സ്ത്രീയാണ് കഥാനായിക. ന്യുവര്‍ സൈന്യത്തിലംഗമായ ഭര്‍ത്താവ് യുദ്ധത്തിന് പോയ തക്കത്തിന് ഇവള്‍ ജൂബയില്‍ നിന്നുള്ള ഒരു ന്യുവര്‍ യുവാവുമായി പ്രണയത്തിലായി, ഗര്‍ഭിണിയായി.

പ്രണയം ഒളിച്ചുവെയ്ക്കാം, ഗര്‍ഭം അങ്ങനെയല്ലല്ലോ. ഭര്‍ത്താവിന്റെ വീട്ടുകാരും കൂട്ടുകാരും അറിഞ്ഞപ്പോള്‍ വന്‍പ്രശ്‌നമായി. ബണ്ടു ന്യുവറുകളുടെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു, ജൂബാ ന്യുവര്‍ ചെക്കന്റെ ഈ പ്രവൃത്തി. ബണ്ടു ന്യുവറുകള്‍, ജൂബാ ന്യൂവര്‍ കാമുകനെ കൈകാര്യം ചെയ്യാനായി കല്ല്, കമ്പ് തുടങ്ങിയ മാരകായുധങ്ങളുമായി വന്‍സന്നാഹമൊരുക്കി.

എന്നാല്‍ കാമുകി ഈ വിവരം രഹസ്യമായി കാമുകനെ അറിയിച്ചു. അവര്‍ ആരുമറിയാതെ അവിടുന്നു കടന്നു. ബണ്ടു ന്യുവറുകള്‍ സന്നാഹവുമായി ജൂബാ കാമുകന്റെ ടെന്റിലെത്തിയപ്പോള്‍ അവന്റെ വീട്ടുകാരേയും സുഹൃത്തുക്കളേയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ തട്ടുകതന്നെ. കാമുകനെ കിട്ടാത്ത അരിശത്തില്‍ അവര്‍ ചെക്കന്റെ ബന്ധുക്കളെയും ആക്രമിച്ചു. ഇതായിരുന്നു സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റ പതിനഞ്ചുപേരെ പ്രഥമശുശ്രൂഷ നല്‍കി തിരിച്ചയച്ചു. ഗുരുതരമായ പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം റൗണ്ട്‌സിനു ചെന്നപ്പോള്‍ ഭയങ്കര ബഹളം നടക്കുന്നു. ചിലയിടങ്ങളില്‍ ടെന്റുകള്‍ കത്തുന്നു, ചിലര്‍ സ്ത്രീകളെ ഓടിക്കുന്നു. വീണ്ടും ആശുപത്രി ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു. യുഎന്‍ സമാധാനസേനയെ വിളിച്ചുവരുത്തി.

പെട്ടെന്നുണ്ടായ ആക്രമണത്തിനു കാരണം, തലേദിവസം ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത ജൂബാ ന്യൂവറുകളായ അഞ്ചുപേരിലൊരാള്‍ മരിച്ചുവെന്ന് ആരോ പ്രചരിപ്പിച്ചതാണ്. തുടര്‍ന്ന് ജൂബാ ന്യുവറുകള്‍ ബണ്ടു ന്യൂവറുകളെ ടെന്റില്‍ക്കടന്ന് ആക്രമിച്ചു. രണ്ടാമത്തെ ആക്രമണഫലമായി 80 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരുടെ തുടയെല്ല് പൊട്ടി (മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയാണ് ഫീമര്‍ എന്ന് തുടയെല്ല്). കൈകാലുകളിലെ എല്ലുകള്‍ പൊട്ടിയവര്‍ പത്തോളം. ആക്രമണത്തിനുപയോഗിച്ച വടിയിലുണ്ടായിരുന്ന ആണി തലയോട്ടിയില്‍ തുളഞ്ഞുകയറി ഒരാണ്‍കുട്ടിയുടെ ഒരുവശം തളര്‍ന്നു. രണ്ടുപേര്‍ക്ക് കാഴ്ചപോയി. ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയഞ്ചുപേര്‍ വേറെ.

കഥയിലെ ഏറ്റവും രസകരമായ ഭാഗം, മേല്‍സംഭവങ്ങള്‍ കാരണക്കാരായ കാമുകനും കാമുകിക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല എന്നുള്ളതാണ്. മാത്രവുമല്ല ഇതൊരൊറ്റപ്പെട്ട സംഭവുമായിരുന്നില്ല. ''രസകരമായ'' അനേകം സംഭവങ്ങളില്‍ ഒരുദാഹരണം മാത്രം. ഇവരെയൊക്കെ ചികിത്സിക്കാന്‍ വേണ്ടിയാണോ മറ്റൊരു ഭൂഖണ്ഡത്തില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതെന്ന് ആലോചിച്ചുപോയി.

ഗോത്രവൈരം ഇത്രമേല്‍ രക്തത്തില്‍ കലര്‍ന്നുപോയ ഇവരെ രക്ഷിക്കാന്‍ സൃഷ്ടാവായ തനിക്കുപോലും കഴിയില്ലല്ലോ എന്നോര്‍ത്താവാം സുഡാനെ സൃഷ്ടിച്ചശേഷം അള്ളാഹുപോലും ചിരിച്ചുപോയത്! (ചിത്രങ്ങള്‍: ലേഖകന്‍)

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, രാജ്യാന്തരസംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി'ന്റെ ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്. ഈമെയില്‍: santhoshkumarss@gmail.com, മൊബൈല്‍: 9447016512).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram